19 December 2024, Thursday
KSFE Galaxy Chits Banner 2

വാമനൻ, ഭൂമിതട്ടിപ്പുകാരുടെ ആദിപിതാവ്

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
September 1, 2022 5:15 am

മഹാകവി വൈലോപ്പിള്ളിയാണ് വാമനന്മാരെ കൃത്യമായി അടയാളപ്പെടുത്തിയത്. അവർ അധോമുഖരും ഇത്തിരിവട്ടം മാത്രം കാണുന്നവരും ഇത്തിരിവട്ടം ചിന്തിക്കുന്നവരുമാണ്. അവർ മൂവടി മണ്ണ് ഇരന്നുകവരുന്നവരാണ്. അല്പസുഖത്തിന്റെ പാവകളിച്ചു മയങ്ങുന്നവരാണ്. വാമനൻ ഭൂമിതട്ടിപ്പുകാരുടെ പ്രതീകമാണ്. ഗോത്രത്തലവന്റെ കാരുണ്യം മുതലെടുത്ത് മണ്ണ് കൈക്കലാക്കുകയും ഗോത്രത്തലവനെത്തന്നെ നെറുകയിൽ ചവിട്ടിക്കൊല്ലുകയും ചെയ്യുന്നത് അവരാണ്.
തമിഴരുടെ ഇഷ്ടദൈവമായ മുരുകനെയും മലയാളികളുടെ പ്രിയനാടുവാഴിയായ മഹാബലിയെയും ഭാരതീയപുരാണങ്ങളിൽ നിന്നും ദ്രാവിഡജനത സ്വന്തമാക്കിയതാണ്. കഥയനുസരിച്ച്, ദേവന്മാരുടെ അസൂയയാണ് മഹാബലിയുടെ ദുർമ്മരണത്തിന് കാരണമായത്. പ്രജാക്ഷേമത്തിൽ മാത്രം തല്പരനായ മഹാബലിയെന്ന രാജാവിനെ ഇല്ലാതാക്കാൻ മഹാവിഷ്ണുവാണ് ക്വട്ടേഷനെടുക്കുന്നത്. അദ്ദേഹം വാമനനായി വേഷംകെട്ടി മഹാബലിയുടെ ത്യാഗസന്നദ്ധതയെ മുതലാക്കി നശിപ്പിക്കുന്നു. മഹാബലിയുടെ ഭാര്യയായ വിന്ധ്യാവലിയുടെ നിലവിളിയാണ് പുരാണത്തിലെ ഏറ്റവും വലിയ നിലവിളി. ഭാവത്തിൻ പരകോടിയിൽ സ്വയമഭാവത്തിൻ സ്വഭാവം വരാമെന്നു പറഞ്ഞതുപോലെ പുരാണം രചിച്ച വിശ്വമഹാകവി ആ നിലവിളിയുടെ ആഴം മൗനത്തിന്റെ ഭാഷയിൽ രചിച്ച് വായനക്കാർക്ക് വിട്ടുതന്നിരിക്കയാണ്. വാമനൻ, മഹാബലിയോടും അദ്ദേഹത്തിന്റെ പ്രജകളോടും കാട്ടിയത് തികഞ്ഞ അനീതിയാണ്. വാർഷിക പരോളാണ് ആ നിരപരാധിക്ക് അനുവദിച്ചിട്ടുള്ളത്.

കാസർകോട്ടെ തുളുവരുടെ ബലീന്ദ്രൻ പാട്ടിൽ മഹാബലിക്ക് ഒരു പ്രധാന ഓഫർ നല്കുന്നുണ്ട്. അത് ഭൂമി തിരിച്ചു തരാമെന്നതാണ്. എന്നു തിരിച്ചുതരുമെന്നും പറയുന്നുണ്ട്. ഉപ്പ് കർപ്പൂരമാകുന്ന കാലത്ത്. ഉഴുന്ന് മദ്ദളമാകുന്ന കാലത്ത്. കുന്നിമണിയിലെ കറുത്തകല മായുന്നകാലത്ത്. മരംകൊത്തി തലപ്പൂവ് അഴിച്ചുവയ്ക്കുന്നകാലത്ത്. ഡാർവിന്റെ പരിണാമസിദ്ധാന്തത്തിൽ പോലും ഇത്ര നീണ്ട ഒരു കാലയളവില്ല. തിരിച്ചുകൊടുക്കില്ലെന്നാണല്ലോ ഈ ഓഫറിലൂടെ പറയുന്നത്. നഷ്ടപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള സമരത്തിലാണ് മഹാബലിയുടെ പിൻഗാമികളായ ആദിവാസികൾ. അതിൽ ഇന്ത്യയിലെ ഏറ്റവും നല്ല ഗായിക നഞ്ചിയമ്മയും ഒരു സമരസഖാവാണ്. ബാണാസുരൻ മലയും അണക്കെട്ടുമുള്ളത് കേരളത്തിൽ. ഉഷയെന്ന പേര് വ്യാപകമായിയുള്ളതും കേരളത്തിൽ. മഹാബലിയാണ് കേരളത്തിന്റെ താരം. വാമനനല്ല. ഇ ചന്ദ്രശേഖരൻ നായരുടെ ചിന്തയുടെ സാക്ഷാത്ക്കാരമായ മാവേലിസ്റ്റോറുകൾ ആരംഭിച്ചപ്പോൾ തൃശൂരിൽ വാമനന്റെ പേരിൽ ചില ബദൽ സ്റ്റോറുകളും തുടങ്ങിയിരുന്നു. ജനങ്ങളുടെ നിസഹകരണം മൂലം വാമന സ്റ്റോറുകളെല്ലാം പൂട്ടിപ്പോയി. മാവേലിസ്റ്റോറുകൾ ഇന്നും സേവനസന്നദ്ധമായി നിലനിൽക്കുന്നു.


ഇതുകൂടി വായിക്കു; കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ അഴിമതി | Janayugom Editorial


കേരളോല്പത്തിയെ സംബന്ധിച്ചു മറ്റൊരു കള്ളക്കഥയുണ്ട്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണത്രേ. ആ മാജിക്കല്ല കേരളമെന്ന് മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ എം മുകുന്ദൻ ഈയിടെ പറഞ്ഞിരുന്നു. ദശാവതാരങ്ങളിൽ അഞ്ചാമത്തെ വേഷമാണ് വാമനൻ. ആ വേഷം കെട്ടിയത് കേരളനാട് വാണിരുന്ന മഹാബലിയെ നശിപ്പിച്ച് കേരളീയരെ മുഴുവൻ ദുഃഖിപ്പിക്കാനാണ്. അപ്പോൾ പിന്നീട് കെട്ടിയ പരശുരാമവേഷം ഏത് കേരളമാണ് കോടാലി കടലിലെറിഞ്ഞു സൃഷ്ടിച്ചത്? മഹാബലിയും പരശുരാമനും തമ്മിലൊരു യുദ്ധം എന്ന വയലാർക്കവിതയിൽ ഈ വിഷയം മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. കുന്നലനാടിനെ കൊള്ളയടിക്കാൻ കോടാലിയുമായി വന്ന ഭൂദാനയജ്ഞ പ്രവർത്തകനായ കള്ളൻ എന്നാണ് വയലാർ പരശുരാമനെ വിശേഷിപ്പിക്കുന്നത്. പടിയിറങ്ങിപ്പോയ കടലിന്റെ വീടാണ് കേരളം. കടലിന്റെ സമ്മാനം. ഇതിൽ കോടാലിക്കോ കെട്ടുകഥയിലെ ജാവലിൻ ത്രോ വിദഗ്ധർക്കോ ഒരു പങ്കുമില്ല.


ഇതുകൂടി വായിക്കു; ഗവര്‍ണര്‍ പദവി ആര്‍ക്കാണ് അനിവാര്യം | Janayugom Editorial


ഓണപ്പതിപ്പുകൾ ഇറങ്ങുന്നതിന് മുൻപേ ഓണക്കിറ്റുകൾ നൽകിക്കൊണ്ട് കേരള സർക്കാർ ഓണത്തിന്റെ വരവറിയിച്ചിരിക്കുന്നു. മുതുപിലാക്കാട്ടെ ഒരു യോഗത്തിൽ വച്ച് തമാശയായി ചോദിച്ചു. ഇപ്പോൾ ഒരു തെരഞ്ഞെടുപ്പ് വരുകയും മാവേലിയും വാമനനും സ്ഥാനാർത്ഥികളാവുകയും ചെയ്താൽ നിങ്ങൾ ആർക്ക് വോട്ടുചെയ്യും? മാവേലിക്ക് എന്നായിരുന്നു കൂട്ടായ മറുപടി. വാമനന് കെട്ടിവച്ച കാശ് പോലും കിട്ടില്ല. അതാണ് മലയാളിമനസ്. അതിനാൽ മനുവാദികളാരെങ്കിലും ഓണക്കാലത്തു മലയാളികൾക്ക് വാമനജയന്തി ആശംസിച്ചാൽ ആ ആശംസ കീറിയെറിയാനുള്ള ഇടം കൂടി അറബിക്കടലിലുണ്ട്. അറബിക്കടൽ മലിനമാകുമെങ്കിൽക്കൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.