19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 11, 2024
November 8, 2024
November 3, 2024
October 31, 2024
October 30, 2024
October 29, 2024
October 28, 2024
October 26, 2024
October 26, 2024

ലഹരിക്കടിമപ്പെടുന്ന പുതുതലമുറ

സത്യന്‍ മൊകേരി
September 7, 2022 5:30 am

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ കാണാനിടയായ രണ്ട് വീഡിയോകള്‍ കേരളത്തിന്റെ മനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ ഇരകളായ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ ഏത് അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആ വീഡിയോ ദൃശ്യങ്ങള്‍. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ (ആണ്‍കുട്ടികളും പെണ്‍കുട്ടികളും) ലഹരിക്കടിമപ്പെട്ട് കാണിച്ചുകൂട്ടിയ രംഗങ്ങള്‍ നമ്മുടെ പുതിയ തലമുറ എവിടെ എത്തിയെന്ന് വ്യക്തമാക്കുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങിയ ഒരുസംഘം യാത്രകഴിഞ്ഞുവന്നതാണ് എന്ന് മനസിലാക്കാം. ഒരു വിദ്യാര്‍ത്ഥി ലഹരിക്കടിമപ്പെട്ട് വിളിച്ചുപറയുന്നതായി കേള്‍ക്കാം. ‘എന്തിന്, എന്തിന്, അതുപറ, അതുപറ’ എന്ന്. ലഹരിക്കടിമപ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും. അവര്‍ എന്തെല്ലാമോ വിളിച്ചുപറയുന്നു. അവര്‍ക്ക് കാല്‍ തറയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല.

കൗമാരപ്രായക്കാരായ അവരെ നിയന്ത്രിക്കുന്നതിന് ബസ് സ്റ്റാന്‍ഡില്‍ എത്തിയ പൊലീസുകാര്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഞങ്ങള്‍ക്കും മക്കളില്ലേ എന്ന മനോഭാവത്തില്‍ വളരെ സൗഹൃദമായാണ് പൊലീസുകാര്‍ ലഹരിക്കടിമപ്പെട്ട വിദ്യാര്‍ത്ഥികളെ സമീപിക്കുന്നത്. ആ കുട്ടികള്‍ സ്ഥലകാലബോധമില്ലാതെ പെരുമാറുന്നത് വീഡിയോയിലൂടെ കാണാം. എവിടേക്കാണ് പുതിയ തലമുറ സഞ്ചരിക്കുന്നത്. മറ്റൊരു വീഡിയോയും ഈ ദിവസങ്ങളില്‍തന്നെ കാണാന്‍ കഴിഞ്ഞു. സംസ്ഥാനത്തെ ഒരു വിദ്യാലയത്തിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഒത്തുചേര്‍ന്ന് ലഹരി പുകയ്ക്കുന്നതും ആസ്വദിക്കുന്നതും ലഹരിയില്‍ കുഴഞ്ഞാടുന്നതുമായ ദൃശ്യങ്ങള്‍. നമ്മുടെ ‍കുട്ടികള്‍ എങ്ങോട്ടാണ് സഞ്ചരിക്കുന്നത്? ഒറ്റപ്പെട്ടതല്ല ഈ ദൃശ്യങ്ങള്‍. കേരളം ആകെ പടര്‍ന്നുപിടിക്കുന്ന പുതിയ തലമുറയിലെ ലഹരിയോടുള്ള അഭിനിവേശമാണ് വീഡിയോകളിലൂടെ വ്യക്തമാകുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ 21 വയസില്‍ താഴെ പ്രായമുള്ള 3,933 പേരാണ് ലഹരി ചികിത്സ തേടിയത്. അവരെല്ലാം വിദ്യാര്‍ത്ഥികളുമാണ്. അവരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ 40 ശതമാനമാണ്. എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തിയില്‍ ചികിത്സ തേടി കഴിഞ്ഞ 16 മാസത്തിനുള്ളില്‍ 3119 വിദ്യാര്‍ത്ഥികള്‍ എത്തുകയുണ്ടായി. കൂടാതെ കൗണ്‍സിലിങ്ങിനായി 219 വിദ്യാര്‍ത്ഥികളും സെന്ററുകളില്‍ എത്തിയിരുന്നു. മയക്കുമരുന്ന് കടത്തിനും വില്പനയ്ക്കുമായി വിദ്യാര്‍ത്ഥികളെ മയക്കുമരുന്ന് മാഫിയ ഉപയോഗിക്കുന്നുണ്ട്. 2021 – 22 വര്‍ഷത്തില്‍ 852 വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്ന് കടത്തുമ്പോള്‍ പിടിയിലായി. പരീക്ഷാ സമയത്തും ആഘോഷങ്ങള്‍ നടക്കുന്ന സന്ദര്‍ഭത്തിലും മയക്കുമരുന്ന് ഉപയോഗിക്കുന്നത് വ്യാപകമാകുകയാണെന്നാണ് ഞെട്ടിക്കുന്ന വിവരം.


ഇതുകൂടി വായിക്കൂ: ഉത്തരേന്ത്യയില്‍ ശമിക്കാതെ രാഷ്ട്രീയച്ചൂട്


കോട്ടയത്ത് ഒരു മയക്കുമരുന്ന് ചികിത്സാ കേന്ദ്രത്തില്‍ മയക്കുമരുന്നിനിരകളായ 72 കുട്ടികള്‍ ചികിത്സയ്ക്കെത്തിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ദിവസവും നാലഞ്ചു കുട്ടികള്‍ ഒരു കേന്ദ്രത്തില്‍ മാത്രം ചികിത്സയ്ക്കായി എത്തുന്നുണ്ട്. കേരളത്തിലെ കാമ്പസുകളിലും വിദ്യാലയങ്ങളിലും അരാഷ്ട്രീയം ശക്തിപ്പെടുന്നതിന്റെ പ്രത്യക്ഷോദാഹരണമാണിത്. വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപക സംഘടനകളും ജീവനക്കാരും ഗൗരവമായി ഈ വിഷയം കാണണം. അവരുടെ സംഘടനകള്‍ ഊര്‍ജിതമായി ഈ വിഷയത്തില്‍ ഇടപെടാന്‍ സമയമായിരിക്കുന്നു. വിദ്യാലയങ്ങളിലും കാമ്പസുകളിലും സര്‍ഗാത്മകമായ സംവാദങ്ങളും ബൗദ്ധിക തലത്തിലുള്ള സംഘടനാപ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയും പ്രകടമാണ്. ബൗദ്ധികതലത്തില്‍ ഉയര്‍ന്നുനില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നും അകന്നുനില്ക്കുന്നത് എന്തുകൊണ്ടാണ്? കൈക്കരുത്ത് കലാലയ സംഘടനാ പ്രവര്‍ത്തനത്തില്‍ മുന്‍കൈ നേടിയതാണ് ഈ അപചയത്തിന്റെ ഒരു പ്രധാന കാരണം. ഏക വിദ്യാര്‍ത്ഥി സംഘടന മാത്രമുള്ള വിദ്യാലയങ്ങളിലും കാമ്പസുകളിലും വ്യത്യസ്തമായ അഭിപ്രായം ഉയര്‍ന്നുവരില്ല. എല്ലാം ഏകകോണില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ മാത്രം. ജനാധിപത്യ സ്ഥാപനങ്ങള്‍ തന്നെ ഇല്ലാതാകുന്നതാണ് ഇവിടെയെല്ലാം കാണുന്നത്. ശരിതെറ്റുകളെ കുറിച്ചുള്ള ചര്‍ച്ചകളില്ല, വിമര്‍ശനങ്ങളില്ല. വിദ്യാര്‍ത്ഥികളിലെ വഴിവിട്ട പ്രവൃത്തികള്‍ വിമര്‍ശിക്കപ്പെടുന്നില്ല. എന്തുചെയ്താലും അതിനെയെല്ലാം സംരക്ഷിക്കുന്ന പ്രവണതകളും ശക്തിപ്പെടുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ വളര്‍ന്നുവരുന്ന അനാശാസ്യമായ പ്രവര്‍ത്തനങ്ങളെ തിരുത്തിക്കുന്നതില്‍ ശക്തമായി ഇടപെടണം. വിദ്യാര്‍ത്ഥികളില്‍ അരാഷ്ട്രീയം കുത്തിവയ്ക്കുന്നതിന്റെ ഫലമാണ് നാം ഇന്ന് കാണുന്ന മൂല്യച്യുതികളുടെ കാരണങ്ങള്‍ എന്ന് തിരിച്ചറിയണം. ബോധപൂര്‍വമായി പുതിയ തലമുറയെ അരാഷ്ട്രീയവല്ക്കരിക്കാന്‍ നടത്തുന്ന നീക്കങ്ങള്‍ വിദ്യാര്‍ത്ഥികളെ ഒന്നിച്ച് അണിനിരത്തി പരാജയപ്പെടുത്തണം.

ചിന്തിക്കുന്ന, പ്രതിഷേധിക്കുന്ന, അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്ന, തെറ്റുകള്‍ക്കെതിരെ കലഹിക്കുന്ന പുതിയ തലമുറ ഉണ്ടാകരുത് എന്നതാണ് നവലബിറല്‍ ശക്തികള്‍ ആഗ്രഹിക്കുന്നത്. ലോകത്ത് എല്ലായിടത്തും പുതിയ തലമുറയെ പാകപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ട്. അത് തിരിച്ചറിയണം. മയക്കുമരുന്ന് യാതൊരു തടസങ്ങളുമില്ലാതെ മുക്കിലും മൂലയിലും എത്തുന്നുണ്ട്. വിദ്യാലയങ്ങളും കാമ്പസുകളും അതിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. വിദേശരാജ്യങ്ങളില്‍ നിന്ന് വിവിധ വഴികളിലൂടെ യഥേഷ്ടം മയക്കുമരുന്നുകള്‍ രാജ്യത്ത് എത്തുന്നു. വൈകാതെ നമ്മുടെ സംസ്ഥാനത്തും എത്തിക്കുന്നു. ഗുജറാത്ത്, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് അടുത്തകാലത്തായി ഇന്റലിജന്‍സും കോസ്റ്റ്‍ഗാര്‍ഡും ചേര്‍ന്ന് ഏകദേശം 1500 കോടി രൂപയുടെ മയക്കുമരുന്നുകളാണ് പിടികൂടിയത്. നമ്മുടെ രാജ്യത്തേക്ക് കടത്തിയതിന്റെ ചുരുങ്ങിയ ഒരു ഭാഗം മാത്രമാണിത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നും 54 കിലോയിലധികം വരുന്ന കൊക്കൈയിനാണ് ഈയിടെ പിടിച്ചെടുത്തത്. രാജ്യത്തിലെ പ്രധാന തുറമുഖങ്ങളും വിമാനത്താവളങ്ങളും സ്വകാര്യമേഖലയ്ക്ക് കൈമാറിയതോടെ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബിക്ക് അവരുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ വ്യാപിപ്പിക്കുന്നത് എളുപ്പമായി. സ്വകാര്യ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ഗവണ്‍മെന്റ് നേരിട്ട് പരിശോധന നടത്തുന്നതിനും പിടികൂടുന്നതിനും പലപ്പോഴും കഴിയാതെ വരുന്നുണ്ട്. സ്വകാര്യമേഖല ലഹരിമരുന്ന് ലോബിക്ക് പിന്തുണ നല്കുകയാണ്.


ഇതുകൂടി വായിക്കൂ:  അശോക ചക്രവർത്തിയുടെ സിംഹങ്ങൾ


2021 – 22 വര്‍ഷത്തില്‍ 7553 കിലോ കഞ്ചാവ്, 37,349ലധികം ഗ്രാം ഹാഷിഷ് ഓയില്‍, 1,01,655 ഗ്രാമില്‍ അധികം വരുന്ന എംഡിഎംഎ എന്നിവ കേരളത്തില്‍ പിടികൂടിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് എത്തിയതിന്റെ ചെറിയ ഭാഗമാണിത്. പുതിയ തലമുറയെ പൂര്‍ണമായും മരവിപ്പിക്കുന്ന സിന്തറ്റിക് ഡ്രഗ്ഗുകള്‍ കേരളത്തില്‍ ഏറെ പ്രചാരത്തിലുണ്ട് എന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവര്‍ വ്യക്തമാക്കുന്നത്. കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിടുന്ന മയക്കുമരുന്ന് മാഫിയ ഗ്രാമങ്ങളില്‍ വരെ എത്തിയിരിക്കുകയാണ്. അവരുടെ ശൃംഖല എല്ലായിടത്തും വ്യാപിപ്പിക്കുകയാണ്. കേരളത്തിലെ മയക്കുമരുന്ന് വ്യാപനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ ജാഗ്രതയോടെ നടപടികള്‍ ആരംഭിച്ചത് ആശ്വാസകരമാണ്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും സ്ത്രീകളെയും അണിനിരത്തി വിപുലമായ പ്രചരണ പരിപാടി ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരിക്കുന്നു. പ്രാദേശികതലംതൊട്ട് പ്രചരണ പരിപാടികള്‍ നടപ്പിലാക്കണം. എല്ലാ വീടുകളെയും ക്യാമ്പയിനില്‍ ബന്ധപ്പെടുത്താന്‍ കഴിയണം. പുതിയ തലമുറയെ അവരുടെ കരുത്തോടെ മുന്നോട്ട് നയിക്കാന്‍ നമുക്ക് കഴിയേണ്ടതായിട്ടുണ്ട്. അവരെ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തുകതന്നെ വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.