19 December 2024, Thursday
KSFE Galaxy Chits Banner 2

ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവ്

Janayugom Webdesk
അഹമ്മദാബാദ്​
September 16, 2022 9:53 pm

2016ല്‍ റോഡ് ഉപരോധിച്ച കേസില്‍ ഗുജറാത്തിലെ എംഎല്‍എ ജിഗ്നേഷ് മേവാനിക്ക് ആറ് മാസം തടവ് ശിക്ഷ. അഹമ്മദാബാദിലെ മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് പി എന്‍ ഗോസ്വാമിയാണ് ശിക്ഷ വിധിച്ചത്. നിയമ വകുപ്പിന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് അംബേദ്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയെ തുടര്‍ന്നായിരുന്നു കേസ്. വദ്ഗാമില്‍ നിന്നുള്ള എംഎല്‍എയായ ജിഗ്നേഷ് മേവാനി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കൂടിയാണ്. കലാപം സൃഷ്ടിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് മേവാനിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എതിരെ ചുമത്തിയിരുന്നത്.

ആറു മാസം തടവും 700 രൂപ പിഴയുമാണ് ശിക്ഷ. വിധിയെ ചോദ്യംചെയ്യാന്‍ പ്രതികളെ അനുവദിച്ചുകൊണ്ട് ഉത്തരവ് കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. രാകേഷ് മഹേരിയ, സുബോധ് പര്‍മര്‍, ദീക്ഷിത് പര്‍മര്‍ എന്നിവര്‍ക്കാണ് മേവാനിക്കൊപ്പം ശിക്ഷ ലഭിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മേവാനി പ്രതികരിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ എല്ലാ ബലാത്സംഗികളെയും ജയിലില്‍ നിന്ന് മോചിപ്പിച്ചു. അവരെ ഹാരമണിയിച്ചു. അവരുടെ സ്വഭാവം വളരെ മികച്ചതാണെന്ന് പറഞ്ഞു. ഗുജറാത്ത് ബിജെപി അധ്യക്ഷന്‍ സി ആര്‍ പാട്ടീലിനെതിരെ 108 കേസുകള്‍ ഉണ്ട്. ഒരു കേസിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടില്ല.

എന്നാല്‍ ബാബാ സാഹേബ് അംബേദ്കറുടെ പേരില്‍ ഒരു കെട്ടിടം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് റാലി നടത്തിയതിന് ആറ് മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഏപ്രിലിൽ മേവാനിയെ പ്രധാനമന്ത്രി മോഡിക്കെതിരായ രണ്ട് ട്വീറ്റുകളുടെ പേരില്‍ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: Jig­nesh Mevani gets 6‑month jail term in 2016 case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.