20 November 2024, Wednesday
KSFE Galaxy Chits Banner 2

പുതിയ ടെലികോം ബില്‍: സ്വകാര്യതയെ ഹനിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
September 24, 2022 10:48 pm

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ടെലികോം ബില്‍ പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നതിനുള്ള കുറുക്കുവഴിയെന്ന് ആരോപണം. വാട്സ്ആപ്പ്, സിഗ്നല്‍ തുടങ്ങിയ ഇന്റര്‍നെറ്റ് അധിഷ്ഠിത മെസേജിങ് ആപ്പുകളുടെമേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയമമാണ് ഒരുങ്ങുന്നത്.
എന്‍ക്രിപ്റ്റഡ് (മറ്റുള്ളവർ അറിയാതിരിക്കാൻ രഹസ്യകോഡുകൾ നൽകൽ) മെസേജുകള്‍ തുറന്നുലഭിക്കുന്ന രീതിയിലുള്ള ചട്ടങ്ങള്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. പുതിയ നിയമം നടപ്പിലാകുന്നതോടെ വാട്ട്‌സ്ആപ്പിലൂടെയും മറ്റ് സമാന ആപ്ലിക്കേഷനുകളിലൂടെയും ചെയ്യുന്ന എല്ലാ വീഡിയോ, ശബ്ദ കോളുകളിലേക്കും സർക്കാരിന് കടന്നു കയറാന്‍ കഴിയും. ഇത് ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും വാഗ്ദാനം ചെയ്യുകയും മുൻഗണന നൽകുകയും ചെയ്യുന്ന ഒടിടി ആശയവിനിമയ സേവന വ്യവസായത്തെ വലിയ തോതിൽ ബാധിക്കും.
മെസേജ് ആപ്പുകള്‍ നല്‍കുന്ന ഏറ്റവും വലിയ സുരക്ഷാ സംവിധാനമാണ് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ. ആപ്ലിക്കേഷന്‍ വഴി അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പാക്കുന്നതാണിത്. ഈ എന്‍ക്രിപ്ഷന്‍ മറികടക്കാനാണ് ബില്ലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമം, 1933ലെ ഇന്ത്യന്‍ വയര്‍ലെസ് ടെലിഗ്രാഫി നിയമം തുടങ്ങിയവ പരിഷ്‌കരിച്ചാണ് പുതിയ നിയമഭേദഗതി. ടെലികോം മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ബില്ലില്‍ സര്‍ക്കാര്‍ പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ക്ഷണിച്ചിട്ടുണ്ട്.
ഏതെങ്കിലും പൊതു അടിയന്തര സാഹചര്യങ്ങളിലോ ജനങ്ങളുടെ താല്പര്യത്തിനോ കേന്ദ്രമോ സംസ്ഥാന സർക്കാരോ ആവശ്യപ്പെട്ടാല്‍ എൻക്രിപ്ഷൻ ഒഴിവാക്കിനല്‍കണമെന്നാണ് കരടില്‍ പറയുന്നത്. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും അപകടത്തിലാണെന്ന വാദമുയര്‍ത്തി ആരുടെയെങ്കിലും സ്വകാര്യ സംഭാഷണത്തിലേക്ക് തലയിടാന്‍ ഇതിലൂടെ സര്‍ക്കാരിന് സാധിക്കും.
ഈ ബിൽ നിയമമായാൽ, നിരവധി മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്നത് സര്‍ക്കാരിനും കമ്പനികള്‍ക്കും ഏറെ ശ്രമകരമാകും. ആരുടെയും സ്വകാര്യ സംഭാഷണങ്ങളിലേക്ക് പ്രവേശിക്കാനാകുന്ന സമാനമായ സെന്‍സര്‍ഷിപ്പ് നിയമം അയൽരാജ്യമായ ചൈനയിൽ ഇതിനകം തന്നെയുണ്ട്. 

നിരീക്ഷണത്തിന് കൂടുതല്‍ അധികാരം 

ടെലികോം മേഖലയിലെ നിരീക്ഷണത്തില്‍ സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ബില്‍. ബ്രോഡ്കാസ്റ്റിങ് സേവനങ്ങള്‍, ഇലക്‌ട്രോണിക് മെയില്‍, വോയ്‌സ് മെയില്‍, വോയ്‌സ്, വീഡിയോ, ഡേറ്റാ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍, ഫിക്‌സഡ്, മൊബൈല്‍ സേവനങ്ങള്‍, ഇന്റര്‍നെറ്റ്, ബ്രോഡ്‌ബാന്‍ഡ് സേവനങ്ങള്‍, സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയ സേവനങ്ങള്‍, വ്യക്തിഗത ആശയവിനിമയ സേവനങ്ങള്‍, മെഷീന്‍-ടു-മെഷീന്‍ ആശയവിനിമയ സേവനങ്ങള്‍, ഒടിടി തുടങ്ങിയവ ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളില്‍ ഉള്‍പ്പെടുത്തും.
ബാങ്കുകളുടെ പേരില്‍ വരുന്ന സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ടുള്ള കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍ എന്നിവ തടയാനും ബില്ലില്‍ പുതിയ വ്യവസ്ഥകളുണ്ട്. 

Eng­lish Sum­ma­ry: New Tele­com Bill: Harms Privacy

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.