ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നടൻ വിജയൻ കാരന്തൂർ കരൾ മാറ്റിവയ്ക്കാൻ സഹായം അഭ്യർത്ഥിക്കുന്നു. രോഗം മൂർച്ഛിച്ച അവസ്ഥയിലാണ് ഇപ്പോൾ താനെന്നും കരള്‍ ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും സാമൂഹ്യമാധ്യമത്തിലൂടെ വിജയൻ കാരന്തൂര്‍ അഭ്യർഥിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരു തുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നുമാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പോംവഴിയെന്നും തനിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും കരൾ ദാതാവിനെ കണ്ടെത്താൻ സഹായിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
‘ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്‍തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തുകൊണ്ട് ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും എന്നെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയും ചെയ്യണമെന്ന് നിറകണ്ണുകളോടെ ഞാനപേക്ഷിക്കുന്നു’ എന്നും വിജയൻ കാരന്തൂർ ഫേസ്ബുക്കിൽ കുറിച്ചു. ‘ഒ’ പോസിറ്റീവ് രക്തഗ്രൂപ്പിൽപ്പെട്ട കരളാണ് ആവശ്യം. കരൾ നൽകാൻ തയാറുള്ളവർ 7994992071 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും വിജയൻ കാരന്തൂർ കുറിച്ചു.
ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് വിജയൻ കാരന്തൂർ. സിനിമയ്ക്ക് പുറമെ നിരവധി നാടകങ്ങളുടെയും ഭാഗമായിട്ടുണ്ട് അദ്ദേഹം. സംവിധായകനായും അഭിനയ പരിശീലകനായും പ്രവർത്തിച്ചു. 1973ൽ പ്രദർശനത്തിനെത്തിയ ‘മരം’ എന്ന ചിത്രത്തിലൂടെയാണ് വിജയൻ കാരന്തൂർ വെള്ളിത്തിരയിലെത്തുന്നത്.
‘വേഷം’, ‘ചന്ദ്രോത്സവം’, ‘വാസ്‍തവം’, ‘നസ്രാണി’, ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’, ‘പരുന്ത്’, ‘ഇയ്യോബിന്റെ പുസ്തകം’, ‘മായാവി’, ‘അണ്ടർ വേൾഡ്’, വിനോദയാത്ര, സോൾട്ട് ആൻഡ് പെപ്പർ തുടങ്ങിയവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
English Summary: Actor Vijayan Karanthur requests help for liver transplant
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.