പനി, ജലദോഷം, ചുമ തുടങ്ങിയവ ബാധിച്ച കുട്ടികള്‍ക്ക് വീണ്ടും അവ വരുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എങ്കിലും കുട്ടികളായതിനാല്‍ ശ്രദ്ധ വേണം. നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ട്രെന്‍ഡ് നിരന്തരം വിലയിരുത്തി വരുന്നു. ഐഎല്‍ഐ, എസ്എആര്‍ഐ എന്നിവയുടെ പര്യവേഷണം മുഖേന ഇത് നിരിക്ഷിച്ചു വരുന്നു. ഏതെങ്കിലും ജില്ലയിലോ പ്രദേശത്തോ രോഗത്തിന്റെ വര്‍ധനവുണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും പ്രതിരോധം ശക്തമാക്കാനും നിര്‍ദേശം നല്‍കി. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകള്‍ വഴി അവബോധം നല്‍കാനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
കുട്ടികള്‍ക്കുണ്ടാകേണ്ട പ്രതിരോധ ശേഷിയില്‍ കോവിഡ് കാലത്ത് ഏറ്റക്കുറച്ചിലുകളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇമ്മ്യൂണിറ്റി ഡെബ്റ്റ് എന്നാണ് ഇതിനെ അറിയപ്പെടുന്നത്. ആഗോളതലത്തില്‍ തന്നെ ഈയൊരു ഇമ്മ്യൂണിറ്റി ഡെബ്റ്റ് കാണപ്പെടുന്നുണ്ട്. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്. സ്‌കൂളുകള്‍ അടഞ്ഞു കിടന്ന സമയത്ത് കുട്ടികള്‍ക്ക് മറ്റുള്ളവരുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ പൊതുവേ അസുഖം കുറവായിരുന്നു. അതിനാല്‍ രോഗങ്ങളെ ചെറുക്കാനുള്ള പ്രതിരോധശേഷിയും കുറഞ്ഞു. എന്നാല്‍ അങ്കണവാടികളും സ്‌കൂളുകളും തുറന്നപ്പോള്‍ വീണ്ടും അണുക്കളുമായി കൂടുതല്‍ സമ്പര്‍ക്കം വരാം. ഒരു കുട്ടിയ്ക്ക് അസുഖം വന്നാല്‍ മറ്റുള്ളവരിലേക്ക് പകരാന്‍ വളരെ എളുപ്പമാണ്. വളരെ ചെറുതായി അസുഖം വന്നാലും കൂടാനും നീണ്ടുനില്‍ക്കാനും സാധ്യതയുണ്ട്. ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.
ശ്വാസംമുട്ടല്‍, കഫത്തില്‍ രക്തം, അസാധാരണ മയക്കം, തളര്‍ച്ച, നാക്കിലോ ചുണ്ടിലോ നഖത്തിലോ നീലനിറം, ശക്തിയായ പനി, അതിയായ തണുപ്പ്, ജെന്നി, ക്രമത്തില്‍ കൂടുതല്‍ വേഗതയിലുള്ള ശ്വാസമെടുപ്പ് എന്നീ അപായ സൂചനകള്‍ കണ്ടാല്‍ ഉടന്‍തന്നെ കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കേണ്ടതാണ്.
ശ്വാസമെടുപ്പിലൂടെയും അപായ സൂചന കണ്ടെത്താം. രണ്ട് മാസത്തിന് താഴെയുള്ള കുട്ടികള്‍ക്ക് 60ന് മുകളിലും, 2 മാസം മുതല്‍ 1 വയസുവരെ 50ന് മുകളിലും 1 വയസുമുതല്‍ 5 വയസുവരെ 40ന് മുകളിലും 5 വയസുമുതലുള്ള കുട്ടികള്‍ 30ന് മുകളിലും ഒരു മിനറ്റില്‍ ശ്വാസമെടുക്കുന്നതു കണ്ടാല്‍ ഡോക്ടറെ കാണിക്കേണ്ടതാണ്. കുട്ടി ഉറങ്ങുമ്പോഴോ, സ്വസ്ഥമായി ഇരിക്കുമ്പോഴോ ആണ് ഇതു നോക്കേണ്ടത്.
· മാസ്‌ക് കൃത്യമായി ധരിക്കണം
· ചുമ, തുമ്മല്‍ ഉണ്ടെങ്കില്‍ തൂവാല ഉപയോഗിക്കണം
· കൈ കഴുകുന്നത് ശീലമാക്കണം
· രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടികളെ സ്‌കൂളില്‍ വിടരുത്
· കുട്ടികള്‍ക്ക് ഇഷ്ടമുള്ള പോഷകാഹാരം, പാനീയം എന്നിവ നല്‍കണം
· തണുത്ത ആഹാരമോ പാനീയമോ നല്‍കരുത്
· ആഹാരം അളവ് കുറച്ച് കൂടുതല്‍ തവണ നല്‍കുക
· പോഷണഗുണമുള്ള ചൂടുപാനീയങ്ങള്‍ നല്‍കണം (ഉദാ: ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങ, ഉപ്പ് എന്നിവ ചേര്‍ത്ത് നല്‍കാം)
· പപ്പായ, മാങ്ങ തുടങ്ങി ലഭ്യമായ പഴങ്ങള്‍ നല്‍കണം
· രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കണം
· അപായ സൂചനകള്‍ കണ്ടാല്‍ ഡോക്ടറെ കാണണം
· കൃത്യമായി മരുന്ന് നല്‍കണം
English Summary: Fever again in children: Minister Veena George says no need to worry
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.