19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 18, 2024
September 26, 2024
September 14, 2024
September 6, 2024
September 5, 2024
July 3, 2024
June 30, 2024
June 27, 2024
June 19, 2024

എനിക്കിനിയും പൊരുതി നില്‍ക്കണം

ഷബ്നം റഹ്‌മാൻ
December 6, 2022 6:00 am

ബിൽക്കിസ് ബാനുവെന്ന അതിജീവിതയുടെ വാക്കുകളാണ് തലക്കെട്ട്. തീപ്പന്തങ്ങളും ത്രിശൂലങ്ങളും തിര നിറച്ച തോക്കുകളുമായി അട്ടഹസിച്ചെത്തിയവർക്കു മുന്നിൽ മാനവും ജീവിതവും കുടുംബമാകെയും നഷ്ടപ്പെടുമ്പോൾ ബിൽക്കിസ് ബാനുവിന് അന്ന് 21 വയസായിരുന്നു. 2002ലെ ഓർക്കുവാൻ പോലും സാധിക്കാത്ത ദിനരാത്രങ്ങൾ പക്ഷേ അവളെ അതിജീവിതയാക്കി മാറ്റുകയായിരുന്നു. ഇരുപതു വർഷങ്ങൾക്കിപ്പുറം 41-ാം വയസിൽ മുഖം മറയ്ക്കാതെ അവർ വീണ്ടും മാധ്യമങ്ങളുടെ മുന്നിലും പരമോന്നത കോടതിയിലുമെത്തി പുതിയ നിയമപോരാട്ടം തുടങ്ങിയിരിക്കുകയാണ്. ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തെളിയിക്കുന്നതിന് ഞാനെന്റെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് തന്നെ നിഷ്ഠുര ബലാത്സംഗത്തിനിരയാക്കി, കുടുംബങ്ങളെ കൊന്നൊടുക്കിയ കുറ്റവാളികളെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിട്ടയച്ചതിനെതിരെ ബിൽക്കിസിന്റെ പുതിയ പോരാട്ടം. തെരഞ്ഞെടുപ്പിൽ കുറച്ച് വോട്ടുകിട്ടുകയെന്ന ലാഭേച്ഛയോടെ, സാമുദായിക ധ്രുവീകരണത്തിനായാണ് സംഘ്പരിവാരത്തിന്റെ കൂലിത്തൊഴിലാളികളായ പ്രതികളെ ഗുജറാത്തിലെ ബിജെപി സർക്കാർ സാങ്കേതിക കാരണങ്ങൾ പറഞ്ഞ്, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തെ കൂട്ടുപിടിച്ച് വെറുതെ വിട്ടയച്ചത്.

അഞ്ചുമാസം ഗർഭിണിയായിരിക്കെയാണ് 2002 മാർച്ച് മൂന്നിന് ബിൽക്കിസ് കൂട്ട ബലാത്സംഗത്തിനിരയാകുന്നത്. ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിന് തീവച്ച് 53 കർസേവകർ മരിച്ചതിനെ തുടർന്ന് നാട്ടിൽ കലാപം ശക്തിപ്പെട്ടപ്പോൾ രാധികാപുർ എന്ന പ്രദേശത്തുനിന്ന് ഭയപ്പാടോടെ പലായനം ചെയ്തതായിരുന്നു ബിൽക്കിസും ബന്ധുക്കളും. മൂന്നരവയസുള്ള മകളടക്കം പതിനേഴംഗ കുടുംബവുമായി പലായനത്തിനിടെ ഛപർവാദിൽ അഭയാർത്ഥികളായ അവരെ മുപ്പതോളം വരുന്ന സംഘം അക്രമിക്കുകയായിരുന്നു. ബിൽക്കിസ്, അമ്മ, മറ്റ് മൂന്ന് സ്ത്രീകൾ എന്നിവർ ക്രൂരമായി ബലാത്സംഗത്തിനിരയാകുകയും അക്രമിക്കപ്പെടുകയും ചെയ്തു. 17ൽ എട്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആറുപേരെ കാണാതായി. ബിൽക്കിസും ഒരു പുരുഷനും മൂന്നുവയസുകാരിയും മാത്രമാണ് അക്രമങ്ങളെ അതിജീവിച്ചത്. സംഭവത്തിന് മൂന്നു മണിക്കൂറിനു ശേഷം സ്വബോധത്തിലെത്തിയ ബിൽക്കിസ് ആദിവാസി സ്ത്രീയിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങൾ ധരിച്ച് തൊട്ടടുത്ത ലിംഖേഡ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയതോടെയാണ് അവളുടെ നിയമ പോരാട്ടം ആരംഭിക്കുന്നത്. പക്ഷേ ഇരയാക്കപ്പെട്ട സ്ത്രീക്ക് ലഭിക്കേണ്ട ആദ്യ നീതി പൊലീസിൽ നിന്ന് ലഭിച്ചില്ല. സംസ്ഥാന പൊലീസ് കേസ് വലിച്ചു നീട്ടുകയും പ്രതികളെ രക്ഷപ്പെടുന്നതിന് വഴിയൊരുക്കുകയും ചെയ്തു. ഗോധ്രയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയതിനു ശേഷമായിരുന്നു അവളെ ആശുപത്രിയിലാക്കിയതും പരിശോധനയ്ക്ക് വിധേയമാക്കിയതും. ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും ഇടപെട്ട് സിബിഐ അന്വേഷണം നിർദ്ദേശിച്ചത്തോടെയാണ് ബിൽക്കിസ് ബാനു കേസിന്റെ സുഗമമായ അന്വേഷണം പോലുമുണ്ടായത്.

2004ൽ പ്രതികൾ അറസ്റ്റിലാകുകയും അഹമ്മദാബാദിൽ പ്രത്യേക സിബിഐ കോടതി വിചാരണ ആരംഭിക്കുകയും ചെയ്തു. സാക്ഷികളെ ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്തുകയും ചെയ്യുമെന്ന ആശങ്ക ഉയർന്നതിനെ തുടർന്ന് പരമോന്നത കോടതി കേസ് വിചാരണ മുംബൈയിലേക്ക് മാറ്റി. 19 പ്രതികളിൽ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരാൾ വിചാരണയ്ക്കിടെ മരിക്കുകയും തെളിവുകളില്ലാത്തതിനാൽ കോടതി ഏഴുപേരെ വെറുതെ വിടുകയും ചെയ്തു. ബിൽക്കിസിന്റെ ധീരതയാണ് കേസിന്റെ വഴിത്തിരിവായതെന്ന് ജഡ്ജി സാൽവി തന്നെ പരാമർശിച്ചിരുന്നു. അവളുടെ ശക്തവും ധീരവുമായ മൊഴികളാണ് കേസിനെ മുന്നോട്ടു നയിച്ചതെന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം. അപ്പീലുകളും പുനഃപരിശോധനാ ഹർജികളുമായി നിയമപോരാട്ടം പിന്നെയും തുടർന്നു. 2017മേയിൽ ശിക്ഷ ശരിവച്ചുള്ള ബോംബെ ഹൈക്കോടതിയുടെ വിധി പുറത്തുവന്നു. പക്ഷേ കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാരായിരുന്നു ഗുജറാത്തിൽ അധികാരത്തിലുണ്ടായിരുന്നത്. വിചാരണഘട്ടത്തിലും അന്തിമ വിധി പ്രസ്താവത്തിനുശേഷവുമുള്ള കാലയളവിലും ജയിലിൽ കഴിഞ്ഞതിന്റെ കണക്കെടുത്ത് ശിക്ഷാകാലാവധി പൂർത്തിയാക്കിയെന്നും പ്രതികളുടെ പെരുമാറ്റം മികച്ചതായിരുന്നുവെന്നും പറഞ്ഞാണ് കഴിഞ്ഞ ഓഗസ്റ്റിൽ 11 പ്രതികളെയും ഗുജറാത്തിലെ ബിജെപി സർക്കാർ വിട്ടയച്ചത്. നീതി കിട്ടിയെന്ന ആശ്വാസത്തിൽ കഴിയുമ്പോഴാണ് ഗുജറാത്ത് സർക്കാരിന്റെ കാർമ്മികത്വത്തിൽ പ്രതികളെ വെറുതെ വിടുന്ന തീരുമാനമുണ്ടായത്. വിട്ടയച്ച വിധി പുറത്തുവന്ന ആദ്യനാളുകളിൽ മഹാമൗനത്തിലായിരുന്നു ബിൽക്കിസ്. പക്ഷേ മനുഷ്യാവകാശ പ്രവർത്തകരും സാമൂഹ്യ സംഘടനകളും ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ കോണുകളിൽ ഗുജറാത്ത് സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുകയും ചെയ്തു. ഇതിൽ നിന്നെല്ലാം പ്രചോദനമുൾക്കൊണ്ടാണ് ബിൽക്കിസ് വീണ്ടും നിയമയുദ്ധത്തിൽ പങ്കു ചേരുന്നത്.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ചിലാണ് ഹർജിക്കാരിയുടെ അഭിഭാഷക ശോഭാ ഗുപ്ത കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിവർന്നുനിന്ന് നീതിക്കായി വാതിലുകളിൽ മുട്ടുകയെന്ന തീരുമാനം എനിക്ക് എളുപ്പമായിരുന്നില്ലെന്നും അതുകൊണ്ടാണ് എന്റെ ജീവിതത്തെയും എന്റെ കുടുംബത്തെയും നശിപ്പിച്ച മനുഷ്യർ മോചിതരായ ശേഷം കുറേനാൾ ഞാൻ വെറുതെയിരുന്നതെന്നുമാണ് വീണ്ടും നിയമപോരാട്ടത്തിനെത്തിയ ബിൽക്കിസ് പ്രസ്താവനയിൽ പറഞ്ഞത്. ഗുജറാത്ത് സർക്കാർ തീരുമാനം ചോദ്യം ചെയ്തുള്ള റിട്ട് ഹർജിയും സർക്കാർ തീരുമാനം നേരത്തെ അംഗീകരിച്ച സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നുള്ള ഹർജിയുമാണ് സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അതിനു പിന്നീടാണ് തനിക്ക് പറയാനുള്ളതത്രയും എഴുതിയുള്ള കുറിപ്പ് ബിൽക്കിസ് പുറപ്പെടുവിച്ചത്. ഏതാണ് ശരിയെന്നും ഏതാണ് തെറ്റെന്നും തെളിയിക്കുന്നതിന് ഞാനെന്റെ പോരാട്ടം തുടരുക തന്നെ ചെയ്യും. പ്രതികളെ വിട്ടയച്ച തീരുമാനം അറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ എന്നെ തളർത്തിക്കളഞ്ഞു. എന്റെ മക്കളെ, പെൺകുട്ടികളെയോർത്ത് ഭയപ്പെട്ടു. അതിനെല്ലാമുപരി പ്രതീക്ഷകളും നഷ്ടപ്പെട്ടതുപോലെയായി. പക്ഷേ, എന്റെ മൗനത്തിന്റെ ഇടങ്ങൾ മറ്റുള്ളവരുടെ ശബ്ദങ്ങളാൽ നിറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പിന്തുണയുടെ ശബ്ദങ്ങൾ സങ്കല്പിക്കാനാവാത്ത നിരാശയിൽ മുങ്ങിനിന്ന എനിക്ക് പ്രതീക്ഷകൾ നൽകി. എന്റെ വേദനയിൽ ഞാൻ തനിച്ചല്ലെന്ന ബോധ്യമുണ്ടാക്കി. ഈ പിന്തുണ എത്രത്തോളം കരുത്തെനിക്കുനല്കിയെന്ന് വാക്കുകളിൽ വിവരിക്കുവാൻ കഴിയില്ല. മാനവികതയിലുള്ള എന്റെ വിശ്വാസം പുനരുജ്ജീവിപ്പിക്കുവാൻ ആ പിന്തുണ എനിക്ക് പ്രേരണയായി. ആ പിന്തുണ എന്റെ ധൈര്യവും നീതി എന്ന ആശയത്തെയും അതിനായി പൊരുതിനില്ക്കാമെന്നുള്ള വിശ്വാസത്തെയും ശക്തിപ്പെടുത്തുകയും ചെയ്തു, അവർ കൂട്ടിച്ചേർത്തു. ആദ്യമാസങ്ങളിലെ മൗനത്തിനുശേഷം ഹിജാബ് ധരിച്ചെങ്കിലും മുഖം മറയ്ക്കാതെ ബില്‍ക്കിസ് വീണ്ടും നിയമയുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. വിവിധ കോണുകളിൽ നിന്നു ലഭിച്ച പിന്തുണയാണ് മൗനം വെടിയാൻ പ്രേരിപ്പിച്ചതെന്നാണ് ബിൽക്കിസ് പറയുന്നത്. അതുകൊണ്ടുതന്നെ അവരുടെ നിയമപോരാട്ടത്തിന്റെ കൂടെ നില്ക്കുകയെന്നത് മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരുടെയെല്ലാം ഉത്തരവാദിത്തമാണ്.

 

Eng­lish Sam­mury: The strug­gle of bilkis bano

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.