19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 6, 2024
December 6, 2024
December 1, 2024
November 22, 2024
November 21, 2024
November 18, 2024
November 16, 2024
November 11, 2024

അയാള്‍ കാല്‍പന്തിനെ പ്രണയിച്ചു , ഹൃദയങ്ങള്‍ കവര്‍ന്നു സമരായുധമാക്കി

സുരേഷ് എടപ്പാള്‍
December 30, 2022 9:27 pm

പെലെ ലോകത്തെ വിസ്മയിപ്പിച്ച ഫുട്‌ബോളര്‍ മാത്രമായിരുന്നില്ല, കാല്‍പന്തിന്റെ സൗന്ദര്യത്തെ ജനഹൃദയങ്ങളിലേക്ക് പകര്‍ന്ന കവിയും സംഗീതകാരനുമായിരുന്നു. അതിനെല്ലാം പുറമെ ഫുട്‌ബോളെന്ന കായിക വിനോദം പാവപ്പെട്ടവന്റെ സമരായുധമാകുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ പോരാളി കൂടിയായിരുന്നു അദ്ദേഹം. ഒരു ടീം ഗെയിം എന്ന നിലയില്‍ ഫുട്‌ബോളിന്റെ ചന്തം കാലുകളില്‍ നിന്നും കാണികളിലേക്ക് പടര്‍ത്തിയ മാന്ത്രികനായി പെലെയെ ലോകം അടയാളപ്പെടുത്തുന്നു. കളിക്കളത്തില്‍ കൂട്ടായ്മയുടെ വിജയഗാഥകള്‍ തീര്‍ക്കുമ്പോള്‍ കൂട്ടുകാരിലേക്ക് പെലെ നല്‍കിയ സന്ദേശം പരസ്പരസ്‌നേഹത്തിന്റെയും കൂട്ടായ്മയുടേയുമായിരുന്നു. സ്വയം ഗോള്‍ വേട്ട തുടരുമ്പോഴും സഹകളിക്കാര്‍ക്കായി അദ്ദേഹം അവസരങ്ങള്‍ തുറന്നു നല്‍കി. ഫൗള്‍നിയമങ്ങള്‍ ഇന്നത്തെ പോലെ കര്‍ക്കശമാകാത്ത പഴയനാളുകളില്‍ പെലെ എതിരാളികളുടെ പ്രതിരോധ ദുര്‍ഗ്ഗങ്ങളെ ഭേദിച്ചത് സൗന്ദര്യാത്മകമായ കേളീവൈഭവം ഒന്നുകൊണ്ടുമാത്രമായിരുന്നു.

ഫുട്‌ബോളിന്റെ സൗന്ദര്യത്തിന്റെ പര്യായപദമായാണ് പെലെയെന്ന മനുഷ്യനെ ലോകം ഹൃദയത്തിലേറ്റുന്നത്. ഫുട്‌ബോള്‍ എന്തെന്ന് പോലും അറിയാത്ത മനുഷ്യര്‍ക്ക് പോലും പെലെയെ അറിയാമായിരുന്നു. അത് കൊണ്ട് തന്നെയാണ് അയാള്‍ ഒരു അത്ഭുതമാകുന്നതും ലോകത്തിന്റെ ഹൃദയവികാരവിചാരങ്ങളില്‍ നിരന്തരം നിറഞ്ഞുനിന്നതും. 1900 കളുടെ തുടക്കത്തില്‍ ബ്രസീലില്‍ ഫുട്‌ബോള്‍ ആവേശമായി പടരുമ്പോള്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. മൈതാനം വൃത്തിയാക്കാനും നനയ്ക്കാനും പന്തുകള്‍ കൊണ്ടുകൊടുക്കാനുമൊക്കെ കറുത്തവരെ നിയോഗിച്ചു. അങ്ങനെ ജോലിക്കിടെ മൈതാനത്തിലെ കളി അവര്‍ കണ്ടു. ആ കളിയെ നെഞ്ചിലേക്ക് ഏറ്റുവാങ്ങി. പരിശീലനമൊന്നും കൂടാതെ കറുത്തബാലന്മാര്‍ ഫുട്‌ബോള്‍ കണ്ടുപഠിച്ചു. ഒരുനാള്‍ തങ്ങളുടെ കളി രാജ്യം ആവശ്യപ്പെടുമെന്ന ഉറപ്പ് അവര്‍ക്കുണ്ടായിരുന്നു. ആ കളിയുടെ തത്വശാസ്ത്രവും അതിന്റെ രഹസ്യങ്ങളും അവര്‍ സ്വായത്തമാക്കി. കറുത്ത വര്‍ഗ്ഗക്കാരെ രണ്ടാംതരം പൗരന്മാരായി മാത്രം കണ്ടിരുന്ന ബ്രസീലിലെ 1900ങ്ങളുടെ തുടക്കം വരെ നിലനിന്നിരുന്ന വളരെ മോശപ്പെട്ട സാമൂഹ്യ‑രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്ന് പെലെയെന്ന താരം ഉദിച്ചുയരുന്നതും അവന്റെ തോളിലേറി രാജ്യം ഫുട്‌ബോളിന്റെ അമരത്തെത്തുന്നതും കണ്ടു നില്‍ക്കാന്‍ മാത്രമേ വേട്ടയാടാന്‍ തക്കം പാര്‍ത്തിരുന്നവര്‍ക്കായുള്ളൂ.

മഹാപ്രതിഭയുടെ മികവിനു മുന്നില്‍ എല്ലാ അതിര്‍വരമ്പുകളും ഇല്ലാതായി. ബ്രസീലില്‍ അപ്പോഴേക്കും മാറ്റിനിര്‍ത്തപ്പെടലിന്റെ കറുത്ത നാളുകള്‍ക്ക് അന്ത്യം സംഭവിച്ചു തുടങ്ങിയിരുന്നു അതിദരിദ്രമായ ബാല്യകൗമാരങ്ങളില്‍ പട്ടിണിയോടു മത്സരിച്ചുള്ള ജീവിത സാഹചര്യങ്ങളില്‍ പച്ചവെള്ളവും പന്തും മാത്രമായിരുന്നു എഡ്‌സണ്‍ അരാന്റോസ് നാസിമെന്റെ എന്ന കൂട്ടുകാരുടെ പ്രിയപ്പെട്ട പെലെയുടെ ആകെയുള്ള ആശ്വാസം. വീടിനടുത്തുള്ള തെരുവില്‍ ഷൂ പോളിഷ് ചെയ്തും സമയം കിട്ടുമ്പോള്‍ ഷൂവിനെ പ്രണയിച്ച പന്തിനെ തേടിയും അവന്‍ കൗമാരത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തു. വലിയ കളിക്കാരനാകണം എന്ന മോഹം എന്നെങ്കിലും യാഥാര്‍ത്ഥ്യമാകുമെന്ന ചെറിയ പ്രതീക്ഷപോലും ഇല്ലാതിരുന്നെങ്കിലും തീവ്രമായ ആ മോഹം സഫലമാക്കാന്‍ ദൈവം അവതരിച്ചു. ഗാലറികളില്‍ ആരവങ്ങള്‍ തീര്‍ക്കാന്‍ അവന്‍ ബൂട്ട് മുറുക്കി. പത്താം നമ്പര്‍ ജേഴ്‌സി അവനെ ഗോള്‍ വേട്ടക്കാരനാക്കി. മൈതാനങ്ങളെ അവന്‍ അടക്കി ഭരിച്ചു, ഒപ്പം ലോകജീവിതത്തെയും. ‘കളിയെപ്പോഴും ജയിക്കുന്നതിനു വേണ്ടിയാണ്. പക്ഷേ ജീവിതമാണ് പ്രധാനം. അത് നിലനില്പിനുവേണ്ടിയാണ്. ഞാന്‍ വിശന്നുകൊണ്ടാണ് കളിച്ചത്. വിശന്നുകൊണ്ട് കളിക്കുമ്പോള്‍ നിലനില്പിന്റെ വേദന ഞാന്‍ അറിഞ്ഞിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്.

അതുകൊണ്ടാവാം മിക്കപ്പോഴും ഞാന്‍ കളിയില്‍ കാണികളെ രസിപ്പിക്കാനാണ് ശ്രമിച്ചത്. അവരുടെ ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ പ്രതിസന്ധികള്‍ക്കിടയില്‍, സംഘര്‍ഷങ്ങള്‍ക്കിടയില്‍ ഒരല്പം ലാഘവം നല്‍കാന്‍ ഒരല്പം സന്തോഷം നല്‍കാന്‍ എന്റെ കാലുകള്‍ക്ക് കഴിഞ്ഞുവെന്നുള്ളതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടം. ഞാന്‍ അവരുടെ സ്‌നേഹം പിടിച്ചുപറ്റാനാണ് ശ്രമിച്ചത്. അവരില്‍ നിന്ന് ബഹുമതികള്‍ വാങ്ങാനല്ല’. പെലെയുടെ വാക്കുകള്‍ ഫുട്‌ബോളില്‍ ഒതുങ്ങുന്നതല്ല. മാനവരാശിയുടെ വിമോചനപോരാട്ടങ്ങളില്‍ കാല്‍പന്ത് കളി എത്രമാത്രം ചാലകശക്തിയാകുന്നതെന്നതിന്റെ ഉദ്‌ഘോഷമാണത്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ചെറുത്തുനില്പും അതിജീവനത്തിന്നായുള്ള അവന്റെ സമരങ്ങളും ഇവിടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ ഭൂഗോളത്തിലെ ഏറ്റവും സാധാരണക്കാരില്‍ സാധാരണക്കാരന്റെ കളിയായ ഫുട്‌ബോള്‍ തന്നെയായിരുന്നു അവരുടെ സ്വത്തിന്റെ വിളംബരവും ഊര്‍ജവും. സുദീര്‍ഘമായ കരിയറിനൊടുവില്‍ പെലെ ലോകത്തോട് പങ്കുവച്ച വാക്കുകള്‍ അതിര്‍വരരുമ്പുകളില്ലാത്ത മാനവസ്‌നേഹത്തിന്റെ മഹാപ്രവാഹം തന്നെയായിരുന്നു. ‘ഞങ്ങള്‍ തലമുറകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട അടിമകളായിരുന്നു. ഞങ്ങളുടെ കാലുകള്‍ മാത്രമാണ് ചലിച്ചിരുന്നത്. അത് ഞങ്ങളുടെ കാലുകളെ അത്രയേറെ കായികമായി കരുത്തുള്ളതാക്കി ” കറുത്തവരുടെ കായിക വിജയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പെലെ പറയുകയുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.