1 January 2026, Thursday

Related news

December 5, 2025
November 13, 2025
October 14, 2025
October 12, 2025
October 3, 2025
September 30, 2025
September 30, 2025
September 19, 2025
September 13, 2025
September 6, 2025

ലോക സമാധാനകാംക്ഷികൾ താലിബാൻ വിരുദ്ധ പ്രതിരോധത്തെ സഹായിക്കണം

മനീഷ് റായ്
January 6, 2023 4:45 am

ഒന്നര വർഷം മുമ്പ് അഫ്ഗാനിൽ ആധിപത്യമുറപ്പിച്ച താലിബാന്റെ കടുത്ത യാഥാസ്ഥിതിക — വലതുപക്ഷ തീവ്ര നിലപാടുകൾ ലോകത്താകെ ചർച്ച ചെയ്യപ്പെടുകയാണ്. അടുത്തിടെയാണ് താലിബാൻ സ്ത്രീകൾക്ക് സർവകലാശാലാ വിദ്യാഭ്യാസം അനിശ്ചിതകാലത്തേക്ക് വിലക്കിയുള്ള ഉത്തരവിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സർക്കാർ, സ്വകാര്യ സർവകലാശാലകൾക്കും താലിബാൻ ഭരണാധികാരികൾ കത്തയച്ചു. ഇത്തരം കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് തന്നെ വനിതാക്ഷേമ മന്ത്രാലയം പിരിച്ചുവിട്ടിരുന്നു. പകരം ധർമപുണ്യപ്രചരണത്തിനുള്ള മന്ത്രാലയം പുനഃസ്ഥാപിക്കുകയും ചെയ്തു. ഈ നീക്കത്തിലൂടെ ഇസ്ലാമിൽ മധ്യകാലത്തു നിലനിന്നിരുന്ന യാഥാസ്ഥിതിക നിലപാടുകൾ താലിബാൻ തുടരുമെന്നും അധികാരം പിടിച്ചടക്കിയ ഒരു തീവ്രവാദ സംഘമല്ലാതെ മറ്റൊന്നല്ല അവരെന്നും വ്യക്തമാക്കുകയായിരുന്നു. കൂടാതെ, താലിബാൻ ഇപ്പോഴും ആഗോള ജിഹാദി ഘടകങ്ങളെ പരിപോഷിപ്പിക്കുകയും അത്തരം ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് തുടരുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ യുഎസിന്റെ ഒരു ഡ്രോൺ ആക്രമണത്തിൽ അൽ ഖ്വയ്ദയുടെ നേതാവിനെ കൊലപ്പെടുത്തിയപ്പോൾ ഇത് വ്യക്തമായതാണ്. താലിബാന്റെ മുതിർന്ന നേതാവും ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനിയുടെ ഉടമസ്ഥതയിലുള്ള കാബൂളിലെ ഒരു പാർപ്പിട സമുച്ചയത്തിലായിരുന്നു കൊല്ലപ്പെട്ട അൽ ഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരി അപ്പോഴുണ്ടായിരുന്നത്.

താലിബാൻ അഫ്ഗാന്റെ അധികാരം പിടിച്ചടക്കിയതിന് ശേഷം അൽ‑ഖ്വയ്ദ, തെഹ്‌‌രിക്-ഇ‑താലിബാൻ പാകിസ്ഥാൻ തുടങ്ങിയ ആഗോള, പ്രാദേശിക ഭീകര സംഘടനകളുടെ സങ്കേതമായി മാറുകയും പാകിസ്ഥാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതും ഇതിന്റെ തെളിവായി കാണാവുന്നതാണ്. താജിക്കിസ്ഥാനെ ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ബീജിങ് വിരുദ്ധ തുർക്കിസ്ഥാൻ ഇസ്ലാമിക് പാർട്ടി (മുമ്പ് കിഴക്കൻ തുർക്കിസ്ഥാൻ ഇസ്ലാമിക സംഘടന), ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്ഥാൻ, ജമാഅത്ത് അൻസറുല്ല തുടങ്ങിയവയുടെ കേന്ദ്രവും താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ്. ഫലത്തിൽ ഈ ഇസ്ലാമിക ഭരണനേതൃത്വം അഫ്ഗാനിസ്ഥാനെ ആഗോള ജിഹാദി സംഘടനകളുടെ അഭയകേന്ദ്രമാക്കിയിരിക്കുന്നുവെന്നർത്ഥം. തീവ്ര യാഥാസ്ഥിതിക ആശയങ്ങളും നയങ്ങളും സമ്പ്രദായങ്ങളും ഉൾക്കൊള്ളുന്നതിലും അടിച്ചേല്പിക്കുന്നതിലും രണ്ടാം താലിബാൻ സർക്കാർ മുൻ പതിപ്പിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ലെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. താലിബാന്റെ പരമാധികാരി ഹിദായത്തുള്ള അഖുന്ദ് സാദ, തന്റെ പ്രസംഗങ്ങളിൽ അടിച്ചമർത്തപ്പെട്ട മുസ്ലിങ്ങളെ സഹായിക്കുന്നതിനുള്ള സമരം അഫ്ഗാനിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിർത്തികൾക്കപ്പുറത്തേയ്ക്കും വ്യാപിപ്പിക്കുമെന്നും ആവർത്തിക്കാറുള്ളതും പ്രസക്തമാണ്. അതുകൊണ്ട് തീവ്രവാദത്തിന്റെ ഒരു കേന്ദ്രമായി അഫ്ഗാൻ മാറാതിരിക്കണമെങ്കിൽ താലിബാൻ വിരുദ്ധ പ്രതിരോധത്തിനുള്ള എല്ലാ സംഘടനകളെയും പിന്തുണയ്ക്കുകയെന്നതാണ് അന്താരാഷ്ട്ര സമൂഹത്തിന് ഏറ്റവും ഉചിതമായിട്ടുള്ളത്.


ഇതുകൂടി വായിക്കൂ: ഇറാന്‍ ഒരു സൂചനയാണ്


2022 മേയ് മാസത്തിൽ ഏകദേശം നാല്പതോളം സൈനിക ഉദ്യോഗസ്ഥരും നാടുകടത്തപ്പെട്ട രാഷ്ട്രീയ പ്രവർത്തകരുമടങ്ങുന്ന ഒരു യോഗം അങ്കാറയിൽ ചേരുകയും താലിബാൻ വിരുദ്ധ പ്രവർത്തനങ്ങൾക്കായി ദേശീയ പ്രതിരോധ ഉന്നതാധികാര സമിതിക്ക് രൂപം നല്കുകയും ചെയ്തിട്ടുണ്ട്. താലിബാൻ വിരുദ്ധ പ്രതിരോധത്തിനായി ഒരു ഐക്യമുന്നണിക്കുള്ള സാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. ബൽഖ് പ്രവിശ്യയിലെ മുൻ ഗവർണർ അത്ത നൂർ മുഹമ്മദ്, ദേശീയ പ്രതിരോധ മുന്നണിയിലെ അംഗം വാലി മുഹമ്മദ്, ഷിയാ നേതാവ് മുഹമ്മദ് മൊഹഖിക്ക് തുടങ്ങിയവർ പ്രസ്തുത യോഗത്തിൽ പങ്കെടുത്തിരുന്നു. താലിബാൻ പ്രതിരോധം നയിക്കുന്ന പ്രധാന സംഘങ്ങളിൽ ഒന്ന് ദേശീയ പ്രതിരോധ മുന്നണി (എൻആർഎഫ്) യാണ്. ഏറ്റവും വലിയ താലിബാൻ വിരുദ്ധ സായുധ സംഘമാണിത്. ആയിരക്കണക്കിന് അംഗങ്ങൾ ഈ സംഘടനയിലുണ്ടെന്നാണ് കരുതപ്പെടുന്നത്. വടക്കൻ മുന്നണി കമാൻഡറായിരുന്ന അന്തരിച്ച അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദാണ് ഈ മുന്നണിയെ നയിക്കുന്നത്. താലിബാന്റെ പരാജയങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളുടെ വിജയങ്ങളും കൊണ്ട് കുറഞ്ഞ വിഭവങ്ങളേയുള്ളൂ എങ്കിലും എൻആർഎഫിന് സുപ്രധാനമായ നേട്ടങ്ങൾ ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. സെപ്റ്റംബറിൽ താലിബാന്റെ പ്രധാന കമാൻഡർമാരിൽ ഒരാളായ മുല്ല സാക്കീർ ഖയൂമിനെ എൻആർഫ് വധിച്ചത് ഇതാണ് വ്യക്തമാക്കുന്നത്. ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്ന ഒരു പ്രദേശത്ത് കാലുറപ്പിക്കുകയെന്നത് പ്രയാസകരമായിരിക്കുമെങ്കിലും അഫ്ഗാനിൽ ഒരു സായുധ ഗ്രൂപ്പ് നേട്ടം കൈവരിച്ചുവെന്നത് സുപ്രധാനമാണ്. ഭൂമിശാസ്ത്രപരമായി വിദൂരത്താണ് പ്രവർത്തിക്കുന്നതെങ്കിലും ഒരു പരിധിവരെ പ്രാദേശിക പിന്തുണ ആർജിക്കുവാൻ കഴിയുന്നുവെന്നുകൂടി ഇത് വ്യക്തമാക്കുന്നുണ്ട്. അഫ്ഗാന്റെ ആധിപത്യം ഇസ്ലാമിസ്റ്റുകൾ ഏറ്റെടുത്തതു മുതൽ രാജ്യത്തിന്റെ വടക്കു കിഴക്കൻ ഭാഗത്തുള്ള പഞ്ച്ഷീർ, ബഗ്ലാൻ, പർവാൻ പ്രവിശ്യകളിൽ എൻആർഎഫ് ആധിപത്യം നേടിയെന്നാണ് കരുതേണ്ടത്. ബാഹ്യമായി ഒരു പിന്തുണയുമില്ലെന്ന കാര്യം വകവയ്ക്കാതെയാണ് ഇത് സാധ്യമായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ആശയപരമായി എൻആർഎഫ് ഏഷ്യൻ ഇസ്ലാമിക പാരമ്പര്യങ്ങൾ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മിതവാദ സംഘടനയാണ്. അഫ്ഗാനിസ്ഥാനിൽ വികേന്ദ്രീകൃത രാഷ്ട്രീയ വ്യവസ്ഥയുണ്ടാകണമെന്ന് വാദിക്കുകയും തെരഞ്ഞെടുപ്പുകളിൽ ലിംഗ, വംശ, വിഭാഗീയ പരിഗണനകളില്ലാതെ സമത്വം പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരാണിവർ. വടക്കു കിഴക്കൻ പ്രദേശങ്ങളിലെ ശക്തികേന്ദ്രങ്ങളിൽ നിന്ന് പണവും ആയുധങ്ങളും ലഭ്യമാകുകയാണെങ്കിൽ പ്രത്യേക പ്രാദേശിക കേന്ദ്രങ്ങൾ സ്ഥാപിക്കുവാനുള്ള കഴിവും ഐഎൻആർഎഫിനുണ്ട്. ഐക്യരാഷ്ട്രസഭ പോലുള്ളവയുടെ സഹായം ലഭിക്കുകയാണെങ്കിൽ ചില പൊതുസേവനങ്ങൾ ഒരുക്കുവാനും സാധിക്കും. പെൺകുട്ടികൾക്കുള്ള വിദ്യാഭ്യാസം തിരികെ കൊണ്ടുവരിക, ഷിയ വിഭാഗം പോലെ പീഡനത്തിനിരയാകുന്നവർക്ക് അഭയം നല്കുകയെന്നിവയാണ് അവയിൽ ഏറ്റവും പ്രധാനം. എൻആർഎഫിന് അന്താരാഷ്ട്ര സമൂഹത്തിന്റെ മാനുഷിക സഹായം ലഭ്യമായാൽ അഫ്ഗാനിസ്ഥാനിൽ നിന്ന് സമീപപ്രദേശങ്ങളിലേക്കും യൂറോപ്പിലേക്കുമുള്ള ലക്ഷക്കണക്കിനാളുകളുടെ കുടിയേറ്റത്തിന് പരിഹാരവും സാധ്യമായേക്കും. ആഭ്യന്തരവും ബാഹ്യവുമായ പിന്തുണ എൻആർഎഫിന് ലഭിക്കുകയാണെങ്കിൽ താലിബാനെ താഴെയിറക്കുന്ന പ്രവർത്തനങ്ങളിൽ മാത്രമല്ല, കൂടുതൽ മിതത്വവും പ്രാതിനിധ്യ സ്വഭാവവുമുള്ള സർക്കാർ സ്ഥാപിക്കുന്നതിനും സഹായകമാകും. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ കൂടുതൽ ഉദാരവും ജനാധിപത്യപരവുമായ സമീപനങ്ങളാണ് അവർ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ അഫ്ഗാൻ ഇപ്പോൾ ഉയർത്തുന്ന തീവ്രവാദ ഭീഷണിക്കെതിരായ സംഘടനയെന്ന നിലയിൽ എൻആർഎഫ് പോലുള്ളവയ്ക്ക് ആഗോളതല സഹായം ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.