21 November 2024, Thursday
KSFE Galaxy Chits Banner 2

‘അപരാജിതര്‍’

കെ പ്രഭാകരന്‍
January 8, 2023 8:35 am

നാടകരചനയും അവതരണവും കേരളത്തില്‍ മുമ്പെല്ലാം ഏറെ പരിമിതമായിരുന്നു. പൊറ്റെക്കാടിനെയും എന്‍ എന്‍ പിള്ളയേയും കെ ടി മുഹമ്മദിനെയും ടി എന്‍ ഗോപിനാഥന്‍ നായരെയും പോലുള്ള പലരും നാടകങ്ങള്‍ എഴുതിയിരുന്നു. ഗ്രാമീണ വായനശാലാ വാര്‍ഷികങ്ങള്‍ക്ക് ആണ്ടിലൊരിക്കല്‍ മാത്രമാണ് അന്ന് നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നത്. അതൊക്കെ പഴയ കഥ. ഇന്ന് നാടകങ്ങള്‍ ഏറെ അവതരിപ്പിക്കപ്പെടുന്നുണ്ട്. പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ കേരളത്തില്‍ വളരെ സജീവമാണ്. അവയില്‍ പലതും വരുമാനം മാത്രമാണ് ലക്ഷ്യം വച്ചിരുന്നത്. ആശയാധിഷ്ഠിതമോ, സോദ്ദേശമോ ആയിരുന്നില്ല. അതും പഴയൊരു കഥയായി കരുതേണ്ടിയിരിക്കുന്നു. ഇത്രയും ആമുഖമായി സൂചിപ്പിച്ചത് നാടകാവതരണ രംഗത്തുണ്ടായ ഒരു പുതിയ മുന്നേറ്റത്തെ വ്യക്തമാക്കാനാണ്.

കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെപിഎസിയാണ് ആ മുന്നേറ്റം തുടങ്ങിയതും തുടരുന്നതും. 70 വര്‍ഷത്തിലധികമായി കെപിഎസി മലയാളനാടക വേദിയെ ഒന്നിനൊന്ന് മെച്ചപ്പെടുത്തി വരികയാണ്. ‘എന്റെ മകനാണ് ശരി’ എന്ന ആദ്യ നാടകത്തില്‍ക്കൂടിയാണ് കെപിഎസി നമ്മുടെ നാടകരംഗത്തെ പുഷ്ടിപ്പെടുത്താനുള്ള യത്നം തുടങ്ങിയത്. തുടര്‍ന്ന് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി‘യിലൂടെ, കണിയാപുരത്തിന്റെ ‘കയ്യും തലയും പുറത്തിടരുത്’ വരെ എത്തിനില്‍ക്കുന്ന അറുപതിലേറെ നാടകങ്ങള്‍ അത്യധികം ആവേശത്തോടെയാണ് കേരളീയര്‍ സ്വീകരിച്ചത്. അവതരിപ്പിച്ച നാടകങ്ങളിലെ ആശയവ്യക്തത, രാഷ്ട്രീയമായ ചടുലത, ഇമ്പമാര്‍ന്ന ഗാനങ്ങള്‍, അഭിനന്ദനാര്‍ഹമായ അഭിനയശെെലി എന്നിവയെല്ലാംകൊണ്ട് കെപിഎസിയുടെ നാടകങ്ങള്‍ എക്കാലവും സഹൃദയരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു.

കെപിഎസിയുടെ 66-ാമത് നാടകം പതിവുപോലെ ഈ നാടകവും സാമൂഹ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതായിരുന്നു. അക്കാര്യം നാടകം ഉദ്ഘാടനം ചെയ്ത, എക്കാലവും കെപിഎസിയുടെ വളര്‍ച്ചയില്‍ പങ്ക് വഹിച്ച ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുകയും ചെയ്തു.
കാമ്പിശേരി കരുണാകരനില്ലാതെ കെപിഎസിയുടെ ചരിത്രം തമ്പി വ്യക്തമാക്കി. കാമ്പിശേരി കണ്ട സ്വപ്നമായിരുന്നു കെപിഎസി അഭിനയിച്ചും അവതരിപ്പിച്ചും അദ്ദേഹം ജനലക്ഷങ്ങളെ പുതിയ നാടകങ്ങളിലേക്ക് ആകര്‍ഷിച്ചു. ആ ആകര്‍ഷണം നാടകസമിതി എഴുപത് വര്‍ഷമായും തുടര്‍ന്നുവരുന്നു. ആ പരമ്പരയിലെ ഒടുവിലത്തെ നാടകമാണ് ടാഗോര്‍ തിയേറ്ററില്‍ അവതരിപ്പിച്ച ‘അപരാജിതര്‍.’
തീഷ്ണമായജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് അപരാജിതരില്‍ അവതരിപ്പിക്കുന്നത്. പ്രസിദ്ധനായ എഴുത്തുകാരന്‍ ജയമോഹന്റെ ‘നൂറ് സിംഹാസനങ്ങള്‍’ എന്ന നോവലിലെ മൂന്ന് കഥാപാത്രങ്ങളെ വര്‍ത്തമാനകാല കേരളത്തിന്റെ ജീവിതപരിസരങ്ങളിലേക്ക് ചേര്‍ത്തുവച്ചുകൊണ്ട് തീവ്രമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ നാടകമാണിതെന്ന് കെപിഎസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആദിവാസികുലത്തില്‍ പിറന്ന് തെരുവില്‍ ജീവിച്ചുവരുന്ന മാനസികനില തെറ്റിയ കല്ലമ്മ എന്ന ധര്‍മ്മപാലന്റെ അമ്മ. കീഴാള കുടുംബത്തില്‍ പിറന്ന ധര്‍മ്മപാലന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ജാതിമത ചിന്തകള്‍ മറന്ന് ധര്‍മ്മപാലനെ പ്രണയിച്ച സുധ. ഇവരുടെയൊക്കെ ജീവിതത്തിലൂടെ കേരളത്തിലെ സമകാലിക സമൂഹമനസിനെ വരച്ചുകാട്ടുകയാണ് അപരാജിതര്‍. അതുകൊണ്ടുതന്നെ ശക്തമായ മനുഷ്യപക്ഷത്തിന്റെ രാഷ്ട്രീയമാണ് നാടകം മുന്നോട്ടുവയ്ക്കുന്നത്. കുടുംബബന്ധങ്ങളെ പശ്ചാത്തലമാക്കി അരങ്ങില്‍ വെെകാരികമായ ഒരാസ്വാദനം തീര്‍ക്കുകയാണ് അപരാജിതര്‍. ഏറ്റവും കുറഞ്ഞ സമയംകൊണ്ട് തയാറാക്കിയ നാടകമാണ് അപരാജിതര്‍ എന്ന് കെപിഎസി പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. എല്ലാതലത്തിലും ഗംഭീരമായിരുന്നു നാടകം. അത്ര ജീവത്തായിരുന്നു അഭിനേതാക്കളുടെ പ്രകടനം. അത്ര ആകര്‍ഷകമായിരുന്നു സ്റ്റേജിന്റെ സംവിധാനം. എല്ലാവിധത്തിലും കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ അപരാജിതര്‍ കെപിഎസിയുടെ പഴയ നിലവാരം മെച്ചപ്പെടുത്തി എന്നു മാത്രമല്ല, കുറച്ചുകൂടി മെച്ചപ്പെടുത്തുകയും ചെയ്തു. അരങ്ങില്‍ വിബീഷ്, ദേവന്‍കൃഷ്ണ, കലേഷ്, ഷെല്‍വി, അനിത, രാധാമണി എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക തന്നെയായിരുന്നു. കര്‍ട്ടന്‍ താഴ്ത്തുകയും പിന്നീട് ഉയര്‍ത്തുകയും ചെയ്തുവന്ന പഴയ സ്റ്റേജ് സംവിധാനം പാടെ മറന്നുള്ളതായിരുന്നു പുതിയ നാടകങ്ങളില്‍ എന്നപോലെ അപരാജിതരിലും കാണാന്‍ കഴിഞ്ഞത്. ലെെറ്റ് അണച്ച് മിനിട്ടുകള്‍ക്കുള്ളില്‍ പുതിയ സെറ്റായിരുന്നു സ്റ്റേജില്‍ കണ്ടത്. ഇരമ്പുന്ന കടലും കാടും കുന്നുമൊക്കെ, ഐഎഎസുകാരന്റെ ഓഫീസ് മുറി പോലും മനോഹരമായി സജ്ജീകരിച്ചിരുന്നു.

സുരേഷ്ബാബു ശ്രീസ്ഥയുടേതാണ് രചന. മാനോജ് നാരായണന്‍ സംവിധാനം നിര്‍വഹിച്ചു. ശ്രീകുമാരന്‍ തമ്പിയുടെ ഗാനങ്ങള്‍ക്കു് ഉദയകുമാര്‍ സംഗീതം നല്കി. മൊത്തത്തില്‍ കെപിഎസിയുടെ നിലവാരം നിലനിര്‍ത്താന്‍ അപരാജിതര്‍ക്കും കഴിഞ്ഞു എന്ന കാര്യത്തില്‍ ഒരു സംശയവും നാടകം കണ്ടവര്‍ക്ക് ഉണ്ടാവാന്‍ വഴിയില്ല. പുതിയ നാടകം ആദ്യമായി തിരുവനന്തപുരത്ത് അവതരിപ്പിക്കാന്‍ എല്ലാവിധത്തിലും സഹായിച്ച കെപിഎസ് സെക്രട്ടറി ഷാജഹാന്‍, ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍, മറ്റ് പൗരപ്രമുഖര്‍ എന്നിവര്‍ക്കെല്ലാം അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.