2 May 2024, Thursday

Related news

May 2, 2024
April 30, 2024
April 27, 2024
April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024

ഏകദിന പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരം ഗുവാഹട്ടിയില്‍

Janayugom Webdesk
ഗുവാഹട്ടി
January 10, 2023 12:42 pm

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ഏകദിന പരമ്പരയിലും ജയിച്ചു തുടങ്ങാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തിന് ഗുവാഹട്ടിയാണ് വേദി. ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുന്നത്. ഏകദിന ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ മുന്നിലുള്ള പ്രശ്നങ്ങള്‍ക്ക് ഇന്ത്യക്ക് പരിഹാരം കാണേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഓപ്പണിങ് കൂട്ടുകെട്ട്, പേസ് കൂട്ടുകെട്ട് തുടങ്ങി പല നിര്‍ണായക ചോദ്യങ്ങള്‍ക്കും ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. 

രോഹിത് ശര്‍മയും വിരാട് കോലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ഏകദിനത്തിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.രോഹിത്തിന് നായകനെന്ന നിലയിലും പരമ്പര നിര്‍ണായകമാണ്. മറ്റൊരു ഓപ്പണര്‍ കെ എല്‍ രാഹുലിനും മികച്ച പ്രകടനത്തോടെ വിമര്‍ശനം ഒഴിവാക്കേണ്ടതുണ്ട്. പേരുകേട്ട താരങ്ങളുടെ നിരയുമായി ഇറങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ മികവിനൊത്ത് ഉയരാനായില്ല. ടീമിലെ സീനിയേഴ്‌സിന്റെ പ്രകടനം നിര്‍ണ്ണായകമാവും. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഫോം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണായകമാവും. ഇഷാന്‍ കിഷാന്റെ ബാറ്റിങ്ങിലും ഇന്ത്യ വലിയ പ്രതീക്ഷവയ്ക്കുന്നു. 

കണക്കില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഏകദിനത്തില്‍ ഇതുവരെ 162 മത്സരങ്ങളിലാണ് ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 93 മത്സരത്തിലും ജയം ഇന്ത്യ നേടിയപ്പോള്‍ 57 മത്സരത്തില്‍ ജയം ശ്രീലങ്കയ്ക്കായിരുന്നു. 11 മത്സരങ്ങള്‍ ഫലമില്ലാതെ അവസാനിച്ചു. തട്ടകത്തില്‍ ഇന്ത്യക്ക് 36 ജയമാണ് നേടാനായത്. ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരങ്ങളുടെ നിരയാണ് ശ്രീലങ്ക. ദസുന്‍ ഷണക നയിക്കുന്ന ശ്രീലങ്കയ്‌ക്കൊപ്പം മികച്ച ബാറ്റിങ് നിരയുണ്ട്. നിലയുറപ്പിച്ച് റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളാണ് ശ്രീലങ്കയ്ക്കൊപ്പമുള്ളത്. പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ചരിത് അസലങ്ക എന്നിവരെല്ലാം ഏകദിനത്തില്‍ മികച്ച റെക്കോഡുള്ളവരാണ്. സമീപകാലത്തെ ഫോമും മികച്ചതാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. 

Eng­lish Sum­ma­ry; India to win ODI series today; First match in Guwahati
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.