നഗരസഭയില്‍ 147 ശുചീകരണ തൊഴിലാളികളെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍. നിലവില്‍ വിരമിച്ച തൊഴിലാളികളുടെ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നഗരസഭാ കൗണ്‍സിലിലാണ് മേയര്‍ ഇക്കാര്യം അറിയിച്ചത്. പാലിക്കപ്പെടേണ്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് നിയമനം നടത്തുന്നത്. സൂക്ഷ്മ പരിശോധന അന്തിമഘട്ടത്തിലാണ്. ഫെബ്രുവരിയില്‍ അഭിമുഖം നടത്തി റാങ്ക് പട്ടിക ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.
914 ശുചീകരണ തൊഴിലാളികളാണ് നഗരസഭക്ക് ആകെ ഉള്ളത്. ഇതില്‍ 636 പേര്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട്. ബാക്കിയുള്ള ഒഴിവിലേക്ക് 127 പേരെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ട്. 44 പേരുടെ ഒഴിവ് ഒഴിച്ചിടണമെന്ന് ഉത്തരവില്‍ പറയുന്നതിനാല്‍ ആ ഒഴിവുകള്‍ അങ്ങനെതന്നെ നിലനിര്‍ത്തുമെന്നും മേയര്‍ അറിയിച്ചു.
തട്ടുകടകളിലും ഹോട്ടലുകളിലും കൃത്യമായ പരിശോധനകള്‍ നടത്തി അനാസ്ഥ കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഹോട്ടലുകളില്‍ കോര്‍പറേഷന്റെ ആരോഗ്യ വിഭാഗം നിരന്തര പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യസാമ്പിളുകളുടെ പരിശോധനക്ക് സംവിധാനമില്ലാത്തതിനാല്‍ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഹകരണത്തിലാണ് പരിശോധിക്കുന്നത്. ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ശുചീകരണവും മറ്റു പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.
നഗരസഭയുടെ തൈക്കാട് മിനി ശ്മശാനം 2022- 23 വര്‍ഷത്തെ നടത്തിപ്പിനായി ട്രാവന്‍കൂര്‍ ഇലക്ട്രിക്കല്‍ ആന്റ് മിനി സിവില്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക് അനുവദിച്ച് നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ കരാറുകാരന്‍ ലേല തുക രണ്ട്, മൂന്ന് ഗഡുക്കള്‍ അടയ്ക്കാത്തതിനാലും, സംസ്കാര ചടങ്ങുകളുടെ കുറവും, വിറകിന്റെ ലഭ്യത കുറവും കാണിച്ച് തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ പുനര്‍ലേല നടപടികള്‍ വേണമെന്നും അറിയിച്ചിരുന്നു. ജിഎസ്‌ടി ഒഴികെ 7,52,000 രൂപയാണ് കരാറുകാരന്‍ കുടിശികയായി അടയ്ക്കാനുള്ളത്. കരാറുകാരന് തുടരാന്‍ താല്പര്യമുണ്ടെന്ന് കാണിച്ച് വീണ്ടും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതിനാല്‍ കുടിശിക പിരിച്ചെടുക്കാനും പുനര്‍ലേല നടപടികള്‍ക്കും നഗരസഭാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജിഎസ്‌ടി ഉള്‍പ്പെടെയുള്ള കുടിശിക അടക്കാന്‍ കരാറുകാരന് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
നഗരസഭാ പരിധിയിലെ നായ്ക്കളുടെ സര്‍വേ നടത്താന്‍ ഒരു സന്നദ്ധസംഘടന സ്വമേധയാ രംഗത്തു വന്നിട്ടുണ്ടെന്ന് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജമീല ശ്രീധര്‍ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും സര്‍വേ നടത്തി നായ്ക്കള്‍ക്ക് വാക്സിന്‍ നല്‍കും. 2390 തെരുവ് നായ്ക്കള്‍ക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാക്കി ബാക്കിയുള്ള നായ്ക്കള്‍ക്ക് കൂടി വാക്സിന്‍ നല്‍കാനാണ് തീരുമാനം.
എല്ലാ അജണ്ടകളും ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി വ്യക്തമായി പരിശോധിച്ചാണ് അനുമതിക്കായി കൗണ്‍സിലില്‍ കൊണ്ടുവരുന്നതെന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാജു പറഞ്ഞു. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിക്കു മുമ്പാകെ വരുന്ന അജണ്ടകള്‍ വ്യക്തമായി പരിശോധിക്കുന്നില്ലെന്ന രീതിയിലുള്ള പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡെപ്യൂട്ടി മേയര്‍ക്കെതിരെ ഉന്നയിച്ച പ്രതിപക്ഷ ആരോപണം ശരിയല്ലെന്ന് മറ്റ് ഭരണപക്ഷ കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി.
English Summary: 147 sanitation workers will be appointed in the municipality through employment exchange
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.