22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024

കേരള ചരിത്രത്തെ അരുണാഭമാക്കിയ ശൂരനാട് വിപ്ലവത്തിന് 73 വയസ്

Janayugom Webdesk
തിരുവനന്തപുരം
January 18, 2023 10:31 am

ആധുനിക കേരള ചരിത്രത്തെ അരുണാഭമാക്കിയ ശൂരനാട് വിപ്ലവം. സ്വാതന്ത്രത്തിന് മുമ്പും പിമ്പും ജന്മി മാടമ്പിത്തം ഉഗ്രരൂപമായി ശൂരനാട്ട് നിലനിന്നിരുന്നു. ശൂരനാടിന്റെ ശ്വാസവും ചലനവും തന്റെ ആജ്ഞയിലാകണമെന്നായിരുന്നു ജന്മിത്തത്തിന്റെ നിലപാട്. ഒരുതരത്തിലും ജീവിക്കാൻ കഴിയാതെ വന്നതോടെ കർഷകരും കമ്യൂണിസ്റ്റുകാരും പ്രതികരിക്കാൻ നിർബന്ധിതരായി.

അതോടെ കൊടിയ പീഡനങ്ങളുടെയും അക്രമങ്ങളുടെയും നാടായി ശൂരനാട് മാറി. ഉള്ളന്നൂര്‍ കുളത്തിൽ നിന്നും മീൻ പിടിച്ചെന്ന് ആരോപിച്ച് കിഴക്കിട ഏലായിൽ 1949 ഡിസംബർ 31ന് പോലീസും തെന്നില ജന്മിമാരുടെ ഗുണ്ടകളും ചേർന്ന് കമ്മ്യൂണിസ്റ്റുകാരെ ആക്രമിച്ചു. ഗത്യന്തരമില്ലാതെയുള്ള പ്രതിരോധത്തിൽ പോലീസുകാർക്ക് ജീവൻ നഷ്ടമായി. സംഭവത്തെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി പറവൂര്‍ ടി കെ നാരായണപിള്ള 1950 ജനുവരി ഒന്നിന് ശൂരനാട് എന്നൊരു നാടിനി വേണ്ട എന്നു പ്രഖ്യാപിച്ചു.ഒരു നാടു മുഴുവൻ പൊലീസ്‌ വാഴ്ചയിൽ ചവിട്ടിയരയ്ക്കപ്പെട്ടു. നിരവധിപേർ രക്തസാക്ഷികളായി. പൗരസ്വാതന്ത്ര്യം പൂർണമായി ഇല്ലാതായി. മർദ്ദനമേറ്റവരുടെ എണ്ണം അനവധിയാണ്‌. ലോക്കപ്പുകളും ജയിലുകളും കൊലയറകളായി മാറി.

കമ്മ്യൂണിസറ്റ് പാര്‍ട്ടിക്ക് നിരോധനം ഏര്‍പ്പെടുത്തി.സമരത്തിലെ ആദ്യ രക്തസാക്ഷി തണ്ടാശ്ശേരി രാഘവന്‍ രക്തസാക്ഷിത്വം വരിച്ച ദിനമാണ് ജനുവരി 18. ശൂരനാട്ടെ ചുവന്ന മണ്ണില്‍ വിപ്ലവത്തിന്റെ വിത്തു പാകിയ ശുരനാട് സംഭവത്തിന് 73 വയസ്. ജന്മിത്വത്തിന്‌ എതിരായ പോരാട്ട ചരിത്രത്തിൽ സുപ്രധാനമായ ഒരേടാണ്‌ ശൂരനാട്‌ സമരം.ജന്മിത്വവും അതിന്റെ സഹായികളായ ഭരണകൂടവും അഴിച്ചുവിട്ട കിരാതമായ മർദ്ദനനടപടികളെ സാവധാനത്തിലാണെങ്കിലും ധീരോദാത്തമായി ജനങ്ങൾ നേരിട്ടു.കളയ്ക്കാട്ടു പരമേശ്വരൻനായർ, പായിക്കാലിൽ ഗോപാലപിള്ള, മഠത്തിൽ ഭാസ്ക്കരൻ നായർ, കാഞ്ഞിരപ്പള്ളി വടക്ക്‌ പുരുഷോത്തമക്കുറുപ്പ്‌ എന്നിവരെ ലോക്കപ്പിലും ജയിലിലും വച്ച്‌ മർദ്ദിച്ച്‌ കൊന്നു. പുന്തിലേത്ത്‌ വാസുപിള്ള, മലമേൽ കൃഷ്ണപിള്ള, കാട്ടൂർ ജനാർദ്ദനൻനായർ എന്നിവർ ക്രൂരമായ മർദ്ദനമേറ്റതിന്റെ ഫലമായി ജയിലിൽ നിന്ന്‌ പുറത്തുവന്ന്‌ ഏതാനും ദിവസം കഴിഞ്ഞപ്പോൾ മരിച്ചു. ചാലിത്തറ കുഞ്ഞച്ചൻ, പായിക്കാലിൽ രാമൻനായർ എന്നിവരെപ്പറ്റി ഇന്നോളം ആർക്കും അറിവില്ല. അവരേയും പൊലീസ്‌ കൊന്ന്‌ ആരുമറിയാതെ കുഴിച്ചുമൂടിയിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌.ആർ ശങ്കരനാരായണൻ തമ്പി, തോപ്പിൽ ഭാസി, ചേലക്കോട്ടേത്ത്‌ കുഞ്ഞിരാമൻ, പേരൂർ മാധവൻപിള്ള, പനത്താഴ രാഘവൻ, വരമ്പയിൽ കൊച്ചുകുഞ്ഞ്‌, നടേവടക്കതിൽ പരമുനായർ, പായിക്കാലിൽ പരമേശ്വരൻനായർ, കോതേലിൽ വേലായുധൻ നായർ, ചാത്തൻകുട്ടി ചെറപ്പാട്ട്‌, അമ്പിയിൽ ജനാർദ്ദനൻനായർ, അയണിവിള കുഞ്ഞുപിള്ള, പോണാൽ തങ്കപ്പക്കുറുപ്പ്‌, തെക്കയ്യത്ത്‌ ഭാസ്ക്കരൻ, പോണാൽ ചെല്ലപ്പൻ നായർ, വിളയിൽ ഗോപാലൻ നായർ എന്നിവരായിരുന്നു മറ്റ്‌ പ്രതികൾ. ആകെയുള്ള 26 പ്രതികളും നമ്മെ വിട്ടുപിരിഞ്ഞു. 

എങ്കിലും ജ്വലിക്കുന്ന ഓർമ്മകളായി അവരിന്നും ജീവിക്കുന്നു.ഭൂവുടമാ മാർഗ്ഗത്തിന്റെ ചൂഷണങ്ങൾക്കെതിരായുള്ള പോരാട്ടത്തിൽ സ്വന്തം ജീവരക്തം കൊണ്ട് ചരിത്രം കുറിച്ച ധീരൻമാരുടെ ത്യാഗത്തിൻ കഥയാണ് ശൂരനാട് കാർഷിക കലാപം എന്ന പേരിൽ പ്രസിദ്ധമായ ശൂരനാട് സംഭവം. തോപ്പിൽ ഭാസിയും, പുതുപ്പള്ളി രാഘവനും, കെ.കേശവൻ പോറ്റിയും മദ്ധ്യതിരുവിതാംകൂറിലാകെ നേതൃത്വം നൽകിയ കർഷക പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രങ്ങളിലൊന്നായി തീർന്നു ശൂരനാട്. കർഷക ജനത കൈവിലങ്ങ് പൊട്ടിച്ചെറിഞ്ഞ 1949 ഡിസംബർ കർഷക കലാപം കേരളത്തിലെ കർഷക കലാപങ്ങളുടെ ചരിത്രത്തിലെ തിളക്കമുള്ള അദ്ധ്യായങ്ങളിലൊന്നാണ്. ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനല്ലെന്നും, ചുറ്റുമുള്ള ജീവിതങ്ങള്‍ക്ക് തണലേകാന്‍ കൂടിയാണെന്നും ഒരു മഹത്തായ പ്രത്യയശാസ്ത്രത്തെ മുന്‍ നിര്‍ത്തി തങ്ങളുടെ ജീവന്‍കൊണ്ടു സാക്ഷ്യപ്പെടുത്തിയ ഏഴ് ധീര രക്തസാക്ഷികളുടെ സ്മരണക്കുമുന്നില്‍ ചുവന്ന പൂഷ്പങ്ങള്‍ സമര്‍പ്പിക്കുന്നു.

ഐക്യ കേരളത്തിൽ 1957ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ശൂരനാട് സംഭവത്തിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിരുന്ന ആര്‍ ശങ്കരനാരായണന്‍ തമ്പി ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് വിജയിച്ചു. ഇഎംഎസ്സിന്റെ നേതൃത്വത്തിൽ കേരളത്തില്‍ അധികാരത്തിൽവന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ശങ്കനാരായണന്‍ തമ്പി സ്പീക്കറായി. ഇത് ശൂരനാട് സംഭവത്തിന് ലഭിച്ച അംഗീകാരമായി. സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്ന് ശൂരനാട് സംഭവത്തിലെ പ്രതികളെ ജയിൽ മോചിപ്പിക്കുകയായിരുന്നു. 1957 ഏപ്രിൽ ഒമ്പതിന് അവർ ജയിൽ മോചിതരായി.

Eng­lish Sum­ma­ry: Sev­en­ty-three years of the Shu­ranad inci­dent that made the his­to­ry of Ker­ala dark

You may also like this video:

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.