17 December 2025, Wednesday

അഞ്ച് കോടിയുടെ ക്രൂയിസ് ടൂറിസം പദ്ധതി ഒരുങ്ങുന്നു

Janayugom Webdesk
കൊച്ചി
January 20, 2023 8:35 am

കേരളത്തിലെ പ്രധാന തീരദേശ വിനോദസ‍ഞ്ചാര കേന്ദ്രങ്ങളെ മംഗളൂരുവിലെയും ഗോവയിലെയും പ്രധാന വിനോദ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന ക്രൂയിസ് ടൂറിസം പദ്ധതി ഉടൻ പ്രവർത്തനം ആരംഭിക്കും. പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയെന്ന് കേരളാ ടൂറിസം വകുപ്പ് ഡയറക്ടർ അറിയിച്ചു.

കോവളം, കൊല്ലം, കൊച്ചി, ബേപ്പൂർ എന്നീ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ മംഗളൂരു, ഗോവ എന്നിവയുമായി ബന്ധിപ്പിക്കുന്നതാണ് ക്രൂയിസ് ടൂറിസം പദ്ധതി. ഇതിന്റെ അന്തിമ രൂപം ഒരു മാസത്തിനുള്ളിൽ സമർപ്പിക്കാൻ ഉത്തരവായി. ഒരു വിദഗ്ധ സമിതിയെ ഇതിനായി നിയമിച്ചിട്ടുമുണ്ട്.

ടൂറിസം ഡയറക്ടർ ആണ് സമിതിയുടെ കൺവീനർ. കേരള ഇൻലാൻഡ് ഷിപ്പിങ് ആന്റ് നാവിഗേഷൻ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും തുറമുഖ വകുപ്പിലെയോ കേരള മാരിടൈം ബോർഡിലെയോ ഉദ്യോഗസ്ഥനും സമിതിയിൽ അംഗങ്ങളായി ഉണ്ടാകും. സംസ്ഥാനത്തെ ടൂറിസം മേഖലയിലെ വിദഗ്ധർ സർക്കാരിന്റെ പുതിയ നയത്തെ സ്വാഗതം ചെയ്തു. വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ വിപണി തുറക്കാൻ ഈ നയം സഹായിക്കുമെന്നാണ് കരുതുന്നത്. കേരളത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന ഏറ്റവും നല്ല മാർഗമാണ് ജലപാതകളുടെ വികസനം. പദ്ധതിയെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് വിനോദ സഞ്ചാര രംഗത്തെ പ്രമുഖർ പറയുന്നു.

വിനോദസഞ്ചാര വകുപ്പിന്റെ പുതുവർഷ സമ്മാനമായി സംസ്ഥാനത്തെ 32 വിനോദസഞ്ചാര കേന്ദ്രത്തിൽ സ്ത്രീകൾക്കായി പ്രത്യേക ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി മാറുക എന്ന ലക്ഷ്യത്തോടെ, എല്ലാ ടൂറിസം പ്രവർത്തനങ്ങളിലും സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ വനിതാ വിനോദസഞ്ചാരികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിനുമാണ് പുതിയ പദ്ധതി. ഒറ്റയ്ക്കോ സംഘങ്ങളായോ സ്ത്രീകൾക്ക് സുരക്ഷിതമായും കുറഞ്ഞനിരക്കിലും യാത്ര ചെയ്യാൻ ആവും.

സംസ്ഥാനത്ത് ഹോം സ്റ്റേ, ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ടാക്സി, റസ്റ്റോറന്റ് തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട 1000 സ്ത്രീസംരംഭങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം ജനുവരിയിൽ ആരംഭിക്കും.

Eng­lish Sum­ma­ry: 5 crore cruise tourism project is being prepared

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.