24 February 2026, Tuesday

കേന്ദ്രസര്‍ക്കാര്‍ വഞ്ചിച്ചു; ഗുസ്തിതാരങ്ങള്‍ വീണ്ടും സമരത്തിലേക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2023 11:19 pm

റസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനും പരിശീലകര്‍ക്കുമെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം പുനരാരംഭിച്ചേക്കും. ഇന്നോ നാളെയോ ജന്തര്‍ മന്തറിലെ പ്രതിഷേധം വീണ്ടും ആരംഭിക്കാനാണ് ഗുസ്തിതാരങ്ങളുടെ തീരുമാനം. കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഫലമുണ്ടായില്ലെന്നും സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും സമരത്തിനൊരുങ്ങുന്നത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ ഗുസ്തിതാരങ്ങളുടെ പ്രതിഷേധം വെള്ളിയാഴ്ച മൂന്നുദിവസം പിന്നിട്ടിരുന്നു. 

മുന്‍നിര ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും സാക്ഷി മാലിക്കുമാണ് ബിജെപി എംപിക്കും പരിശീലകര്‍ക്കുമെതിരെ രംഗത്തെത്തിയത്. ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. മറ്റ് മുന്‍നിര താരങ്ങളായ ബജ്‌രംഗ് പൂനിയ, രവി ദഹിയ ഉള്‍പ്പെടെയുള്ള നൂറോളം പേര്‍ പിന്തുണയുമായി ജന്തര്‍ മന്തറിലെ പ്രതിഷേധ സ്ഥലത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കു ശേഷം സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ സമരം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ബ്രിജ് ഭൂഷണ്‍ സിങ്ങിനെ പിന്തുണച്ച് ഫെഡറേഷന്‍ ഭാരവാഹികള്‍ വീണ്ടും രംഗത്തെത്തി. ഇതോടെ ബ്രിജ് ഭൂഷണ്‍ രാജിവയ്ക്കുംവരെ സമരം തുടരാന്‍ ഗുസ്തി താരങ്ങള്‍ തീരുമാനമെടുത്തു. കായികമന്ത്രാലയവുമായി നിരവധി തവണ ചര്‍ച്ചനടത്തിയിട്ടും ആരോപണ വിധേയരായവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചില ഗുസ്തിതാരങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രതികാരനടപടിയുണ്ടാകുമെന്ന് ഭയപ്പെടുന്നുണ്ട്. ഇവര്‍ ഇന്ത്യ വിട്ട് വിദേശത്തേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും സൂചനയുണ്ട്. 

Eng­lish Summary:The cen­tral gov­ern­ment cheat­ed; Wrestlers to strike again

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.