21 January 2026, Wednesday

Related news

January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

തര്‍ക്കത്തില്‍ കുരുങ്ങി കോൺഗ്രസ്:പുനഃസംഘടന നീളുന്നു

ബേബി ആലുവ
കൊച്ചി
January 22, 2023 11:22 pm

കോൺഗ്രസിലെ താഴെത്തട്ടിലുള്ള പുനഃസംഘടന നാനാവിധ കുരുക്കുകളിൽപ്പെട്ട് മുടന്തുന്നു. അടുത്ത അഞ്ചിനകം ജില്ലകളിൽ നിന്നുള്ള ഭാരവാഹിപ്പട്ടിക കൈമാറണമെന്ന് കെപിസിസി നിർദേശിച്ചിട്ടുണ്ടെങ്കിലും അത് എളുപ്പമല്ലെന്ന് ഏതാണ്ട് തീർച്ചയായിട്ടുണ്ട്.
ഡിസിസി ഭാരവാഹികൾ, ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാർ എന്നിവരെ സംബന്ധിച്ച, ജില്ലാതല പുനഃസംഘടനാ സമിതിയുടെ നിർദേശങ്ങൾ സമർപ്പിക്കാൻ 15 ദിവസത്തെ സമയ പരിധിയാണ് കെപിസിസി നല്‍കിയിട്ടുള്ളത്. അത് അടുത്ത അഞ്ചിന് അവസാനിക്കും. പല ജില്ലകളിലും പുനഃസംഘടന സമിതിയുടെ രൂപവല്‍ക്കരണത്തെക്കുറിച്ചു തന്നെ കടുത്ത തർക്കമുണ്ട്. സ്വന്തം ബലത്തിനനുസൃതമായി സമിതിയിൽ പ്രാതിനിധ്യം വേണമെന്ന് ഗ്രൂപ്പുകൾ അവകാശവാദം ഉന്നയിച്ചതോടെയാണ് സമിതി രൂപവല്‍ക്കരണം കീറാമുട്ടിയായത്. സമിതി രൂപവല്‍ക്കരിച്ച ചിലയിടങ്ങളിലാകട്ടെ, കാര്യങ്ങൾ വിചാരിച്ചതു പോലെ മുന്നോട്ടു പോയിട്ടുമില്ല. 

പരമ്പരാഗത ഗ്രൂപ്പ് സമവായങ്ങൾ മാറി മറിഞ്ഞതോടെ, പുതുതായി രൂപപ്പെട്ടിട്ടുള്ള ചേരികളും ഭാരവാഹിത്വത്തിനായി അവകാശമുന്നയിച്ച് രംഗത്തുണ്ട്. 10 കൊല്ലത്തിലേറെയായി സ്ഥാനത്ത് തുടരുന്ന ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാരുണ്ട്. അവരിൽ ചിലർ പദവിയിലെത്തിയതിനു ശേഷം മറുകണ്ടം ചാടിയവരാണ്. അങ്ങനെയുള്ളിടങ്ങളിലാണ് തർക്കം രൂക്ഷം.
എ ഗ്രൂപ്പിന്റെയോ ഐ ഗ്രൂപ്പിന്റെയോ ഭാഗമായി നിന്ന് സ്ഥാനം കിട്ടിയയാൾ മറുകണ്ടം ചാടിയിട്ടുണ്ടെങ്കിൽ, പദവി അയാൾ ആദ്യം നിന്ന ഗ്രൂപ്പിന് കിട്ടണമെന്നും അതല്ല, അയാൾ കാലുമാറിയെത്തിയ ഗ്രൂപ്പിന് കിട്ടണമെന്നുമുള്ള എ, ഐ തർക്കം പല ബ്ലോക്ക്, മണ്ഡലം ഘടകങ്ങളിലുമുണ്ട്. അവിടങ്ങളിൽ കുരുക്കഴിക്കുക എളുപ്പമല്ല. ഇങ്ങനെ തർക്കം നിലനിൽക്കുന്നയിടങ്ങളിൽ ഇരു ഗ്രൂപ്പിനും പുറത്തു നിന്നുള്ളയാളെ ഭാരവാഹിയാക്കണമെന്ന നിർദേശമുയർന്നിട്ടുണ്ടെങ്കിലും അധികാരം വിട്ടു കൊടുക്കാൻ ഗ്രൂപ്പുകൾ തയ്യാറല്ല. 

താഴെത്തട്ടിലെ പുനഃസംഘടനയ്ക്ക് കെപിസിസി നിശ്ചയിച്ച സമയപരിധിയാണ് മറ്റൊരു പ്രശ്നം. ആവശ്യമായ സമയം ലഭിച്ചിട്ടും അലംഭാവം പുലർത്തി സമയം പാഴാക്കുകയും ഇപ്പോൾ പെട്ടെന്ന് 15 ദിവസത്തെ കാലാവധി നിശ്ചയിച്ചിരിക്കുകയും ചെയ്തതിലാണ് അണികൾക്കും നല്ലൊരു ശതമാനം നേതാക്കൾക്കും എതിർപ്പ്. ഈ സമയ പരിധിക്കുള്ളിൽ പരസ്പരധാരണയോടെ പട്ടിക തയ്യാറാക്കാൻ കഴിയില്ലെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളിൽ പകുതിപ്പേർ യുവജനങ്ങളും പുതുമുഖങ്ങളും ആയിരിക്കണമെന്ന നിർദേശം കോൺഗ്രസിൽ അത്ര എളുപ്പമല്ലെന്ന ചിന്ത മുതിർന്ന നേതാക്കളിൽപ്പോലുമുണ്ട്. പട്ടിക രൂപപ്പെടുത്തുന്നത് സംബന്ധിച്ച പല നിർദേശങ്ങളും പുനരാലോചനയിൽ കെപിസിസി തിരുത്താനാണിട. 

Eng­lish Sum­ma­ry: Con­gress mired in con­tro­ver­sy: Reor­ga­ni­za­tion continues

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 20, 2026
January 20, 2026
January 20, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.