22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 16, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024
August 3, 2024
August 3, 2024
August 1, 2024

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ നടപടിയെടുക്കണം; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
January 25, 2023 5:54 pm

മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം.

ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണം. നിശ്ചിത കാലയളവുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബൈക്ക് സ്റ്റണ്ട് തടയുന്നതിന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സൈബര്‍ പെട്രോളിംഗ് ശക്തിപ്പെടുത്തണം. ഒന്നിലധികം തവണ കുറ്റകൃത്യം ആവര്‍ത്തിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിന് നടപടിയെടുക്കണം.

വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കണം. നിര്‍ദ്ദേശാനുസരണമുള്ള വേഗതയിലാണ് വാഹനങ്ങള്‍ ഓടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തം. ക്യാമറ സ്ഥാപിക്കുന്നതോടൊപ്പം പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം.

നമ്പര്‍ പ്ലേറ്റ് തിരിച്ചറിയാന്‍ സഹായിക്കുന്നതിന് വികസിപ്പിച്ച ഓട്ടോമാറ്റിക് നമ്പര്‍പ്ലേറ്റ് റെക്കഗ്നേഷന്‍ (എ.എന്‍.പി.ആര്‍) ക്യാമറകള്‍ ഇ‑ചലാന്‍ സംവിധാനവുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഹെവി വെഹിക്കിളുകളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കാന്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് രൂപരേഖ തയ്യാറാക്കണം. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് പാതകളിലും റോഡ് സുരക്ഷാ ഓഡിറ്റ് നടത്തി റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. റോഡ് സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കി ട്രാഫിക്ക് ഇഞ്ചിനിയറിംഗ് ഡിസൈന്‍സ് വികസിപ്പിക്കണം.

റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിവിളക്ക് സ്ഥാപിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കണം. ഗുഡ്‌സ് വാഹനങ്ങള്‍ അമിത ഭാരവുമായി വരുന്നത് നിയന്ത്രിക്കാന്‍ റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി, ലീഗല്‍ മെട്രോളജി, മോട്ടോര്‍വാഹന വകുപ്പ്, പോലീസ് എന്നിവര്‍ ഏകോപിതമായി ഇടപെടണം.

ഏറ്റവും പുതിയ റിയല്‍ ടൈം ആക്‌സിഡന്റ് ഡാറ്റ നാറ്റ്പാക്ക് ലഭ്യമാക്കണം. കോമ്പൗണ്ടബിള്‍ ഒഫന്‍സെസ് പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ട കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യേണ്ടതുണ്ടെങ്കില്‍ നടപടികള്‍ കൈക്കൊള്ളണം.

സ്‌കൂള്‍ കുട്ടികളുടെ വിനോദ സഞ്ചാരത്തിന് തയ്യാറാക്കിയ മാര്‍ഗ്ഗരേഖ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. റോഡ് സുരക്ഷ സംബന്ധിച്ച പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. സ്‌കൂളുകള്‍, കോളേജുകള്‍, പൊതു സ്ഥാപനങ്ങള്‍ മുതലായവയിലൂടെ ക്യാമ്പയിന്‍ പ്രവര്‍ത്തനം സാധ്യമാക്കണം.

ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികളുടെ സിലബസ്സില്‍ റോഡ് സുരക്ഷ സംബന്ധിച്ച് ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജു, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കമ്മീഷണര്‍ എസ്. ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Eng­lish Sum­ma­ry: licens­es of drugged dri­vers should be revoked cyber patrolling to pre­vent bike stunts pinarayi vijayan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.