റവന്യു നടപടി നേരിടുന്ന റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിൽ നടന്‍ ബാബു രാജിനെ അറസ്റ്റു ചെയ്തു.
നിയമാനുസൃതമായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യൂവകുപ്പ് നടപടിയുള്ള റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നടൻ ബാബുരാജിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ച ബാബുരാജിന് കോടതി ജാമ്യം അനുവദിച്ചു.
കേസിൽ നേരത്തെ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഉപാധികളോടെ ബാബുരാജിന് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സിഐ ബാബുരാജിൽ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നാർ ആനവിരട്ടിക്ക് സമീപം കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് ബാബുരാജ് നടത്തിവന്നിരുന്ന റിസോർട്ട്. ഇതിൽ 5 കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾപ്രകാരം നൽകിയിട്ടുള്ളതല്ലന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു.
ഈ സാഹചര്യം നിലനിൽക്കെ 2020 ഫെബ്രുവരി 26‑ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടുഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും പരാതിക്കാരനായ അരുൺകുമാർ പറയുന്നു. എന്നാൽ കരാറുകളിലെ വ്യവസ്ഥകളൊന്നും പാലിയ്ക്കാതെ വന്നതോടെ അരുൺകുമാർ തുക തിരികെ ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് അരുൺ കോടതിയെ സമീപിച്ചത്.
എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും പരാതിക്കാരനെ ഭീഷണിപ്പെടുത്തരുതെന്നും ജാമ്യത്തിൽ വ്യവസ്ഥയുണ്ട്.
English Summary: Actor Baburaj arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.