26 February 2026, Thursday

കോംട്രസ്റ്റ് സമര പോരാട്ടങ്ങൾക്ക് പിന്തുണ: വിവാഹ ക്ഷണപത്രവുമായി സമര പന്തലിൽ സുവർണയെത്തി

Janayugom Webdesk
കോഴിക്കോട്
February 7, 2023 9:22 pm

പതിനഞ്ച് വർഷം മുമ്പുള്ള ആ ദിനം ഇപ്പോഴും സുവർണയുടെ ഓർമ്മകളിലുണ്ട്. അച്ഛൻ അനുഭവിച്ച ഹൃദയ വേദന അവൾ അന്ന് കണ്ടറിഞ്ഞതാണ്. എന്നാൽ സംഭവത്തിന്റെ ഗൗരവം ആ പതിനൊന്നുകാരിക്ക് കൃത്യമായി അറിയില്ലായിരുന്നു. അച്ഛൻ ജോലി ചെയ്തിരുന്ന… തങ്ങളുടെ കുടുംബം മുന്നോട്ട് കൊണ്ടുപോയിരുന്ന കോംട്രസ്റ്റ് എന്ന സ്ഥാപനം അടച്ചുപൂട്ടിയത് എത്രയെത്ര കുടുംബങ്ങളെയാണ് പ്രതിസന്ധിയിലാക്കിയതെന്ന് അവൾ പിന്നീട് തിരിച്ചറിഞ്ഞു. അച്ഛനുൾപ്പെടെ തൊഴിലാളികൾ സമരമിരിക്കുന്ന പന്തലിലേക്ക് കഴിഞ്ഞ ദിവസം സുവർണയെത്തിയത് തൊഴിലാളികളെ.. അച്ഛന്റെ സഹപ്രവർത്തകരെ.. തന്റെ വിവാഹം ക്ഷണിക്കാനാണ്. കോംട്രസ്റ്റ് തൊഴിലാളി മൂടാടി പാലക്കുളം തെക്കെ ഭഗവതിക്കാവിൽ ദാമോദരന്റെ മകളാണ് സുവർണ. അവൾക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് 2009 ഫെബ്രുവരി ഒന്നിന് കോംട്രസ്റ്റ് വീവിങ്ങ് ഫാക്ടറി അടച്ചു പൂട്ടിയത്.

ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ടതോടെ ദാമോദരനും കുടുംബവും പ്രതിസന്ധിയിലായി. മക്കളെ പഠിപ്പിക്കാനും കുടുംബം പുലർത്താനുമായി ജോലികൾ പലതും അദ്ദേഹം തേടി. നെയ്ത്ത് അറിയാവുന്നതുകൊണ്ട് ഖാദിയുടെയും മറ്റും ചെറിയ ജോലികൾ കിട്ടി. ഇത്തരം ജോലികൾക്ക് പോവുന്നതിനൊപ്പം കോംട്രസ്റ്റ് ഫാക്ടറി സംരക്ഷിക്കാനായി തൊഴിലാളികൾ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിൽ കണ്ണി ചേർന്നു. 2012 ൽ കേരള നിയമസഭ ബില്ല് പാസാക്കിയതും 2018 ൽ ഇതിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതുമെല്ലാം സുവർണ അറിയുന്നുണ്ടായിരുന്നു. സർക്കാർ ഫാക്ടറി ഏറ്റെടുക്കുമെന്നും തങ്ങളെപ്പോലുള്ളവരുടെ വേദനകൾ അവസാനിക്കുമെന്നെല്ലാം അവൾ പ്രതീക്ഷിച്ചു.

എന്നാൽ തുടർ നടപടികളുണ്ടാവാതെ കാര്യങ്ങൾ വഴി മുട്ടിയപ്പോൾ അച്ഛനുൾപ്പെടെ വീണ്ടും സമരപ്പന്തലിലേക്ക് പോകുന്നത് സുവർണ കണ്ടു. ഇതിനിടയിലാണ് സുവർണയുടെ വിവാഹം നിശ്ചയിച്ചത്. മേപ്പയൂർ പാലയുള്ളതിൽ അർജുനാണ് വരൻ. ഫെബ്രുവരി 11 ന് കൂനംവെള്ളിക്കാവ് ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം. വളരെ പ്രയാസപ്പെട്ടാണ് അച്ഛൻ തന്നെ ഫാഷൻ ഡിസൈനിംഗ് കോഴ്സ് ഉൾപ്പെടെ പഠിപ്പിച്ചതെന്ന് സുവർണ പറയുന്നു. ഫാക്ടറി തുറന്നു പ്രവർത്തിപ്പിക്കുമെന്ന് സർക്കാർ തൊഴിലാളികൾക്ക് ഉറപ്പ് നൽകിയതാണ്. ഏറ്റെടുക്കൽ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ഉൾപ്പെടെ ലഭിക്കുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ഫാക്ടറി തുറക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല… എന്തുകൊണ്ട് ഉറപ്പുകൾ ലംഘിക്കുന്നു എന്നൊന്നും മനസ്സിലാവുന്നില്ലെന്നും സുവർണ പറയുന്നു.

വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും തന്നെ ഇത്രയെങ്കിലും എത്തിക്കാൻ അച്ഛന് കഴിഞ്ഞു. എന്നാൽ ജോലി നഷ്ടപ്പെട്ട് ജീവിതം തന്നെ തകർന്നുപോയ നിരവധി പേരുണ്ട്. അവർക്കെല്ലാം ആശ്വാസം പകരുന്ന വിധത്തിൽ എന്തെങ്കിലും നടപടി സർക്കാർ സ്വീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും സുവർണ വ്യക്തമാക്കുന്നു. സമരത്തിന്റെ അടുത്ത ഘട്ടമായി മാർച്ച് രണ്ടിന് കലക്ടേറ്റ് മാർച്ചും ധർണ്ണയും ഉൾപ്പെടെ നടത്താൻ എ ഐ ടി യു സി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന പോരാട്ടങ്ങൾക്ക്, സമര സമിതി നേതാവ് ഇ സി സതീശൻ ഉൾപ്പെടെയുള്ളവരെ പിന്തുണയറിയിച്ച്, തന്റെ വിവാഹത്തിന് അവരെ ക്ഷണിച്ചാണ് സുവർണ സമരപന്തലിൽ നിന്ന് മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.