22 November 2024, Friday
KSFE Galaxy Chits Banner 2

കാലിത്തീറ്റയ്ക്കെതിരെ അന്യസംസ്ഥാനലോബി; ക്ഷീരകര്‍ഷകസംഗമത്തില്‍ മുഖ്യ ചര്‍ച്ചാവിഷയം

കെ രംഗനാഥ്
തിരുവനന്തപുരം
February 10, 2023 10:55 pm

സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന കാലിത്തീറ്റയില്‍ വിഷാംശമുണ്ടെന്നും കറവമാടുകള്‍ ചത്തൊടുങ്ങുന്നുവെന്നുമുള്ള കുപ്രചരണത്തിന് പിന്നില്‍ അന്യസംസ്ഥാന ലോബിയാണെന്ന സംശയം ബലപ്പെടുന്നു. കഴിഞ്ഞ ദിവസം കാലിത്തീറ്റ കഴിച്ച ഒരു പശു കോട്ടയം ചമ്പക്കരയില്‍ ചത്തിരുന്നു. ഇതിനുപിന്നാലെ 257 പശുക്കള്‍ക്ക് കാലിത്തീറ്റ ഭക്ഷ്യവിഷബാധയേറ്റിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. കാലിത്തീറ്റ കഴിച്ച പശുക്കള്‍ അവശരാകുന്നുവെന്നും പാല്‍ ഉല്പാദനം കുറയുന്നുവെന്നുമായിരുന്നു പ്രചരണം. അന്യസംസ്ഥാന കാലിത്തീറ്റകളുടെ വില്പന ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രചരണം. ഇന്നലെ തൃശൂരിലെ മണ്ണുത്തി വെറ്ററിനറി കോളജ് അങ്കണത്തില്‍ ആരംഭിച്ച അഞ്ച് ദിവസം നീണ്ടുനില്ക്കുന്ന ക്ഷീരകര്‍ഷക മഹാസംഗമത്തിനു മുന്നോടിയായാണ് ഈ കുപ്രചരണമെന്നതും ശ്രദ്ധേയം. സംസ്ഥാനത്ത് പ്രതിദിനം 91.4 ലക്ഷം ലിറ്റര്‍ പാലാണ് ചെലവാകുന്നത്.

ഇതില്‍ ഒരുഭാഗം തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ഈ പാലില്‍ ആറ് ലക്ഷത്തിലധികം ലിറ്റര്‍ മാരക രാസവിഷപദാര്‍ത്ഥങ്ങള്‍ കലര്‍ത്തിയവയാണെന്ന് സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ലാബുകളില്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ മുതല്‍ 2022 നവംബര്‍ 30 വരെയുള്ള കണ്ടെത്തലാണിതെന്ന് രാജു വാഴക്കാലയ്ക്ക് വിവരാവകാശ നിയമമനുസരിച്ച് നല്കിയ രേഖയില്‍ പറയുന്നു. വിഷപ്പാലിന്റെ നുഴഞ്ഞുകയറ്റം തടയാന്‍ ക്ഷീരവികസന വകുപ്പ് ഊര്‍ജിത നടപടികളെടുത്തതും അന്യസംസ്ഥാന ലോബികളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കാലിത്തീറ്റ ഭക്ഷ്യവിഷബാധമൂലം വിഷപ്പാലാണ് ഉല്പാദിപ്പിക്കുന്നതെന്ന വ്യാജപ്രചരണം നടത്തി കള്ളക്കടത്ത് പാല്‍ കൊണ്ടുവരുന്നത് സുഗമമാക്കാനാണ് ഗൂഢാലോചനയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലക്കാട്ടെ മീനാക്ഷിപുരം, കൊല്ലത്തെ ആര്യങ്കാവ്, തിരുവനന്തപുരത്തെ അമരവിള ചെക്ക്പോസ്റ്റുകള്‍ വഴിയും അതിര്‍ത്തികളിലെ ഊടുവഴികള്‍ വഴിയുമാണ് അന്യസംസ്ഥാന വിഷപ്പാല്‍ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കാലിത്തീറ്റമൂലമുള്ള ഭക്ഷ്യവിഷബാധമൂലമല്ല പശുക്കളുടെ മരണമെന്നാണ് ഈ രംഗത്ത് ഗവേഷണം നടത്തുന്ന ജോയ് കൊടുങ്ങല്ലൂര്‍ പറയുന്നത്. പശുവടക്കമുള്ള കറവമാടുകളിലെ പൊട്ടന്‍ഷ്യല്‍ ഓഫ് ഹെെഡ്രജന്‍ എട്ടിനു മുകളിലാണ്. കൃത്യമായ ഭക്ഷണ ക്രമത്തിലൂടെ മാത്രമെ ഈ അളവ് നിലനിര്‍ത്താനാവു. സംസ്ഥാനത്തെ മിക്ക പശുക്കളുടെയും പൊട്ടന്‍ഷ്യല്‍ ഹെെഡ്രജന്‍ അഞ്ച് ശതമാനത്തിന് താഴെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കാലിത്തീറ്റമൂലമല്ല ഭക്ഷണക്രമത്തിലെ കൃത്യത പാലിക്കാത്തതിനാലാണ് പശുക്കള്‍ അടുത്ത ദിവസം ചത്തുപോകുന്നതെന്ന് ജോയ് കണ്ടെത്തി.

മനുഷ്യനെയും മാടുകളെയും സൃഷ്ടിച്ചിരിക്കുന്നതാകട്ടെ അമ്ലപരിധിയിലല്ല ആല്‍ക്കലെെന്‍ പരിധിയിലാണുതാനും. പൊട്ടന്‍ഷ്യല്‍ ഹെെഡ്രജന്‍ പൂജ്യം മുതല്‍ ഏഴ് വരെ അമ്ലപരിധിയിലും ഏഴിനുമുകളില്‍ ക്ഷാരപരിധിയിലുമാണ്. പൊട്ടന്‍ഷ്യല്‍ ഹെെഡ്രജന്റെ ഈ താളപരിധി തകിടംമറിയുന്നതുമൂലമാണ് പശുക്കള്‍ രോഗബാധിതരാകുന്നതും ചത്തൊടുങ്ങുന്നതും. മേഞ്ഞുനടന്ന് ആഹാരം കഴിക്കുന്ന പശുക്കളില്‍ ഈ താളക്രമം കൃത്യമായി പാലിക്കപ്പെടുകയും ചെയ്യുന്നു. കാലിത്തീറ്റ മാത്രം നല്കി വളര്‍ത്തുന്ന കാലികളില്‍ രോഗബാധയുണ്ടാകുന്നതും പാല്‍ ഉല്പാദനം കുറയുന്നതും ചാകുന്നതും കാലിത്തീറ്റമൂലമാണെന്ന വാദമാണ് ഇതോടെ നിരാകരിക്കപ്പെടുന്നതെന്നും ജോയ് പറയുന്നു. മണ്ണുത്തി ക്ഷീരസംഗമം ഈ വിഷയങ്ങള്‍ ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Eng­lish Sum­ma­ry: cat­tle feed poisoning
You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.