18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 29, 2024
May 17, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 12, 2024
March 12, 2024
March 11, 2024
March 8, 2024

കേന്ദ്രം വില്പനയ്ക്ക് വച്ച ജനസമ്പാദ്യം

കെ പി ശങ്കരദാസ്
February 20, 2023 4:30 am

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സ്വകാര്യവൽക്കരണത്തിന്റെ പാതയിലാണ്. നിലവിലുള്ള മുഴുവൻ പൊതുമേഖലാ ബാങ്കുകളെയും ലയിപ്പിച്ച് ആഗോളതലത്തിലെ ഏറ്റവും വലിയ അമ്പതു ബാങ്കുകളിലൊന്നായി എസ്ബിഐയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നായിരുന്നു പ്രചാരണം. ഇതിന്റെ ആദ്യ പരീക്ഷണമെന്ന നിലയിലാണ് ഏഴ് അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിച്ചതും ആഗോളതലത്തിൽ 47-ാമത്തെ വലിയ ബാങ്കെന്ന സ്ഥാനം നേടിയതും. ഇതിനു മുമ്പ് എസ്ബിഐയുടെ സ്ഥാനം 67 ആയിരുന്നു. എന്നാൽ പ്രഖ്യാപിതലക്ഷ്യം പാടെ ലംഘിച്ചുകൊണ്ടുള്ള നടപടികളുമായാണ് എസ്ബിഐയുടെ മുന്നോട്ടുള്ള പോക്ക്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെയും സ്വകാര്യ ബാങ്കുകളെയും ലയിപ്പിച്ച് എസ്ബിഐയെ ഒറ്റ ബാങ്കാക്കി മാറ്റി കോർപറേറ്റുകൾക്ക് അടിയറവയ്ക്കുക എന്നതായിരുന്നു മുഖ്യലക്ഷ്യമെന്നു ബോധ്യം വരുന്ന സംഭവപരമ്പരകളാണ് ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 1949 ലെ ബാങ്ക് നിയന്ത്രണ നിയമവും, 1969ലെയും 1980ലെയും ദേശസാൽക്കരണ നിയമവും ഭേദഗതി ചെയ്തു. തുടക്കം എന്ന നിലയിൽ രണ്ട് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ 2022–23ലെ ബജറ്റിൽ പ്രഖ്യാപിച്ചു. എസ്ബിഐ ഒഴിച്ചുള്ള ബാങ്കുകളെ മാത്രമേ സ്വകാര്യവൽക്കരിക്കാവു എന്ന് നിതി ആയോഗിന്റെ മുൻ വൈസ് ചെയർമാൻ അരവിന്ദ് നാഗരിയുടെയും റിസർവ് ബാങ്കിന്റെയും മറ്റും ഭാഗത്തുനിന്ന് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്നു.

കഴിഞ്ഞ ആഴ്ച അവതരിപ്പിച്ച 2023–24ലെ ബജറ്റിൽ ബാങ്കിങ് റെഗുലേഷൻസ് ആക്ട്, ബാങ്കിങ് കമ്പനീസ് ആക്ട്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട് എന്നിവയിൽ ഭേദഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. എന്തെല്ലാം മാറ്റങ്ങളാണ് ഈ നിയമങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ബാങ്കിങ് ഭരണസംവിധാനം മെച്ചപ്പെടുത്താനും, നിക്ഷേപകർക്കുള്ള സംരക്ഷണം ശക്തിപ്പെടുത്താനുമുള്ള നിയമ പരിഷ്കരണങ്ങൾ ആയിരിക്കുമെന്നാണ് സൂചന. ശാഖകൾ പൂട്ടിയും, ജീവനക്കാരെ കുറച്ചും, ചെറുകിട ബിസിനസ് ഇടപാടുകൾ നിർത്തലാക്കിയുമാണ് എസ്ബിഐ സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടിയിരിക്കുന്നത്. കൂടുതൽ ശാഖകൾ അടച്ചുപൂട്ടലിനായി “സെയിൽസ് ഫോഴ്സ്” രൂപീകരിക്കുന്നതിനുള്ള തീരുമാനം അടിയന്തരമായി നടപ്പാക്കുന്നതിനുള്ള ശ്രമത്തിലാണ്. ബാങ്കിലെ സ്ഥിരം ജീവനക്കാരെ മാർക്കറ്റിങ് ജീവനക്കാരായി മാറ്റാനും തീരുമാനിച്ചിരിക്കുകയാണ്. ഇതിലേക്കായി മൾട്ടി പ്രൊഡക്ട് സെയിൽസ് ഫോഴ്സ് രൂപീകരിക്കുമത്രേ. ഒരു പരീക്ഷണ മേഖലയായി കാണുന്ന കേരളത്തിൽ നിന്ന് 1,200 ജീവനക്കാരെ ഫോഴ്സിലേ‌ക്ക് മാറ്റുകയാണ്. അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തോടെ എസ്ബിഐയുടെ 11,205 ശാഖകൾ പൂട്ടി. ഇതിൽ തൊണ്ണൂറ് ശതമാനവും ഗ്രാമീണ മേഖലയിൽ നിന്നായിരുന്നു. ഇവിടെയുണ്ടായിരുന്ന ഇടപാടുകാരെ മുഴുവനും 22,219 ശാഖകളിലേ‌ക്ക് മാറ്റിയതോടെ ഇവരിൽ ഭൂരിപക്ഷം പേരും ബാങ്കുകളുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് റിപ്പോർട്ട്.


ഇതുകൂടി വായിക്കു: യാഥാര്‍ത്ഥ്യങ്ങളോട് പുറംതിരിഞ്ഞ ബജറ്റ്


ബാങ്ക് ലയനത്തിന് മുമ്പ് 15,000ത്തിൽപ്പരം ജീവനക്കാരെ സ്വയംവിരമിക്കൽ വഴി ഒഴിവാക്കിയിരുന്നു. 30,000 ക്ലറിക്കൽ തസ്തികയിൽ നിയമനം ഇല്ലാതാക്കി. കുറവുവരുന്ന ജീവനക്കാര്‍ക്ക് പകരം ജോലിക്ക് പുറംകരാറുണ്ടാക്കിയിരിക്കുകയാണ്. ഇതിലേക്കായി ‘സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ്’ എന്ന പേരിൽ ഒരു സ്വകാര്യ സ്ഥാപനവും രൂപവൽക്കരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന് എസ്ബിഐയിൽ 56.92 ശതമാനം ഓഹരി മാത്രമേ ഉള്ളു. ബാങ്കിന്റെ പ്രവർത്തനങ്ങൾ ഇരുപത്തിരണ്ട് സബ്സിഡിയറി കമ്പനിയിലേ‌ക്ക് മാറ്റി. ഇനി മുതൽ എസ്ബിഐക്ക് ഹോൾഡിങ് കമ്പനി പദവി മാത്രമേ ഉണ്ടായിരിക്കൂ. തുടർന്നങ്ങോട്ട് സബ്സിഡിയറി കമ്പനികളുടെ ഓഹരികൾ യഥേഷ്ടം വാങ്ങിക്കൂട്ടുന്നത് കോർപറേറ്റുകളായിരിക്കും. റിലയൻസുമായി ചേർന്ന് രൂപീകരിച്ച ‘ജിയോ പെയ്‌മെന്റ് ബാങ്കി‘ൽ എസ്ബിഐയുടെ ഓഹരി മുപ്പത് ശതമാനമാണ്. ചെറുകിട കാർഷികവായ്പാ വിതരണവും എസ്ബിഐ കൈവിട്ടു. അഡാനി ക്യാപിറ്റൽ കമ്പനിയുമായി ചേര്‍ന്ന് തുടങ്ങിയ മാതൃകയിൽ നിരവധി സ്വകാര്യ കമ്പനികളുമായി കരാറുണ്ടാക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 80 ശതമാനം നല്കുമ്പോൾ അഡാനിയെപ്പോലുള്ള കോർപറേറ്റുകളുടെ കമ്പനികൾ 20 ശതമാനം നൽകും. ആർക്കെല്ലാമാണ് വായ്പ നൽകേണ്ടതെന്ന് തീരുമാനിക്കുന്നത് എൻബിഎഫ്‌സിയാണ്. ഈ കരാറിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കേണ്ടിവരുന്നത് എസ്ബിഐയാണ്. കേന്ദ്ര സർക്കാർ അവർക്ക് താല്പര്യമുള്ള കോർപറേറ്റുകൾക്കു വേണ്ടി പടുകുഴിയിലാക്കുകയെന്ന കിരാത നടപടിയായി കോ-ലെൻഡിങ് സംവിധാനത്തിനും തുടക്കമിട്ടു. ഭവനവായ്പാ വിതരണവും സ്വകാര്യ കമ്പനികളെ ഏല്പിച്ചുതുടങ്ങി.

രാജ്യത്തിന്റെ നട്ടെല്ലായ സാമ്പത്തിക മേഖലയെ സമ്പൂർണമായി കോർപറേറ്റുകൾക്ക് കയ്യടക്കാനുള്ള വഴി തുറന്നുകൊടുത്തിരിക്കുകയാണ്. 2008–09ൽ ആഗോളതലത്തിൽ ഉണ്ടായ കടുത്ത പ്രതിസന്ധിയുടെ ഉറവിടം സ്വകാര്യമേഖലയുടെ ആധിപത്യമായിരുന്നുവെന്നാണ് വിലയിരുത്തൽ. സ്വകാര്യവൽക്കരണത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തിയ പൊതുമേഖലാ ബാങ്കുകളുടെ ലയനവും, ഇടത്തരം കുടുംബങ്ങൾക്ക് നൽകിയിരുന്ന ചെറുകിട വായ്പകൾ നിർത്തലാക്കിയതും ലക്ഷക്കണക്കായ ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെട്ടതും കോടിക്കണക്കായ ജനങ്ങളുടെ ജീവനും ജീവിതവും ദുരിതത്തിലാക്കി. പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണം 2021ൽ 8,07,048 ആയിരുന്നത് 2022ൽ 7,94,040 ആയി കുറഞ്ഞു. പൊതുമേഖലാ ബാങ്കുകളിൽ നിന്നും കോർപറേറ്റുകൾ വായ്പയെടുത്ത സഹസ്രകോടികൾ തിരിച്ചടയ്ക്കുന്നതിൽ മനഃപൂർവം വരുത്തുന്ന വീഴ്ചകളാണ് ബാങ്കുകളെ നഷ്ടത്തിലാക്കുന്നത്. ബാങ്കുകൾക്ക് ഉണ്ടാകുന്ന ലാഭത്തിൽ നിന്നും കിട്ടാക്കടം ഒഴിവാക്കേണ്ടിവരുന്നതാണ് ലാഭത്തിൽ കുറവ് കാണിക്കുന്നത്. ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 8.7 ലക്ഷം കോടി. 2014 ൽ ഇത് 2.24 ലക്ഷം കോടിയായിരുന്നു. കേന്ദ്രസർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് പൊതുമേഖലാ ബാങ്കുകൾ കോർപറേറ്റുകൾക്ക് കോടികളുടെ വായ്പ അനുവദിക്കുന്നതെന്നാണിത് തെളിയിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ ബാങ്കുകൾ എഴുതിത്തള്ളിയ പത്തു ലക്ഷം കോടിയോളം വരുന്ന കിട്ടാക്കടത്തിൽ നിന്നും തിരിച്ചുപിടിക്കാനായത് കേവലം 13 ശതമാനം മാത്രമാണെന്നാണ് റിസർവ് ബാങ്ക് വെളിപ്പെടുത്തൽ. ആറ് വര്‍ത്തിനിടെ 11.17 ലക്ഷംകോടി രൂപ എഴുതിത്തള്ളിയതിൽ നിന്ന് തിരിച്ചുപിടിച്ചത് 1.32 ലക്ഷം കോടി രൂപ മാത്രമാണെന്ന് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് പുറത്തുവന്നത്.


ഇതുകൂടി വായിക്കു:  സഹകരണരംഗവും കേന്ദ്രം പിടിച്ചടക്കുന്നു


കിട്ടാക്കടം എഴുതിത്തള്ളിയതിൽ കൂടുതലും പൊതുമേഖലാ ബാങ്കുകളാണ്. കടബാധ്യത വരുത്തിയവരുടെ പട്ടികയിൽ 50 പേരും കോർപറേറ്റുകളാണ്. ഓഹരി വിപണിയിലുണ്ടായിട്ടുള്ള തിരിമറികൾ വഴി ആര്‍ജിച്ച സമ്പാദ്യം ഉള്ളതുകൊണ്ട് കോർപറേറ്റുകൾക്കൊന്നും സംഭവിക്കാൻ പോകുന്നില്ല. നഷ്ടം വന്നുപതിക്കുക ചെറുകിട‑ഇടത്തരം നിക്ഷേപകർക്കും ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങൾക്കുമാണ്. രാജ്യത്ത് അസമത്വവും ദാരിദ്യ്രവും തൊഴിലില്ലായ്മയും ഭീകരമായി വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സാധാരണ ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതിന് അല്പംപോലും ദയ കാണിക്കാൻ തയ്യാറാകാതെ മോഡി സർക്കാർ രാജ്യത്തെ ബാങ്കുകളുടെയും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും സമ്പത്ത് കൊള്ളയടിച്ച് അവരുടെ സമ്പാദ്യം ഗണ്യമായി വർധിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതിനുള്ള തിടുക്കത്തിലായിരുന്നു. ഉദാഹരണമായി 2014ൽ നരേന്ദ്രമോഡി അധികാരത്തിൽ വരുമ്പോൾ ആഗോള സമ്പന്നരുടെ പട്ടികയിൽ ഗൗതം അഡാനിയുടെ സ്ഥാനം 609 ആയിരുന്നു. അത് 2022ല്‍ രണ്ടാം സ്ഥാനമായി. 2014ൽ അഡാനിയുടെ ആസ്തി 800 കോടി ഡോളർ, 2022ൽ 14,000 കോടി ഡോളർ.

ശതകോടീശ്വരന്മാരുടെ എണ്ണം 101ൽ നിന്ന് 142 ആയി വർധിച്ചു. എസ്ബിഐ ഉൾപ്പെടെയുള്ള ഇന്ത്യയിലെ എല്ലാ പൊതുമേഖലാ ബാങ്കുകളും വൻ ലാഭത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഈ അടുത്തകാലത്ത് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 65.7 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു ബാങ്ക് ഒഴികെ 11 പൊതുമേഖലാ ബാങ്കുകൾ ചേർന്ന് 28,260 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. ലാഭത്തിന്റെ പകുതിയിലധികവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്, 14,205 കോടി രൂപ. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനത്തിന്റെ മേൽനോട്ടവും നിയന്ത്രണവും റിസർവ് ബാങ്കിന്റെ അധികാരപരിധിയിൽപ്പെട്ടതാണ്. രാജ്യത്തിന്റെ ധനപരമായ സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പാക്കാനുള്ള ഉത്തരവാദിത്തവും റിസർവ് ബാങ്കിനാണ്. ഈ അധികാരമെല്ലാം നിർജീവമായോ എന്ന ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. രാജ്യത്തെ സാമ്പത്തിക‑വ്യവസായ മേഖലകൾ കോർപറേറ്റുകളുടെ കൈപ്പിടിയിൽ ഒതുങ്ങിയാൽ ഉണ്ടാകാവുന്ന പ്രതിസന്ധിയുടെ വ്യാപ്തി കണക്കുകൂട്ടലിനുമപ്പുറമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.