നിലവിലെ എംസി റോഡിന് സമാന്തരമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന തിരുവനന്തപുരം-അങ്കമാലി നാലുവരി മലയോര പാതയുടെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ആറ് ജില്ലകളിലൂടെ കടന്നുപോകുന്നതും 12,904 കോടി രൂപ ചെലവ് കണക്കാക്കിയിരിക്കുന്നതുമായ പാതയുടെ നീളം 233.220 കിലോമീറ്ററും വീതി 45 മീറ്ററുമാണ്.
എംസി റോഡിൽ അനുഭവപ്പെടുന്ന ഗതാഗതത്തിരക്കിന് അറുതി വരുത്തുന്നതിനു വേണ്ടിയുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം — കൊട്ടാരക്കര — കോട്ടയം — അങ്കമാലി മലയോര പാതയ്ക്ക് അനുമതിയായത്. ശബരിമല, എരുമേലി, ഭരണങ്ങാനം, മലയാറ്റൂർ, കാലടി തീർത്ഥാടകർക്ക് പ്രയോജനപ്പെടുംവിധം തീർത്ഥാടന — ടൂറിസം മേഖലകളെ പാത ബന്ധിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വിനോദ സഞ്ചാരമേഖലയ്ക്കും അവികസിത മലയോര ഗ്രാമങ്ങളുടെ വികസനത്തിനും പാത സഹായകമാവുമെന്നാണ് പ്രതീക്ഷ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച്, പ്രധാന നഗരങ്ങളെ ഒഴിവാക്കി ജനവാസം കുറഞ്ഞ മേഖലകളിലൂടെയാണ്, ഗ്രീൻ ഫീൽഡ് സാമ്പത്തിക ഇടനാഴി എന്ന് ഉപരിതല ഗതാഗത മന്ത്രാലയം വിശേഷിപ്പിക്കുന്ന പാത കടന്നുപോകുന്നത്. നിലവിലുള്ള സംസ്ഥാന പാതയായ എംസി റോഡ് തിരുവനന്തപുരത്തെ കേശവദാസപുരത്തു നിന്ന് തുടങ്ങി കിളിമാനൂർ, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ, മുവാറ്റുപുഴ, പെരുമ്പാവൂർ വഴി പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ച് അങ്കമാലിയിൽ ദേശീയ പാത 47ൽ സന്ധിക്കുന്നതാണ്. 240 കിലോമീറ്ററാണ് ദൈർഘ്യം.
മലയോര പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമി തിരുവനന്തപുരം ജില്ലയിൽ 108.05 ഹെക്ടർ, കൊല്ലം 212.79 ഹെക്ടർ, പത്തനംതിട്ട 180. 94 ഹെക്ടർ, കോട്ടയം 225.55 ഹെക്ടർ, ഇടുക്കി 29.04 ഹെക്ടർ, എറണാകുളം 260 ഹെക്ടർ എന്നിങ്ങനെ മൊത്തം 1,010 ഹെക്ടറാണ്.
തിരുവനന്തപുരത്ത പുളിമാത്ത് നിന്നു തുടങ്ങി കല്ലറ, കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, കോന്നി, റാന്നി, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, മുവ്വാറ്റുപുഴ, കോതമംഗലം, മലയാറ്റൂർ, കാലടി പിന്നിട്ട് അങ്കമാലിയിൽ ദേശീയ പാത 544 ന് തുടർച്ചയെന്ന രീതിയിൽ ആരംഭിക്കുന്ന അങ്കമാലി- കുണ്ടന്നൂർ ബൈപാസിൽ അവസാനിക്കുന്ന വിധത്തിലാണ് ഗ്രീൻ ഫീൽഡ് സാമ്പത്തിക ഇടനാഴിയുടെ രൂപകല്പന.
English Summary: Mountain road comes for smooth travel and tourism
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.