23 November 2024, Saturday
KSFE Galaxy Chits Banner 2

ഗുണ്ടകളായ മക്കളോടുള്ള പക: പത്തനംതിട്ടയില്‍ വീട്ടില്‍ക്കയറി അമ്മയെ അടിച്ചുകൊന്നു

Janayugom Webdesk
പത്തനംതിട്ട
February 20, 2023 2:33 pm

മാരൂരിൽ ഗുണ്ടാസംഘങ്ങളുടെ കുടിപ്പകയെ തുടർന്ന് വീടു കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. ഏനാദിമംഗലം മാരൂർ വടക്കേ ചരുവിൽ ബാഹുലേയന്റെ ഭാര്യ സുജാതയാണ് (55) മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം.
തലയോട്ടിക്ക് രണ്ടിടത്ത് പൊട്ടൽ സംഭവിച്ചതിനെ തുടർന്ന് സർജറി നടത്തിയപ്പോള്‍ രണ്ടു തവണ സുജാതയ്ക്ക് ഹൃദയാഘാതം ഉണ്ടായി. വെന്റിലേറ്ററിൽ കഴിയുന്നതിനിടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. സുജാതയുടെ മക്കളും ഗുണ്ടാത്തലവൻമാരുമായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവരെ തേടിയെത്തിയ സംഘം ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകർത്തത്. മുഖം തോർത്ത് കൊണ്ട് മറച്ചെത്തിയ അക്രമികളെ തടയാൻ ചെന്ന സുജാതയെ ഇരുമ്പു കമ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചിരുന്നു. കല്ലുകൊണ്ടുള്ള ഏറുകൊണ്ട് വാരിയെല്ലിനും പരിക്കേറ്റു.

അക്രമി സംഘത്തെ കണ്ട് സൂര്യലാലും ചന്ദ്രലാലും രക്ഷപ്പെട്ടിരുന്നു. ഇതിൽ സൂര്യലാലിനെ അടൂർ സ്റ്റേഷനിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയിട്ടുള്ളതാണ്. സുജാതയ്ക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കഞ്ചാവ് വിറ്റ കേസിൽ അടക്കം ഇവർ പ്രതിയായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് അടൂർ പൊലീസ് ഇവരെ കഞ്ചാവുമായി പിടികൂടിയിരുന്നു. നേരത്തേ ചാരായം വില്പനയ്ക്ക് പല തവണ കേസെടുത്തിട്ടുണ്ട്.
കുറുമ്പകര മുളയങ്കോട് ശനിയാഴ്ച രാത്രി എട്ടു മണിയ്ക്കാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ശരൺ, സന്ധ്യ എന്നീ അയൽവാസികൾ തമ്മിൽ വസ്തു സംബന്ധമായ തർക്കം നിലനിന്നിരുന്നു. സന്ധ്യയുടെ ബന്ധുവായ അനിയും ഇയാളുടെ സുഹൃത്തുക്കളായ സൂര്യലാലും അനിയൻ ചന്ദ്രലാലും ചേർന്ന് ശരണിനെയും ബന്ധുക്കളെയും വീട് കയറി ആക്രമിച്ചു. ആക്രമിക്കപ്പെട്ട ശരണും സംഘവും ഞായറാഴ്ച രാത്രി 11 മണിയോടെ സൂര്യലാലിന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു.

ശങ്കു, ചുട്ടിയെന്ന് വിളിക്കുന്ന ശരത്, കൊച്ചുകുട്ടൻ, ശരൺ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. അക്രമി സംഘം വീട്ടിൽ ഉണ്ടായിരുന്ന സാധനങ്ങൾ വാരി കിണറ്റിലിട്ടു. വീടും അടിച്ചു തകർത്തു. പിറ്റ്ബുൾ ഇനത്തിൽപ്പെട്ട പട്ടിയെയും അക്രമിച്ചു. അടൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് ഈ പ്രദേശം. ആദ്യം ആക്രമിക്കപ്പെട്ട ശരണിന്റെ വീട് ഏനാത്ത് പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ്. രണ്ടു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Eng­lish Sum­ma­ry: kap­pa case accused moth­er died in pathanamthit­ta in goon gang house attack-
You may also like this video

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.