20 January 2026, Tuesday

ട്രാക്കിൽ വീഡിയോ ഷൂട്ട്; രണ്ടു യുവാക്കൾ ട്രെയിന്‍ തട്ടി മരിച്ചു

web desk
ന്യൂഡൽഹി
February 25, 2023 3:36 pm

റയിൽവേ ട്രാക്കിൽ വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വൻശ് ശർമ്മ (23), മോനു (20) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് അറിയിച്ചു. ഡൽഹി കാന്തി നഗർ ഫ്ലൈ ഓവറിന് സമീപമാണ് അപകടം നടന്നത്. ഇവരുടെ മൊബൈൽ ഫോണുകൾ റയിൽവേ പാളത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

ട്രെയിനിന്റെ ലൈവ് വീഡിയോ ചിത്രീകരിക്കാനാണ് ഇരുവരും ട്രാക്കിലെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് അയച്ചു. മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയായിരുന്നു ശർമ്മ. സെയിൽസ്മാനായി ജോലി ചെയ്തിരുന്ന മോനു, ഡൽഹി യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിൽ ബിഎയ്ക്ക് പഠിക്കുകയായിരുന്നു. റയിൽവേ ട്രാക്കിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതായി ഓൾഡ് ഡൽഹി റയിൽവേ സ്റ്റേഷനിലെ ഷഹ്ദാര പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

ഇൻസ്റ്റാഗ്രാമിൽ ശർമ്മയ്ക്ക് രണ്ട് അക്കൗണ്ടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു അക്കൗണ്ടിൽ ഒരു വീഡിയോ ക്രിയേറ്റര്‍ എന്നും രണ്ടാമത്തേതിൽ രാഷ്ട്രീയക്കാരന്‍ എന്നുമാണ് അവകാശപ്പെട്ടിരിക്കുന്നത്. അക്കൗണ്ടുകളിലൊന്നിൽ ശർമ്മയുടെയും മോനുവിന്റെയും റയില്‍വേ സ്റ്റേഷനുകളിലും ട്രാക്കുകളിലും ഷൂട്ട് ചെയ്ത നിരവധി വീഡിയോകൾ കണ്ടെത്തി. ട്രെയിനുകൾ കടന്നുപോകുമ്പോൾ ഇരുവരും ട്രെയിനിൽ നിന്ന് ചാടുന്നതും ട്രാക്കുകൾക്ക് ചുറ്റും ഓടുന്നതും ചിലർ കാണിച്ചു. മോനുവിനും രണ്ട് ഇൻസ്റ്റാഗ്രാം പ്രൊഫൈലുകളും ഉണ്ടായിരുന്നു. ഒന്നില്‍ വീഡിയോ ക്രിയേറ്ററും മറ്റൊന്നില്‍ ഫോട്ടോഗ്രാഫറും എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

 

Eng­lish Sam­mury: two col­lege stu­dents were killed, Over By Train In Del­hi While Shoot­ing Reels On Rail­way Track

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.