വെറും അഞ്ച് രൂപയ്ക്ക് സുരക്ഷിതവും തണുപ്പിച്ചതുമായ കുടിവെള്ളം 24 മണിക്കൂറും ലഭ്യമാകുമെന്ന വാഗ്ദാനത്തോടെയായിരുന്നു വാട്ടർ വെൻഡിങ് യന്ത്രങ്ങൾ സ്ഥാപിച്ചത്. എന്നാൽ റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിച്ച വാട്ടർ വെൻഡിങ് യന്ത്രങ്ങൾ പണിമുടക്കി കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെ.
ട്രെയിൻ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2018ൽ റെയിൽവേ ഐആർസിടിസി മുഖാന്തിരം പദ്ധതി ആരംഭിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട റെയിൽവേ പ്ലാറ്റ്ഫോമുകളിലെല്ലാം വാട്ടർ വെൻഡിങ് യന്ത്രങ്ങൾ സ്ഥാപിക്കുകയും ചെയ്തു. 450 സ്റ്റേഷനുകളിലായി 1100 വാട്ടർ വെൻഡിങ് മെഷീനുകളാണ് ഐആർസിടിസി സ്ഥാപിച്ചത്. ഓട്ടോമാറ്റിക് മോഡിലും അല്ലെങ്കിൽ നിയോഗിക്കപ്പെട്ട ആൾ മുഖേനയോ മെഷീനിൽ നിന്ന് വെള്ളമെടുക്കാമെന്നും നടത്തിപ്പിനായി ആളെ ചുമതലപ്പെടുത്തുന്നതിലൂടെ നിരവധി പേർക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാൽ നാലു വർഷം പിന്നിട്ടപ്പോഴേക്കും പദ്ധതി നിലച്ച സ്ഥിതിയിലാണ്.
യന്ത്രങ്ങളെല്ലാം പണിമുടക്കിയതോടെ പദ്ധതിയും താളം തെറ്റി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ട്രെയിനുകൾ കുറയ്ക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെ യന്ത്രങ്ങളും വിസ്മൃതിയിലായി. പിന്നീട് കോവിഡ് നിയന്ത്രണങ്ങളെല്ലാം മാറി ട്രെയിൻ സർവീസ് പഴയപടി ആയെങ്കിലും വാട്ടർ വെന്‍ഡിങ് യന്ത്രങ്ങൾ മാത്രം പൂർവ സ്ഥിതിയിലായില്ല. കൊച്ചുവേളി ഉൾപ്പെടെ ചില സ്റ്റേഷനുകളിൽ യന്ത്രം തകരാറാണെന്ന ബോർഡുകൾ അധികൃതർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ പല സ്റ്റേഷനുകളിലും ഇത്തരം ബോർഡുകൾ ഒന്നും ഇല്ല. അറിയാതെ യന്ത്രം ഉപയോഗിക്കുന്നവർ വെട്ടിലാവുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. അഞ്ച് രൂപ നാണയം യന്ത്രത്തിൽ നിക്ഷേപിക്കുമ്പോൾ വെള്ളം കിട്ടില്ലെന്ന് മാത്രമല്ല പണം നഷ്ടമാവുകയും ചെയ്യും. പലരും ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതികൾ നൽകാറുണ്ടെങ്കിലും നിസഹായത അറിയിക്കുക മാത്രമാണ് സ്റ്റേഷൻ അധികൃതർ.
ഐആർസിടിസി കരാർ നൽകിയ ആന്ധ്രാപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വാട്ടർ ഹെൽത്ത് എന്ന കമ്പനി കരാർ പുതുക്കാതിരുന്നതിനാലാണ് യന്ത്രങ്ങൾ പ്രവർത്തനരഹിതമായതെന്നാണ് ഐആർസിടിസി അധികൃതർ അറിയിക്കുന്നത്. ഇക്കാര്യത്തിൽ പല തവണ നിർദേശം നൽകിയിട്ടും കമ്പനി നടപടികൾ സ്വീകരിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവില്‍ കമ്പനിയെ റെയില്‍വേ കരിമ്പട്ടികയില്‍പ്പെടുത്തിയിട്ടുമുണ്ട്.
English Summary: The much-hyped railway project; Water vending machines into oblivion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.