14 November 2024, Thursday
KSFE Galaxy Chits Banner 2

കവുങ്ങുകള്‍ കരിച്ചുണക്കി മഞ്ഞപ്പുള്ളി രോഗം; അടയ്ക്ക കർഷകർ ദുരിതത്തിൽ

കെ വി പത്മേഷ് 
കാസർകോട്
February 25, 2023 9:57 pm

ഭേദപ്പെട്ട വില ലഭിച്ചു തുടങ്ങിയതാണ് അടയ്ക്ക കർഷകർക്ക്. എന്നാൽ മഞ്ഞപ്പുള്ളി രോഗം കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞ കാലങ്ങളിലേക്കാള്‍ മികച്ച വില ലഭിച്ചപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു അടയ്ക്കാ കർഷകർ. പക്ഷേ ഈ വർഷം പൊടുന്നനെ പടർന്നു പിടിച്ച മഞ്ഞപ്പുള്ളി രോഗം കർഷകരുടെ കണക്കൂട്ടലുകളെല്ലാം തെറ്റിച്ചിരിക്കുകയാണ്. കാസർകോട് ജില്ലയുടെ കാർഷികമേഖലയുടെ നട്ടെല്ലായ കവുങ്ങ് കൃഷിയാണ് ഇലപ്പുള്ളി അഥവാ മഞ്ഞപ്പുള്ളി രോഗത്താൽ കരിഞ്ഞുണങ്ങുന്നത്. കവുങ്ങിന്റെ ഓലകളിൽ കാണുന്ന മഞ്ഞപ്പൊട്ടുകൾ. ഒന്നിൽ നിന്നും തുടങ്ങി അത് വേഗത്തിൽ പടർന്നു പിടിക്കുകയാണ്. ഓലകളുടെ ഹരിതകം ഇല്ലാതായി ഇലകളും പൂങ്കുലകളും കരിച്ചുകളയുന്ന ഫംഗൽ ബാധ പകർച്ചവ്യാധി പോലെ പടരുകയാണ്. ഒരു കവുങ്ങിന് പിടിപെട്ടാൽ ആ നാട്ടിലെയാകെ കൃഷിയെ രോഗബാധ കീഴടക്കുന്നു. ഒന്നിൽ നിന്നും തുടങ്ങി പെരുകുന്ന രോഗത്തെ പിടിച്ചു നിർത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ജില്ലയിൽ ഇപ്പോൾ നടക്കുന്നത്. ഒരേ സമയം വലിയ വിസ്തൃതിയിൽ വ്യാപിച്ചതാണ് വെല്ലുവിളിയായത്. 

ചിലയിടങ്ങളിൽ ഇലകളിലെ മഞ്ഞളിപ്പിനൊപ്പം തായ്ത്തടിയിലും രോഗ ബാധയുണ്ട്. വേരുചീയലും കാണുന്നുണ്ടെങ്കിലും അതിനൊപ്പം ഇലപ്പുള്ളി കൂടി എത്തിയതോടെ ദുരിതം പറഞ്ഞറിയിക്കാനാകാത്ത നിലയിലാണ്. ദക്ഷിണ കർണാടകയുടെ ചില ഭാഗങ്ങളിലും കാസർകോട്, കണ്ണൂർ ജില്ലകളിലുമാണ് രോഗം പടരുന്നത്. കോളിറ്റോട്രിക്കം ഗ്ലിയോസ്പോറിയോയിഡസ് എന്ന കുമിൾ മൂലമുണ്ടാകുന്ന ഈ രോഗം ആദ്യമായല്ല കാണുന്നതെങ്കിലും ഇത്രയും ഭീകരമായ തോതിൽ വ്യാപിച്ചത് ആദ്യാനുഭവമാണ്. പുറം ഓലകളിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ കാണുന്നതാണ് സാധാരണ ഇലപ്പുള്ളി രോഗത്തിന്റെ ലക്ഷണം. എന്നാൽ ഇപ്പോൾ മഞ്ഞവലയത്തോടെയുള്ള പുള്ളികൾ പുറം വരിയിൽ മാത്രം നിൽക്കാതെ അകത്തെ മറ്റ് ഓലകളിലേക്കും തുടർന്ന് പാളകളിലേക്കും അടയ്ക്കയുടെ തൊണ്ടിലേക്കും വ്യാപിക്കുന്നു. അത്രമേൽ ഭീകരമാണ് അവസ്ഥയെന്ന് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കാലാവസ്ഥാ മാറ്റവും മഴയുടെ അളവിലുണ്ടാകുന്ന മാറ്റം എന്നിവയൊക്കെ രോഗകാരിയായ കുമിളുകൾക്ക് അനുകൂലമായി എന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. കാസർകോട് ജില്ലയിലാകെ 215 ഹെക്ടറിൽ രോഗം ബാധിച്ചുവെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. 

കാറഡുക്ക, പരപ്പ ബ്ലോക്കുകളിലാണ് ഏറെയും രോഗബാധ. രണ്ട് ബ്ലോക്ക് പരിധികളിൽ മാത്രം 184 ഹെക്ടറിൽ രോഗം ബാധിച്ചു. കിനാനൂർ കരിന്തളത്തെ 30 ഹെക്ടറിലും ബേഡഡുക്കയിലും ഈസ്റ്റ് എളേരിയിലും 20 ഹെക്ടർ വീതം തോട്ടങ്ങളിലും രോഗബാധ കണ്ടെത്തി. ദേലംപാടി, കാറഡുക്ക, മുളിയാർ, കുറ്റിക്കോൽ, കോടോം ബേളൂർ പഞ്ചായത്തുകളിൽ 15 ഹെക്ടറിൽ വീതം രോഗബാധയുണ്ട്. ഇവിടങ്ങളില്‍ സിപിസിആർഐയിലെ ശാസ്ത്ര സംഘം, കാർഷിക സർവകലാശാല അധികൃതർ, കൃഷി ഓഫിസർമാർ എന്നിവർ സന്ദർശനം നടത്തി കർഷകർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ട്. 

നിലവിൽ കുമിൾനാശിനി പ്രയോഗം നടത്തുക മാത്രമാണ് മഞ്ഞപ്പുള്ളി രോഗം പടർന്നു പിടിക്കാതിരിക്കാൻ ഏക പ്രതിവിധി. ടിൽറ്റ് എന്ന കുമിൾനാശിനിയാണ് കർഷകർ ഉപയോഗിക്കുന്നത്. ഒരു ലിറ്റർ ടിൽറ്റിന് 1800 രൂപയാണ് വില. 1000 കവുങ്ങുകൾക്ക് ഉപയോഗിക്കാം. കവുങ്ങൊന്നിന് ഒരു മില്ലി എന്ന കണക്കിൽ ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചാണ് തളിക്കേണ്ടത്. 100, 250, 500 മില്ലി കുപ്പികളിലും കുമിൾ നാശിനി ലഭിക്കുമെന്നതിനാൽ ആവശ്യാനുസരണം കർഷകർക്ക് വാങ്ങി ഉപയോഗിക്കാം. ഒരു തോട്ടത്തിൽ 30 ദിവസത്തെ ഇടവേളകളിൽ മൂന്ന് പ്രാവശ്യം മരുന്ന് തളിക്കണം. ഒരു തോട്ടത്തിൽ കുമിൾ നാശിനി തളിക്കുമ്പോൾ സമീപത്തെ തോട്ടങ്ങളിലും അതേ സമയംതന്നെ കുമിൾ നാശിനി തളിക്കണമെന്നാണ് കർഷകർ പറയുന്നത്. ജില്ലയിൽ 20000 ഹെക്ടറിൽ കവുങ്ങ് കൃഷിയുണ്ട്. കേവലം ഒരു ശതമാനം സ്ഥലത്ത് മാത്രമേ രോഗം ബാധിച്ചിട്ടൂള്ളൂവെന്ന് കണക്കുകൾ നിരത്താമെങ്കിലും കാർഷികമേഖലയിൽ തലയെടുപ്പോടെ നിൽക്കുന്ന ജില്ലയിലെ കവുങ്ങ് കൃഷിയാണ് പാടെ ഇല്ലാതാവാൻ പോകുന്നത്. 

Eng­lish Summary;Areca palm yel­low spot dis­ease; Pay­ing farm­ers in distress
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.