ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയുന്ന നിത്യാനന്ദയുടെ പിൻഗാമിയെ ‘സാങ്കൽപിക രാജ്യത്തെ’ പ്രതിനിധിയായി ഐക്യരാഷ്ട്രസഭയുടെ യോഗത്തിൽ പങ്കെടുപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദയുടെ സാങ്കൽപിക രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ‘സ്ഥിരം അംബാസിഡര്‍’ എന്ന് വിശേഷിപ്പിച്ചാണ് വിജയപ്രിയ നിത്യാനന്ദ എന്ന വനിതയെ യുഎന്‍ യോഗത്തില്‍ പങ്കെടുപ്പിച്ചത്. ഹിന്ദുമതത്തെ സംരക്ഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഫെബ്രുവരി 22ന് നടന്ന 19-ാമത് യുഎൻ സിഎസ്ഇആർ (സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശങ്ങൾ സംബന്ധിച്ച സമിതി) യോഗത്തിലായിരുന്നു ഇവർ പങ്കെടുത്തത്. യുഎൻ പുറത്തുവിട്ട വീഡിയോ പ്രകാരം വിജയപ്രിയയെ കൈലാസയുടെ പെർമനന്റ് അംബാസഡർ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
‘യുണറ്റൈഡ് നാഷൻസ് ഓഫ് കൈലാസ’ ഒരു രാജ്യമാണെന്ന രീതിയില്‍ യുഎൻ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് വിശദീകരണമില്ല. ഉണ്ടെങ്കിൽ അതിന്റെ മാനദണ്ഡം എന്താണെന്നും യുഎന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുമില്ല. എന്നാല്‍ തന്റെ രാജ്യത്തിന്റെ സ്ഥാപകനായ നിത്യാനന്ദ ഇന്ത്യയിൽ വേട്ടയാടപ്പെടുകയാണെന്ന് വിജയപ്രിയ യുഎന്‍ യോഗത്തില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൈലാസയെ ഹിന്ദുത്വത്തിന്റെ പ്രഥമ പരമാധികാര രാജ്യം എന്നാണ് ഇവർ വിശേഷിപ്പിക്കുന്നത്. നിത്യാനന്ദ ഈ രാജ്യത്ത് ഹിന്ദു നാഗരികതയെയും ആദി ശൈശവ തദ്ദേശീയ കാർഷിക ഗോത്രങ്ങൾ ഉൾപ്പെടെയുള്ള ഹിന്ദു മതത്തിന്റെ 10,000 പാരമ്പര്യങ്ങളെയും പിന്തുടരുന്നുവെന്നും വിജയപ്രിയ പറയുന്നു. ഇന്ത്യയിൽ നിന്നും നിത്യാനന്ദ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നെന്നും ഇവർ ആരോപിച്ചു.
അന്താരാഷ്ട്ര വേദികളിൽ തങ്ങളുടെ പ്രതിനിധികൾക്കും പങ്കെടുക്കാനാകണമെന്നും 150 രാജ്യങ്ങളിൽ കൈലാസ എംബസികളും എൻജിഒകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നുണ്ട്. ‘പുതിയ രാജ്യം’ സ്ഥാപിച്ചതിന് പിന്നാലെ തന്റെ രാജ്യത്തിന് സ്വന്തമായി റിസർവ് ബാങ്കും സ്വർണത്തിൽ നിർമ്മിച്ച നോട്ടുകളുമുണ്ടെന്നും നിത്യാനന്ദ പറഞ്ഞിരുന്നു. ‘കൈലാസിയൻ ഡോളർ’ എന്നറിയപ്പെടുന്ന കറൻസിയിൽ 11.6 ഗ്രാം സ്വർണമുണ്ടെന്നാണ് അവകാശവാദം. ഇത് സംബന്ധിച്ച് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണങ്ങളും ഇതുവരെ ഇല്ലെന്നിരിക്കെയാണ് യുഎന്‍ യോഗത്തില്‍ സാങ്കല്പിക രാജ്യത്തിന് പരിഗണന ലഭിച്ചതും അതിന്റെ പ്രതിനിധിക്ക് പ്രസംഗിക്കാന്‍ അവസരം ലഭിച്ചതും. ഐക്യരാഷ്ട്ര സഭയുടെ വിശ്വാസ്യത ചോദ്യപ്പെടാനാണ് ഈ സംഭവം വഴിയൊരുക്കുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം വിശേഷപ്പെട്ട വാര്‍ത്തയായാണ് സംഭവത്തെ ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
USK at UN Geneva: Inputs on the Achievement of Sustainability
Participation of the United States of KAILASA in a discussion on the General Comment on Economic, Social and Cultural Rights and Sustainable Development at the United Nations in Geneva
The Economic, Social, and… pic.twitter.com/pNoAkWOas8
— KAILASA’s SPH NITHYANANDA (@SriNithyananda) February 25, 2023
ലൈംഗികാതിക്രമ കേസിൽ അന്വേഷണം നടക്കുന്നതിനാല്‍ 2019 മുതൽ നിത്യാനന്ദ ഒളിവിലാണ്. ഇതുവരെയും ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം. ഇതിന് പിന്നാലെയാണ് അഞ്ജാത സ്ഥലത്ത് ‘കൈലാസ’ എന്ന രാജ്യം സൃഷ്ടിച്ചതായുള്ള നിത്യാനന്ദ അവകാശപ്പെട്ടത്.
English Sammuryt: nityanandha’s imaginary nation attends United nations meeting
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.