14 December 2025, Sunday

ഭാരതമേ ഭ്രാന്താലയമേ

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
March 2, 2023 4:30 am

ലയാളനാടിനെ സ്വാമി വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിക്കുമ്പോൾ കേരളം ഉണ്ടായിട്ടില്ല. മലബാറിലൂടെ സഞ്ചരിച്ചു മദ്രാസിലെത്തിയ അദ്ദേഹം ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തിൽ ട്രിപ്പിക്കൻ ലിറ്റററി സൊസൈറ്റിയിൽ സംസാരിക്കുമ്പോഴാണ്, മലബാറുകാരെല്ലാം ഭ്രാന്തരാണ്, അവരുടെ വീടുകൾ ഭ്രാന്താലയങ്ങളാണ് എന്നു അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മലബാർ പ്രദേശം താരതമ്യേന പുരോഗതി പ്രാപിച്ചിരുന്നു. എന്നാൽ പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചിയും തിരുവിതാകൂറും മുഴുഭ്രാന്താലയം തന്നെയായിരുന്നു.
കേരളം ഭ്രാന്താലയകിരീടം ഉപേക്ഷിച്ചു. തീണ്ടാരി സമരത്തിലൂടെയും നരബലിയിലൂടെയും നഗ്നനാരീ പൂജയിലൂടെയും കൃപാസനത്തിലൂടെയും മുടിപ്പള്ളി നിർമ്മാണത്തിലൂടെയുമൊക്കെ ആ കിരീടം തിരിച്ചു പിടിക്കാൻ ചിലർ സമീപകാലത്ത് ശ്രമിച്ചിരുന്നെങ്കിലും പ്രബുദ്ധകേരളം സമ്പൂർണ്ണമായി വഴങ്ങിയിട്ടില്ല.
ഇന്ന് കേരളത്തിൽ ആദിവാസി മേഖലയിലാണ് അപൂർവമായി അയിത്തം അടിച്ചേൽപ്പിക്കപ്പെടുന്നത്. മധു അടക്കമുള്ള പലരുടേയും കൊലപാതകങ്ങൾ മനസ്സാക്ഷിയുള്ളവരെയെല്ലാം നടുക്കിയിട്ടുണ്ട്. ആൾക്കൂട്ടക്കൊലപാതകങ്ങൾ മനുഷ്യനെതിരെയുള്ള മനുഷ്യരുടെ തന്നെ ഭീകരപ്രവർത്തനമായിട്ടാണ് കാണേണ്ടത്.


ഇതുകൂടി വായിക്കൂ: പുണ്യവഴിയിലെ ശിശുപീഡനങ്ങൾ


എന്നാൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയോ? അതീവ ദയനീയമാണ്. ഭരണഘടനാപരമായ തുല്യതാ ബോധമെല്ലാം കീറിയെറിയപ്പെട്ടിരിക്കുന്നു. അയിത്തം തുടങ്ങിയിട്ടുള്ള ദുരാചാരമെല്ലാം അംബേദ്കറിനും മുൻപുള്ള കാലത്തേക്ക് കൊണ്ടുപോയിരിക്കുന്നു. ഒരു മതേതര ഭരണകൂടം ഭാരതത്തിലില്ലെന്നാണ് ഓരോ സംഭവവും തെളിയിക്കുന്നത്.
അടുത്തകാലത്തുണ്ടായ ഞെട്ടിക്കുന്ന സംഭവം ഒരു വിളംബരം ആയിരുന്നല്ലോ. കിണറിന്റെ സമീപത്തേക്ക് വരുന്ന താഴ്ന്ന ജാതിക്കാർക്ക് പിഴയും ചെരുപ്പടിയും ശിക്ഷയായി ലഭിക്കുമെന്നായിരുന്നു ചെണ്ടകൊട്ടി വിളംബരം ചെയ്തത്.
മാട്ടിറച്ചി സൂക്ഷിച്ചു എന്ന സംശയത്താൽ ഒരാളെ കൊന്നുകളഞ്ഞത് മറക്കാറായിട്ടില്ല. ഹിന്ദു ക്ഷേത്രത്തിൽ വച്ച് ഒരു ബാലികയെ ബലാൽസംഗം ചെയ്തു കൊന്നത് ഇന്ത്യൻ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഗുജറാത്തിലും മറ്റും നടന്ന കൂട്ടക്കൊലയും ബാബറിപ്പള്ളി തകർത്തതിനെ തുടർന്നുണ്ടായ കൂട്ടക്കൊലകളും മറ്റുമായി താരതമ്യം ചെയ്താൽ വർഗീയശക്തികളുടെ ആസൂത്രണത്തിൽ നടന്നതാണെങ്കിലും മാറാട് കലാപവും മറ്റും എത്രയോ ചെറുതാണ്.


ഇതുകൂടി വായിക്കൂ: മൗനത്തില്‍ നിന്നും വളരുന്ന അനാചാരങ്ങള്‍


പുനർജ്ജനിക്കും എന്ന അന്ധവിശ്വാസത്താൽ മക്കളെ കൊല്ലുക, പ്രണയജീവിതത്തെ കൊലപ്പെടുത്തിക്കൊണ്ടുള്ള ദുരഭിമാനവിധിന്യായങ്ങൾ നടപ്പിലാക്കുക, തവളകളെ തമ്മിൽ കല്ല്യാണം കഴിപ്പിക്കുക, കുരങ്ങുകളെ ദൈവമായി കരുതി ആരാധിക്കുക, എലികളെയും വിഷപ്പാമ്പുകളെയും ആരാധിക്കുക, കയ്യിൽ പലവർണത്തിലുള്ള ചരടുകൾ മതചിഹ്നമായി കെട്ടുക, ഔറംഗാബാദ് പോലെയുള്ള പ്രസിദ്ധ സ്ഥലനാമങ്ങൾ മാറ്റി ചരിത്ര ധ്വംസനം ചെയ്യുക, പൗരോഹിത്യത്തിന് മുന്നിൽ താണുവണങ്ങി നിൽക്കുക, ദേവദാസികളെ പോറ്റി വളർത്തുക, സ്വാമി വിവേകാനന്ദന്റെ ബംഗാളിൽ ഇപ്പോൾ പോലും നിലനിൽക്കുന്ന തീണ്ടാരിപ്പുര സംവിധാനം തുടങ്ങിയ കാര്യങ്ങൾ ആലോചിച്ചാൽ ഭ്രാന്താലയം എന്ന കിരീടത്തിന് സമ്പൂർണ അർഹത ഭാരതത്തിനാണെന്ന് കാണാം. കന്നാലിയെ കെട്ടിപ്പുണരാനുള്ള സര്‍ക്കാർ ഉത്തരവുകൂടി വന്നതോടെ ഭ്രാന്താലയ ബഹുമതിക്കുള്ള അർഹത പൂർണമായി.
ഈ അന്ധവിശ്വാസഭൂപടത്തിലെ ചെറിയൊരിടം മാത്രമാണു കേരളം. ഇവിടെ പ്രതികരണങ്ങളുണ്ടാകുന്നു എന്നതാണു പ്രധാന പ്രത്യേകത. ഒരു ദിവസം മുൻപു അവസാനിച്ച കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പദയാത്ര അന്ധവിശ്വാസ വൈറസ് പടരാതിരിക്കാനുള്ള സാംസ്കാരിക ഔഷധ കവചമാണ് കേരളത്തെ അണിയിച്ചത്. സയൻസിന്റെ സഹായത്താൽ വൃദ്ധി പ്രാപിക്കുന്ന ഒരു കേരളം, ഭ്രാന്താലയ പരിവേഷമുള്ള ഭാരതത്തിൽ വേറിട്ടൊരു സൗന്ദര്യം സൃഷ്ടിക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 13, 2025
December 13, 2025
December 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.