23 January 2025, Thursday
KSFE Galaxy Chits Banner 2

ഉത്തർപ്രദേശിലെ ഗുണ്ടാവേട്ടയും ബുൾഡോസർ ബാബയും

സുശീല്‍ കുട്ടി
March 4, 2023 4:15 am

ഗുണ്ടാസംഘ തലവന്മാരായി മാറിയ രാഷ്ട്രീയക്കാർ ഏറെയുണ്ട് ഇന്ത്യയിൽ. മുൻ സമാജ്‍വാദി പാർട്ടി നേതാവ് പ്രയാഗ്‌രാജിലെ അതിഖ് അഹമ്മദിന്റെ ഗണം അവിടെയാണ്. മറ്റൊരു ഗുണ്ടാനേതാവ് വികാസ് ദുബെയ്ക്ക് ഉത്തർപ്രദേശ് സർക്കാർ ഒരുക്കിയ കെ ണി തനിക്കായി തയ്യാറാകുന്നത് അതിഖ് തിരിച്ചറിയുന്നു. അതിൽ പരിഭ്രാന്തനുമാണ്. മധ്യപ്രദേശിൽ നിന്ന് ദുബെ എന്ന കുറ്റവാളിയെ ഉത്തർപ്രദേശിലേക്ക് കൊണ്ടുവരികയായിരുന്ന പൊലീസ് ജീപ്പ് വഴിയിൽ മറിയുന്നു. പൊലീസ് ദുബെയെ വെടിവച്ച് കൊന്നു. കാരണവും അവർ പറഞ്ഞു. “അയാൾ രക്ഷപ്പെടാൻ ശ്രമിച്ചു”. യുപി സർക്കാരിൽ നിന്നും, പ്രധാനമായും മുഖ്യമന്ത്രി ആദിത്യനാഥിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അതിഖ് അഹമ്മദ് ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. ഭീഷണ ചെയ്തികളുടെ മുഖ്യമന്ത്രിയായി അദ്ദേഹം രൂപപ്പെടുകയാണ്. സ്വതന്ത്ര ഇന്ത്യയിൽ ഇത്തരം വന്യസമീപനങ്ങളിൽ അഭിരമിക്കുന്ന മുഖ്യമന്ത്രി ആദ്യമാണ്. ഗൊരഖ്പൂരിൽ നിന്നുള്ള സന്യാസി വേഷത്തിലുള്ള ഈ രാഷ്ട്രീയക്കാരൻ ഒടുക്കാൻ മടിക്കാത്ത മാനസികാവസ്ഥയിലാണ്. ഉത്തർപ്രദേശിൽ നിയമ ലംഘകരുടെ എണ്ണം പെരുകുന്നത് മുഖ്യമന്ത്രി ആദിത്യനാഥിനെ വിറളി പിടിപ്പിക്കുന്നുവെന്നാണ് വാദം. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാന നില അതീവ ഗുരുതരമായ സാഹചര്യത്തിലാണെന്നാണ് വ്യക്തമാകുന്നത്. ഇതിനെ മറച്ചുവയ്ക്കാനാണ് ദേശീയ രാജ്യാന്തര പ്രമുഖരെ സംഘടിപ്പിച്ച് വാണിജ്യ സംഗമം നടത്തിയത്. ഇവിടെയെല്ലാം ഭദ്രമെന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു അതിലൂടെ. മൂലധന നിക്ഷേപത്തിനും വളർച്ചയ്ക്കും അനുയോജ്യമായ ഇടമെന്ന് വിവരിക്കാനും ശ്രമിച്ചു.

 


ഇതുകൂടി വായിക്കു: മോഡിയുടെ കാലത്ത് ‘വികസിച്ചത്’ ആത്മഹത്യ


അതിഖ് അഹമ്മദ് താൻ ഉൾപ്പെട്ട കൊലപാതക കേസിലെ പ്രധാന സാക്ഷിയെ സംഘാംങ്ങളെ ഉപയോഗിച്ച ആക്രമിച്ച് കൊന്നു. കാവലിന് നിയോഗിച്ച രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു. ആദിത്യനാഥിന് മുഖംനഷ്ടപ്പെട്ട സംഭവമായിരുന്നു ഇത്. പ്രതികാരം ചെയ്യുന്ന ആദ്യത്തെ മുഖ്യമന്ത്രി ആദിത്യനാഥ് ആയിരിക്കും. നിയമസഭയിൽ എഴുന്നേറ്റു നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ രൗദ്രപ്രതിജ്ഞ നടത്തി. “മിട്ടി മേ മിലാ ഡെങ്കേ”, 100 അടി ഉയരമുള്ള പാറക്കെട്ടിൽ നിന്ന് 10 ടൺ പാറകൾ പൊട്ടിവീഴും പോലെ പ്രതികാരം തീർക്കാൻ പൊലീസിന് അനുവാദം. പൊലീസുകാർ പ്രതികാരത്തിനിറങ്ങുമ്പോൾ സർവം ന്യായവും യുക്തവുമാണല്ലോ! വികൃതമായ നീതി നിർവഹണം. രക്ഷപെടാൻ ശ്രമിക്കുന്ന പ്രതിയുടെ കാലിൽ ഒരിക്കലും വെടിയുണ്ട കേറില്ല. നിശ്ചയമായും മാറുതന്നെ തുളയ്ക്കും. തുടർച്ചയായി ആറ് വർഷമായി ആദിത്യനാഥ് ഉത്തർപ്രദേശ് ഭരിക്കുന്നു, ക്രമസമാധാന തകർച്ചയ്ക്ക് അവസാനമില്ല. ‘മാഫിയ’ ഭരണത്തിന് വിള്ളൽ വീഴ്ത്തിയ സർവശക്തനായ മുഖ്യമന്ത്രിയെന്ന പ്രചാരണത്തിന്റെ ചെമ്പ് തെളിഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പോലും ഉത്തർപ്രദേശ് ഒരു ഉരുക്കുമുഷ്ടിയുടെ കീഴിലാണെന്ന് പ്രകീർത്തിച്ചു. സർവശക്തൻ എല്ലാം അറിയുന്ന യോഗീവര്യൻ. പ്രധാനമന്ത്രിയുടെ പ്രകീർത്തനം ഇങ്ങനെ.

യഥാർത്ഥത്തിൽ ഒന്നും പൂർണ നിയന്ത്രണത്തിൽ ആയിരുന്നില്ല. കൂടുതൽ നിരാശനും രോഷാകുലനുമായ മുഖ്യമന്ത്രി ബുൾഡോസറുകളെയാണ് ആശ്രയിക്കുന്നത്. ‘ബുൾഡോസർ ബാബ’. ഗുണ്ടകളെ തേടി ഒരു വിഭാഗത്തിന്റെ വീടുകളിലേയക്ക് ബുൾഡോസറുകൾ നീങ്ങുന്നു. മുഴുവൻ ഖാൻ വംശത്തിനെയും തീർക്കാൻ പൊലീസുകാർ തോക്കുനിറച്ച് കാഞ്ചി വലിച്ചു തുടങ്ങിയിരിക്കുന്നു. അതിഖിന്റെ ഭാര്യ ഷൈസ്ത പർവീണയ്ക്ക് ആകാശത്തേക്ക് കൈ ഉയർത്താൻ മാത്രമാണ് കഴിയുക. അവളുടെ അഞ്ച് ആൺമക്കളിൽ രണ്ടുപേർ ജയിലിലാണ്; ഒരാൾ ഒളിവിലാണ്, രണ്ട് “പ്രായപൂർത്തിയാകാത്ത” ആൺമക്കൾ എവിടെയോ “മറഞ്ഞുപോയി”! ഷൈസ്ത തന്നെ “വേട്ടയാടപ്പെടുന്നു”, അവർ ഭർത്താവിന്റെ സംഘത്തിന്റെ ഭാഗമെങ്കിൽ നടപടിയെടുക്കുമെന്ന് അവരുടെ പാർട്ടി നേതാവ് മായാവതിയുടെ ഭീഷണി. അതിഖ് അഹമ്മദ് ഗുണ്ടാ കൂട്ടവും കുടുംബവും സുപ്രീം കോടതിയിൽ നൽകിയ പരാതിയിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്നു. അക്കാര്യം ജഡ്ജിമാർ തീരുമാനിക്കട്ടെ. പക്ഷേ യുപി പഴയതിനെക്കാൾ ഗുണ്ടകളുടെയും കൊടും കുറ്റവാളികളുടെയും വിഹാര ഭൂമിയായിരിക്കുന്നു. അവരെ നേരിടാനുള്ള സ്വതന്ത്രാനുമതി പൊലീസിന് നല്കുക വഴി അവരിൽ പലരും കൊടും കുറ്റവാളികളുടെ മാനസികാവസ്ഥ കൈവരിക്കുകയും ചെയ്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.