15 November 2024, Friday
KSFE Galaxy Chits Banner 2

നടന്നാലും നടന്നാലും തീരാത്ത വഴിദൂരങ്ങള്‍; ലിംഗ സമത്വത്തിന്റെ മരുപ്പച്ചകള്‍

അഡ്വ. ഖദീജത്ത് റുക്‌സാന
March 8, 2023 9:20 am

ഒരു വനിതാ ദിനം കൂടി കടന്നുപോവുകയാണ്. ലിംഗ നീതിയും തുല്യതയും ആവശ്യപ്പെടുകയും പുരുഷാധിപത്യ വ്യവസ്ഥകളോട് നിരന്തരം കലഹിക്കുകയും ചെയ്യുന്ന സാമൂഹികവസ്ഥയില്‍ നിന്നുകൊണ്ടാണ് ഈ വനിതാ ദിനവും നാം കൊണ്ടാടുന്നത്. നാടും പുരുഷാധിപത്യ മൂല്യങ്ങള്‍ക്കനുസരിച്ച് രൂപമെടുത്ത സാമൂഹികാവസ്ഥയും ഒരു പാട് മാറിയിട്ടില്ലെങ്കിലും കാലമേറെ മാറിയിട്ടുണ്ട്. സ്ത്രീ പുരുഷ സമത്വമെന്നത് ഒരു വിചിത്രമായ സംഭവമല്ല എന്ന് സമൂഹം പതിയെ ആണെങ്കിലും തിരിച്ചറിഞ്ഞിരിക്കുന്നു. അത് കൊണ്ടുതന്നെയാണ് വ്യക്തി സ്വാതന്ത്ര്യവും പെണ്‍മയില്‍ ഫോക്കസ് ചെയ്ത തീരുമാനങ്ങളും ആഘോഷിക്കപ്പെടുന്നത്. അതിനാലാണ്, സ്ത്രീ വിരുദ്ധത നഖശിഖാന്തം വിമര്‍ശിക്കപ്പെടുകയും സംസാരങ്ങളിലെയും പ്രവൃത്തികളിലെയും പൊളിറ്റിക്കല്‍ കറക്ട്‌നെസ് നിരന്തരം ചോദ്യം ചെയ്യപ്പെടുന്നതും ചര്‍ച്ച ചെയ്യുന്നതും. അക്കാരണത്താലാണ്, സ്ത്രീ എന്നാല്‍ വിനയവും കുലീനതയും ഒത്തിണങ്ങിയ, മൃദുലവികാരങ്ങളും ശാലീനതയും ആണെന്ന പറച്ചിലുകളും കാമോത്തേജനത്തിനുള്ള ഉപഭോഗ വസ്തുവാണെന്ന മറുചിന്തകളും ചോദ്യം ചെയ്യപ്പെടുന്നത്. സ്വതാല്പര്യം സംരക്ഷിച്ച്, ഇഷ്ടമുള്ള കാലം വരെ പഠിക്കാനും, കല്യാണപ്രായം തീരുമാനിക്കാനുമുള്ള അടിസ്ഥാന അവകാശങ്ങള്‍ ഇന്നത്തെ സാമൂഹിക വ്യവസ്ഥിതി ഒരു പരിധിവരെ സ്ത്രീകള്‍ക്ക് കല്പിച്ചു നല്‍കിയിരിക്കുന്നതും അതിനാലാണ്. വിദ്യാഭ്യാസ, തൊഴില്‍, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ അതിന്റെ അലയൊലികള്‍ നമുക്ക് കാണാനും സാധിക്കുന്നുണ്ട്.

സ്ത്രീ പുരുഷ തുല്യതയിലേക്കുള്ള ദൂരം താണ്ടുവാന്‍ ഇറങ്ങിതിരിച്ച സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം വിതറുന്ന മാറ്റങ്ങളാണ് ഇവയൊക്കെയും. എന്നാലും ലിംഗപരമായ അസമത്വത്തിന്റെ ദൂരം കുറയ്ക്കാനുള്ള ശ്രമഫലങ്ങള്‍ അര്‍ത്ഥവത്തായി വിനിയോഗിക്കപ്പെടുന്നുണ്ടോ? തുല്യതയിലേക്കുള്ള ദൂരം യഥാര്‍ത്ഥത്തില്‍ കുറയുന്നുണ്ടോ? സ്ത്രീ പുരുഷ തുല്യതയും സ്വാതന്ത്ര്യവും അതിന്റെ ശരിയായ മാനത്തില്‍ നടപ്പിലാക്കപ്പെടുന്നുണ്ടോ? നമുക്ക് പരിശോധിക്കാം.

പഠിച്ചോളൂ, ജോലിക്ക് പോവേണ്ട!

കണക്കിലും കാര്യത്തിലും സ്ത്രീകളുടെ കാലമാണ് വിദ്യാഭ്യാസ മേഖലയിലിന്ന്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് ഇന്ന് ഈ മേഖലയില്‍ തിളങ്ങിക്കൊണ്ടിരിക്കുന്നത്. AISHE ‑യുടെ ഏറ്റവും പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം ഉന്നത വിദ്യാഭ്യാസ പ്രവേശനത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ 18.2 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. female gross enrol­ment ratio ബിരുദ തലത്തിലും ബിരുദാനന്തര തലത്തിലും പുരുഷന്മാരെക്കാള്‍ വളരെ കൂടുതലുമാണ്. ചുരുക്കി പറഞ്ഞാല്‍, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീകളുടെ പ്രതിനിധ്യവും പങ്കാളിത്തവും വളരെ കൂടുതലാണെന്ന സന്തോഷകരമായ സ്ഥിതി വിശേഷമാണ് നമുക്ക് കാണാനാവുക. പക്ഷെ, ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്ന സ്ത്രീകളോടുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഉന്നതനിലയില്‍ പഠിച്ചിറങ്ങുന്ന സ്ത്രീകളില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമേ ജോലി നേടുകയും ജോലിയില്‍ തുടരുകയും ചെയ്യുന്നുള്ളൂ. നല്ല നിലയില്‍ പഠിച്ചോളൂ, അതു കഴിഞ്ഞ് അടുക്കള ഭരണവും കുടുംബ പരിപാലനവും കയ്യാളിക്കോളു എന്ന ചിന്ത വലിയ രീതിയില്‍ സമൂഹത്തിലാകെ വേരുപിടിക്കുകയാണിന്ന്.

എത്ര വേണമെങ്കിലും പഠിച്ചോളു, പക്ഷെ, പഠിച്ചു ഡോക്ടര്‍ ആയാലും എന്‍ജിനീയര്‍ ആയാലും അഭിഭാഷക ആയാലും ആ പഠിത്തം കയ്യില്‍ വച്ചോളൂ, കുടുംബം നടത്തിക്കോളൂ എന്നാവര്‍ത്തിക്കുകയാണ് എല്ലാ മതങ്ങളിലുമുള്ള നവ യഥാസ്ഥിതികത്വം. വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളില്‍ ഒന്നായ സാമ്പത്തിക സ്വാശ്രയത്വത്തില്‍നിന്നും സ്ത്രീകള്‍ പുറത്താവുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്ന ഫലം.

തൊഴിലിടങ്ങളില്‍ പുതിയ വിവേചനങ്ങള്‍

പുതിയ തൊഴില്‍ മേഖലകളിലേക്കുള്ള സ്ത്രീകളുടെ ഒഴുക്കാണ് ഇതിനൊപ്പം എടുത്തുപറയേണ്ട വസ്തുത. സാമ്പ്രദായികമായ തൊഴില്‍ മേഖലകള്‍ക്കപ്പുറം, പുതിയ തൊഴില്‍ സാധ്യതകള്‍ അവര്‍ സ്വയം കണ്ടെത്തുന്നുണ്ട്. തൊഴില്‍ മേഖലകളില്‍ സ്ത്രീകളുടെ വിജയഗാഥകളും കേള്‍ക്കുന്നുണ്ട്. ആര്‍ത്തവ അവധിയും പ്രസവാവധിയും എന്നത് സ്ത്രീത്വത്തിന് നല്‍കപ്പെട്ട അംഗീകാരം തന്നെയാണ്. സ്ത്രീ സൗഹൃദ അന്തരീക്ഷം തൊഴിലിടങ്ങളില്‍ സൃഷ്ടിക്കുക എന്നതു തന്നെയാണ് അതിന്റെ ലക്ഷ്യം. എന്നാല്‍, ഇത് മറ്റൊരു തരത്തില്‍ സ്ത്രീക്കു തന്നെ വിനയാവുന്ന അവസ്ഥയുമുണ്ട്. ഒരേ സമയം ആധുനികമനുഷ്യനെന്ന് തോന്നിപ്പിക്കുകയും അതേ സമയം പ്രാകൃത രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കപട സമൂഹം സ്ത്രീകളെ ഇക്കാരണത്താല്‍ തന്നെ ജോലിക്ക് നിര്‍ത്താന്‍ മടിക്കുന്ന സ്ഥിതി വിശേഷവും കാണാന്‍ സാധിക്കും. സ്ഥിരമായി അവധി ആയിരിക്കുമെന്ന നിലവാരം കുറഞ്ഞ മുന്‍ ധാരണകളോടെ സ്ത്രീകള്‍ക്ക് ജോലി നിഷേധിക്കുന്ന ദയനീയവസ്ഥ പലയിടങ്ങളിലും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു.

തൊഴിലിടങ്ങളിലെ പല തരത്തിലുള്ള ലിംഗപരമായ വിവേചനങ്ങളും ചൂഷണങ്ങളുമാണ് മറ്റൊരു ഘടകം. സര്‍ക്കാര്‍-സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അതിക്രമങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും പുരുഷാധിപത്യത്തില്‍ അടിയുറച്ച തൊഴിലിടങ്ങളില്‍ പലപ്പോഴും ഇത്തരം പരാതികള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടുന്ന സാഹചര്യം പോലുമില്ല. വിശാഖ കമ്മിറ്റി മുന്നോട്ട് വച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പോലും വഴിപാടായി മാറുന്ന സാഹചര്യങ്ങള്‍ തൊഴിലിടങ്ങളില്‍ അപൂര്‍വ്വമല്ല.

രാഷ്ട്രീയ ഇടങ്ങളിലെ തുല്യതാ നാടകങ്ങള്‍

കല്‍പിതമായ വിവേചനത്തിന്റെയും പുരുഷാധിപത്യ വ്യവസ്ഥകളുടെയും ചവിട്ടടിയില്‍ നില്‍ക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആത്മ വിശ്വാസം വാനോളമുയര്‍ത്തിയ കാര്യമായിരുന്നു സ്ത്രീകളുടെ രാഷ്ട്രിയ പങ്കാളിത്തം. രാഷ്ട്രിയ പങ്കാളിത്തം എന്ന വാക്ക് തീരുമാനമെടുക്കല്‍ പ്രക്രിയ, രാഷ്ട്രീയത്തിലുള്ള സജീവ ഇടപെടല്‍, സ്ത്രീകളുടെ രാഷ്ട്രീയ ബോധം, എന്നീ വസ്തുതകളെ ബന്ധപ്പെടുത്തി കൂടി നാം പരിശോധിക്കേണ്ടിയിരിക്കുന്നു. സ്ത്രീ സംവരണ സീറ്റുകള്‍ നിറക്കാന്‍ താല്‍ക്കാലികമായി സ്ത്രീകളെ കണ്ടെത്തുക, പിന്‍സീറ്റ് ഡ്രൈവിങ് നടത്തി അധികാരം കയ്യിലൊതുക്കുക, പ്രതിഭ തെളിയിക്കുന്ന സ്ത്രീകളെ പില്‍ക്കാലത്ത് പടിക്കു പുറത്തുനിര്‍ത്തുക എന്നിങ്ങനെ പല തരത്തിലാണ് പുരുഷാധിപത്യ സമൂഹം ഈ സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്.

നയപരമായ തീരുമാനം കൈകൊള്ളുന്ന സുപ്രധാന രാഷ്ട്രീയ ഇടങ്ങളിലെ സ്ത്രീ പ്രാതിനിധ്യം ഇന്നും ചോദ്യചിഹ്നമാണ്. വനിതാ റിസര്‍വേഷന്‍ ഉണ്ടായിട്ടുപോലും കര്‍ട്ടനു പിന്നിലെ ചരടുവലികള്‍ക്കനുസൃതമായി ചുവടുവയ്ക്കാന്‍ കല്‍പ്പിക്കപ്പെട്ട പാവകളെ കണക്കെ സ്ത്രീകള്‍ മാറുന്ന അവസ്ഥ ഫിക്ഷനല്ല. സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള ദൂരം കുറക്കുവാനുള്ള ശ്രമങ്ങള്‍ മറ്റൊരു രീതിയില്‍ പരാജയപ്പെടുന്ന ദയനീയ കാഴ്ച നമുക്കു മുന്നില്‍ ഏറെയുണ്ടല്ലോ.

താരഗോപുരങ്ങളിലെ വിവേചനഗാഥകള്‍

മലയാള സിനിമയിലെ ആദ്യ നായികയായ റോസിയെ ആണബോധം കൈകാര്യം ചെയ്തത് എങ്ങനെയാണെന്ന് നമുക്കിന്ന് അറിയാം. ജാതിബോധവും ലിംഗപരമായ വിവേചനവുമാണ് റോസിയെ വെള്ളിവെളിച്ചത്തില്‍നിന്നും ആട്ടിയോടിച്ചത്. അതിന്റെ തുടര്‍ച്ച തന്നെയായിരുന്നു പിന്നീടും സിനിമാ മേഖലയില്‍ നിലനിന്നു പോന്നത്. പുരുഷ കേന്ദ്രീകൃത പ്രമേയങ്ങളും ഗീര്‍വാണങ്ങളും അരങ്ങുവാണ കാലത്തും പുരോഗമനം പ്രമേയങ്ങളില്‍ മാത്രമൊതുങ്ങിയ പില്‍ക്കാലത്തും സ്ത്രീ എന്നത് കാണിയെ ആകര്‍ഷിക്കാനുള്ള മസാലക്കൂട്ട് മാത്രമായിരുന്നു.

എന്നാല്‍, പ്രമേയ തലത്തില്‍ സിനിമ അടിമുടി മാറിയിട്ടുണ്ട്. ‘വെള്ളമടിച്ചു വീട്ടില്‍കേറിവരുമ്പോള്‍ ചെരുപ്പൂരി തൊഴിക്കാനും അവന്റെ കൊച്ചിനെ പെറ്റുപോറ്റാനും എനിക്കൊരു പെണ്ണിനെ വേണം’ എന്ന് പറഞ്ഞ നായകനില്‍ നിന്ന്, തന്നെ ചതിച്ച നായകനോട് പ്രതികാരം ചെയ്യുന്ന, റേപ്പ് ചെയ്ത പുരുഷനെ തേടി വന്നു കല്യാണം കഴിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന്, പുരുഷ സുഹൃത്തിനോട് സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന് പറയുന്ന നായികമാര്‍ നമുക്കിന്ന് അപരിചിതരല്ല. സ്വന്തം ഇഷ്ടങ്ങള്‍ക്ക് വേണ്ടി ജീവിക്കുന്ന, അഭിപ്രായവും സ്വാതന്ത്ര്യവുമുള്ള, കരുത്തുള്ള നിലപാടുള്ള കഥാപാത്രങ്ങള്‍ പുതിയ സിനിമയുടെ മുഖമുദ്രയായി നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള സിനിമകള്‍ ആഘോഷിക്കപ്പെടുന്നുമുണ്ട്.

അതോടൊപ്പം തന്നെ, സിനിമയുടെ സമസ്ത മേഖലകളിലും സ്ത്രീകള്‍ അവരോധിക്കപ്പെടുകയും ചെയ്തു. എന്നാല്‍, അതേ സിനിമാ ലോകത്തുനിന്നു തന്നെ സ്ത്രീ ആയതുകൊണ്ടു മാത്രം നിരന്തരം ചൂഷണം ചെയ്യപ്പെടുന്ന നടിമാരുടെ വിലാപങ്ങള്‍ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. നിരന്തരം ഉയരുന്ന മീറ്റൂ ആരോപണങ്ങള്‍ ഓര്‍ക്കുക. മലയാളത്തിലെ ഒരു പ്രമുഖ നടി ഇന്‍ഡസ്ട്രിയെ തന്നെ നിയന്ത്രിക്കാന്‍ കരുത്തു നേടിയ സൂപ്പര്‍ താരത്തിന്റെ ക്വട്ടേഷന്‍ പ്രകാരം ആക്രമിക്കപ്പെട്ടതിനും നാം സാക്ഷിയായി. സിനിമാ ലോകത്തെ ലിംഗവിവേചനം ചോദ്യം ചെയ്തുകൊണ്ട് രംഗത്തുവന്ന വിമന്‍ ഇന്‍ സിനിമ കലക്ടീവ് (WCC) എങ്ങനെയൊക്കെയാണ് മുഖ്യധാരാ സിനിമാ സമൂഹത്താല്‍ കൈകാര്യം ചെയ്യപ്പെട്ടത് എന്നതിനുള്ള അനുഭവവും നമുക്കു മുന്നിലുണ്ട്. ആ പെണ്‍ കൂട്ടായ്മയോടുള്ള AMMA എന്ന പുരുഷ കേന്ദ്രീകൃത സംഘടനയുടെ നിലപാടുകളും സമീപനങ്ങളും തികച്ചും സ്ത്രീ വിരുദ്ധമായിരുന്നു. കൂട്ടായ്മയില്‍ അംഗമായ നടിമാര്‍ക്കെതിരെ സംഘടിത സൈബര്‍ അറ്റാക്കും ബഹിഷ്‌കരണവും വരെ നടന്നു. ഒരേ സമയം ഇരയ്ക്കൊപ്പമാണെന്ന് വരുത്തിതീര്‍ത്ത്, വേട്ടക്കാരനൊപ്പം നിലയുറപ്പിച്ച അതി സ്ത്രീവിരുദ്ധ നിലപാടാണ് സിനിമകളില്‍ അനീതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന പുരുഷ താരങ്ങള്‍ സ്വീകരിച്ചതും. നായക നടന് ലഭിക്കുന്ന ആറിലൊന്ന് പ്രതിഫലം പോലും നായികക്ക് ലഭിക്കുന്നില്ല എന്നത് ഏതോ കാലത്തെ കഥയല്ല എന്ന കാര്യം കൂടി ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.

നീതിയുടെ ത്രാസിലെ സ്ത്രീ

സ്ത്രീകള്‍ക്ക് ഏറെ അനുകൂലമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നിയമ നീതിന്യായ വ്യവസ്ഥയുടെ അവസ്ഥ എന്താണ്? സ്ത്രീധന നിരോധന നിയമം 1986, ഗാര്‍ഹിക പീഡന സംരക്ഷണ നിയമം 2005, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിനും സ്ത്രീകളെ സംരക്ഷിക്കുന്നതിനുമുള്ള 2013 ലെ നിയമം തുടങ്ങി മാരിറ്റല്‍ റേപ്പ് കുറ്റ കൃത്യമോ എന്ന ചര്‍ച്ചയില്‍ വരെ എത്തിനില്കുന്ന നിയമ മേഖലയിലെ മാറ്റങ്ങള്‍ നമുക്ക് വിസ്മരിക്കാനാവില്ല. സ്ത്രീകളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും വേണ്ടി ഒട്ടനവധി നിയമങ്ങള്‍ ഉണ്ടെങ്കില്‍ പോലും സ്ത്രീയെ സംബന്ധിച്ച് ഇപ്പോഴും നീതി എന്നത് മരീചിക തന്നെയാണ്. നീതിന്യായ വ്യവസ്ഥയുടെ അടിത്തട്ടു മുതല്‍ ന്യായാധിപര്‍ വരെയുള്ളവരിലെ യഥാസ്ഥിതിക, പുരുഷാധിപത്യ മനഃസ്ഥിതി നീതി നിര്‍വഹണത്തെ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. സിവിക് ചന്ദ്രനെതിരെയുള്ള പീഡന പരാതിയില്‍ ഇരയുടെ പ്രകോപനപരമായ വസ്ത്രധാരണമാണ് പ്രതിയുടെ മാന്യമല്ലാത്ത പെരുമാറ്റത്തിന് കാരണമെന്ന് ജഡ്ജിക്ക് വിധിക്കാനായത് അത്‌കൊണ്ടാണ്. പീഡനത്തിനിരയാവുന്ന സ്ത്രീകള്‍ കരഞ്ഞില്ല, ഒച്ചവച്ചില്ല, രക്ഷപ്പെടാന്‍ തുനിഞ്ഞില്ല എന്നൊക്കെയുള്ള ബാലിശമായ ന്യായങ്ങള്‍ക്കൊക്കെ ഇപ്പോഴും കയ്യടി കിട്ടുന്നുണ്ട്. എന്തുകൊണ്ടാണ് ലൈംഗിക പീഡന കേസുകളില്‍ ഇരയെ സ്വഭാവഹത്യചെയ്യുന്ന രീതിയിലേക്ക് സമൂഹം അധഃപധിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രെയേറെ നിയമങ്ങളുണ്ടായിട്ടും സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിയമസംവിധാനങ്ങള്‍ക്ക് കഴിയാത്തത്? കാലങ്ങള്‍ക്ക് മുമ്പേ സ്ത്രീധന നിരോധന നിയമങ്ങള്‍ ഉണ്ടായിട്ടും സ്ത്രീ പീഡനങ്ങളും മരണങ്ങളും തടയാനാവാത്തത്?

ഒരിക്കലും മാറാന്‍ കൂട്ടാക്കാത്ത വ്യവസ്ഥിതി തന്നെയാണ് അതിന്റെ കാരണം. ആധുനികതയുടെ മൂടുപടം അണിയുമ്പോഴും സമൂഹം സ്ത്രീ സൗഹാര്‍ദ്ദപരമായി, സമത്വപരമായി ചിന്തിക്കാന്‍ കൂട്ടാക്കുന്നില്ല എന്നതാണ് വാസ്തവം. സ്ത്രീധനം എന്നത് അവകാശം കണക്കെ ചിന്തിക്കുന്ന സമൂഹം മാറി, അത് പുരുഷന്റെ ആണത്തത്തിന്റെ വിലയോ മൂല്യമോ അല്ലെന്ന് തിരിച്ചറിയുന്ന സമൂഹം രൂപപ്പെടണം. കുടുംബത്തിന്റെ അഭിമാനം കാക്കാനായി മകളെ സ്വര്‍ണത്തില്‍ മുക്കി പറഞ്ഞയക്കുന്ന മാതാപിതാക്കള്‍ മാറണം. അതിനു കഴുത്തു താഴ്ത്തിക്കൊടുക്കുന്ന നിസ്സഹായരായ സ്ത്രീ ജന്മങ്ങളും. സ്ത്രീധന പീഡനങ്ങളുടെ ഏതെങ്കിലുമൊരു വിധിന്യായത്തില്‍ സ്ത്രീധനം നല്‍കുന്ന മാതാപിതാക്കള്‍ കൂടി കുറ്റക്കാരാണെന്ന് പരാമര്‍ശിക്കാനും ശക്തിയുക്തം വിമര്‍ശിക്കാനും ന്യായാധിപര്‍ ശ്രമിച്ചിരുന്നെങ്കില്‍ അതീ പുരുഷാധിപത്യ സമൂഹത്തിനു കനത്ത ആഘാതമായേനെ.

സ്ത്രീയെ സംരക്ഷിക്കേണ്ട നിയമ വ്യവസ്ഥകളില്‍ പോലും സ്ത്രീവിവേചനം പ്രകടമാണ്. സിആര്‍പിസിയിലെ സെക്ഷന്‍ 64 പ്രകാരം സമണ്‍ ചെയ്യപ്പെട്ട വ്യക്തിയെ കണ്ടുകിട്ടാത്ത സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ ഒപ്പം താമസിക്കുന്ന കുടുംബത്തിലെ പ്രായപൂര്‍ത്തിയായ പുരുഷന്റെ കൈവശം സമന്‍സ് നല്‍കാം. നിയമത്തിന്റെ കണ്ണില്‍ അയാള്‍ സമന്‍സ് സ്വീകരിക്കാന്‍ യോഗ്യനാണ്. അതേ സമയം കുടുംബത്തിലെ പ്രായ പൂര്‍ത്തിയായ സ്ത്രീയ്ക്ക് സമന്‍സ് കൈമാറാനാവില്ല. നിയമത്തിന്റെ ദൃഷ്ടിയില്‍ അവള്‍ അയോഗ്യയാണ്. എന്തു വിരോധാഭാസമാണിത്? എന്താണ് ഈ അയോഗ്യതയുടെ മാനദണ്ഡം?

അവന്‍ പുരുഷനാണ് എന്നതാണ് അവന്റെ യോഗ്യത. സ്ത്രീ ആണ് എന്നതാണവളുടെ അയോഗ്യത. നിയമത്തിലെ ഇത്തരം എണ്ണിയാല്‍ ഒടുങ്ങാത്ത വിവേചനങ്ങളുടെ നടുവില്‍ ഞെരുങ്ങി അമര്‍ന്നു പിടയുകയാണ് ഓരോ സ്ത്രീ ജന്മങ്ങളും. തീര്‍ച്ചയായും മാറ്റങ്ങളുടെ അലയൊലികള്‍ ഉണ്ടാവുന്നുണ്ട്. പക്ഷെ ഒന്ന് പതുക്കെ തലോടി പോകാന്‍ മാത്രമേ ഈ മാറ്റങ്ങള്‍ക്കു സാധിക്കുന്നുള്ളു. സ്ത്രീകൾക്ക് വിവാഹ സമയത്ത് നൽകുന്ന വിവാഹ സമ്മാനം പത്തു പവനായി പരിമിതപെടുത്തിയത് പോലെയുള്ള ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. കാലോചിതമായി സമൂഹം പരിവർത്തനത്തിന് വിധേയമാകണം. സ്കൂളുകളിൽ പ്രത്യുല്പാതന പ്രക്രിയകൾ ഒളിച്ചും പാത്തും പഠിപ്പിക്കുന്നതിൽ നിന്നും മാറി മികച്ച ലൈംഗിക വിദ്യാഭ്യാസവും ശാരീരിക ബോധവും സ്ത്രീ പുരുഷ സമത്വത്തിന്റെ ആവശ്യകതയും പാഠ്യ വിഷയമാക്കണം. ആണുങ്ങൾ അങ്ങനെയാണ് എന്ന പതിവ് പല്ലവിയിൽ നിന്നും മാറി, തുല്യതയുടെ ആദ്യ പാഠങ്ങൾ വീടുകളിൽ നിന്നുയരണം. ആണുങ്ങളെ നന്നാക്കാനുള്ള റീഹാബിലിറ്റെഷൻ സെന്ററുകളാണ് സ്ത്രീ എന്ന ചിന്തയെ തച്ചു തകർക്കണം..

അദൃശ്യമായ വലക്കണ്ണികള്‍

തുല്യതയിലേക്കുള്ള വഴികള്‍ ഇപ്പോഴും ഏറെ അകലെ തന്നെയാണ്. അതിലേക്ക് എത്താന്‍ ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാനുമുണ്ട്. പൊള്ളായായ വാഗ്ദാനങ്ങളും കപടമായ ആദര്‍ശങ്ങളും നാം ലക്ഷ്യസ്ഥാനത്തെത്തി എന്ന തോന്നലുണ്ടാക്കിയേക്കാം. പക്ഷെ സമത്വമെന്ന യാഥാര്‍ത്ഥ്യം ഇനിയുമൊരുപാട് ദൂരെയാണ്. അതിനായി ഒരുപാട് ദൂരം ഇനിയും താണ്ടേണ്ടതുണ്ട്. ആ യാത്രയിലുടനീളം പുതിയ പുതിയ കെണികളും കുരുക്കുകളും നമ്മെ കാത്തിരിക്കുന്നുമുണ്ട്. എത്ര ഉയരത്തില്‍ വേണമെങ്കിലും പറന്നോളു, അന്തമില്ലാത്ത ആകാശം നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന് തോന്നിപ്പിക്കും. പക്ഷെ കരുതിയിരിക്കുക, അവര്‍ കല്‍പിച്ചിരിക്കുന്ന ഉയരം താണ്ടി കഴിയുമ്പോള്‍ ചിറകരിഞ്ഞിടാനായി ആകാശത്തില്‍ അദൃശ്യമായ വലകള്‍ കാത്തിരിക്കുന്നുണ്ട്. നിങ്ങള്‍ക്ക് പറക്കാനുള്ള ഉയരങ്ങള്‍ ആരൊക്കെയോ ഇപ്പോഴും നിശ്ചയിച്ചു വെച്ചിട്ടുണ്ട്.തിരിച്ചറിയുക, സമത്വത്തിലേക്ക് ഇനിയുമൊരുപാട് ദൂരമുണ്ട്…

 

Eng­lish Sam­mury: march 8 wom­en’s day arti­cle by adv.Khadeejath Rumana, Pho­to by Rajesh Rajendran-janayugom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.