നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് കരുത്തും ഊർജവും പകർന്നുനൽകിയ വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി മാറിയ ഇണ്ടംതുരുത്തി മന ദേശീയ സ്മാരകമായി കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐടിയുസിയും സംരക്ഷിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈക്കം സത്യഗ്രഹത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിവ് പകരാൻ അത് അനിവാര്യമാണ്. അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരു തുടങ്ങിവെച്ച വിപ്ലവം നമ്മുടെ രാജ്യത്തെ നവോത്ഥാന പ്രസ്ഥാനങ്ങൾക്കെല്ലാം ആവേശം പകർന്നു. ക്ഷേത്രപരിസരത്തുകൂടി പിന്നാക്ക സമുദായക്കാർക്ക് വഴി നടക്കാനുള്ള സമരമായിരുന്നു വൈക്കം സത്യഗ്രഹം. സമരത്തിന് അനുകൂലമായി ഗാന്ധിജി വന്നിട്ടും പടിക്കുപുറത്തുനിര്‍ത്തിയ ആളാണ് അന്നത്തെ സർവാധികാരിയായിരുന്ന ഇണ്ടംതുരുത്തി നമ്പ്യാതിരി. ഗാന്ധിജിയുടെ ജാതിയായിരുന്നു കാരണം.
ഇന്നും ഏറ്റവും സജീവമാണ് ജാതിചിന്ത. ഇത് ആധുനിക സമൂഹത്തിന് അപമാനമാണ്. സിപിഐ‑എഐടിയുസി നേതൃത്വത്തിൽ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദർശങ്ങളും ദൈവവും പ്രതിഫലിക്കേണ്ടത് നമ്മുടെ കർമങ്ങളിലാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം കെ സാനു പറഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് വൈക്കത്തു നടന്ന സത്യഗ്രഹം. രാജ്യമൊട്ടാകെ ചലനാത്മകമായി അത് വളർന്നു. സാഹിത്യത്തെയും സംസ്കാരത്തെയും എല്ലാം സത്യഗ്രഹം വലിയതോതിൽ സ്വാധീനിക്കുകയുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹ സമരത്തിൽ പങ്കെടുക്കാൻ വൈക്കത്തെത്തിയ മഹാത്മാഗാന്ധി ഇണ്ടംതുരുത്തി മന സന്ദർശിച്ചതിന്റെ 98-ാം വാർഷികദിനമായ ഇന്നലെ വൈകിട്ട് മനയിലെ സി കെ വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ആർ സുശീലൻ, ലീനമ്മ ഉദയകുമാർ, അഡ്വ. വി കെ സന്തോഷ് കുമാർ, ഒ പി എ സലാം, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, മോഹനൻ ചേന്ദംകുളം, എഐടിയുസി ജില്ലാ പ്രസിഡന്റ് ടി എൻ രമേശൻ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ അജിത്ത്, ഇ എൻ ദാസപ്പൻ, സി കെ ആശ എംഎൽഎ, മണ്ഡലം സെക്രട്ടറിമാരായ എം ഡി ബാബുരാജ്, സാബു പി മണലൊടി, പി ജി തൃഗുണസെൻ എന്നിവർ സംസാരിച്ചു.
English Summary: Indamthuruthy Mana will be protected as a national monument: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.