വൺ റാങ്ക്, വൺ പെൻഷൻ (ഒആർഒപി) കുടിശിക നാല് ഗഡുക്കളായി നൽകുമെന്ന് വിജ്ഞാപനം നൽകി പ്രതിരോധ മന്ത്രാലയത്തിന് നിയമം കൈയിലെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ജനുവരി 20ന് ഇറക്കിയ ഈ വിജ്ഞാപനം ഉടനടി പിൻവലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പർഡിവാല എന്നിവരടങ്ങിയ ബെഞ്ച് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കുടിശികയുടെ ഒരു ഗഡു കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞുവെന്നും ബാക്കി തുക നൽകാൻ കൂടുതൽ സമയം ആവശ്യമാണെന്നും അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി പറഞ്ഞു. ആദ്യം വൺ റാങ്ക് വൺ പെൻഷൻ കുടിശിക ഗഡുക്കളായി നൽകാമെന്ന വിജ്ഞാപനം പിൻവലിക്കുക. കൂടുതൽ സമയം വേണമെന്ന നിങ്ങളുടെ അപേക്ഷ അതിനുശേഷം പരിഗണിക്കാമെന്നും ഇതിന് മറുപടിയായി കോടതി വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം കോടതി വിധിക്ക് പൂർണമായും വിരുദ്ധമാണ്. പെൻഷൻ കുടിശിക ഗഡുക്കളായി നൽകാമെന്ന് ഏകപക്ഷീയമായി പറയാൻ മന്ത്രാലയത്തിന് സാധിക്കില്ല. നൽകാനുള്ള തുക, തുക നൽകാൻ സ്വീകരിച്ച നടപടി ക്രമങ്ങൾ, കുടിശിക നൽകാനുള്ള മുൻഗണനാ ക്രമം എന്നിവ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദ വിവരങ്ങൾ നൽകണമെന്ന് അറ്റോർണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
ചില വർഗീകരണം ആവശ്യമാണ്. പ്രായമായവർക്ക് ആദ്യം കുടിശിക ലഭിക്കണം. നിയമ നടപടികൾ ആരംഭിച്ചതിന് ശേഷം നാലു ലക്ഷം പെൻഷൻകാർ മരിച്ചു കഴിഞ്ഞു- കോടതി വ്യക്തമാക്കി. കുടിശിക ഗഡുവായി നൽകുമെന്ന പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ എക്സ്‍ സർവീസ്‌മെൻ മൂവ്മെന്റ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. ഫെബ്രുവരി 27ന്, സായുധ സേനയിലെ യോഗ്യരായ പെൻഷൻകാർക്ക് ഒആർഒപി കുടിശിക നൽകുന്നതിൽ കാലതാമസം വരുത്തിയതിൽ സുപ്രീം കോടതി പ്രതിരോധ മന്ത്രാലയത്തെ ഇടപ്പെടുത്തുകയും കോടതി നിശ്ചയിച്ച പേയ്‌മെന്റുകളുടെ സമയപരിധി നീട്ടിക്കൊണ്ടുള്ള നിര്‍ദേശം പുറപ്പെടുവിച്ചതിന് ബന്ധപ്പെട്ട സെക്രട്ടറിയോട് വിശദീകരണം തേടുകയും ചെയ്തിരുന്നു.
English Summary;One Rank, One Pension: Supreme Court Slams Center
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.