19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 23, 2024
June 27, 2024
March 11, 2024
March 11, 2024
December 16, 2023
September 27, 2023
April 5, 2023
March 19, 2023
March 15, 2023
March 13, 2023

കീരവാണി പ്രസരിപ്പിന്റെ പ്രസാദാത്മക താളം; ഓർമ്മകൾ പങ്കുവച്ച് പി കെ ഗോപി

കെ കെ ജയേഷ്
കോഴിക്കോട്
March 13, 2023 9:24 pm

“പെരുമാറ്റത്തിൽ പ്രസരിപ്പും പ്രസാദാത്മകതയുമുണ്ടെങ്കിൽ ഒരാളെ നാം വേഗം ഇഷ്ടപ്പെട്ടേക്കാം. അത് സംഗീതവുമായി ബന്ധപ്പെട്ടാകുമ്പോൾ അതിന് ഹൃദ്യത വർധിക്കും. ഈണവും താളവുമല്ലാതെ മറ്റൊന്നും ചിന്തയിലില്ലാത്ത ഒരാളിന്റെ സാന്നിധ്യവുമാണ് ഞാൻ അനുഭവിച്ചത്.” കീരവാണി എന്ന മരഗതമണിയുമായുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ കവി പി കെ ഗോപി. കീരവാണി ഓസ്കാർ നിറവിൽ എത്തിനിൽക്കുമ്പോൾ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷവും പി കെ ഗോപി പങ്കുവച്ചു. 1991ൽ പുറത്തിറങ്ങിയ ‘നീലഗിരി’ എന്ന ചിത്രത്തിലാണ് ഇവരും ഒരുമിച്ച് പ്രവർത്തിച്ചത്. ചിത്രത്തിനായി അഞ്ച് ഗാനങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയത്. ഐ വി ശശിയുടെ ഭൂമിക എന്ന സിനിമയിലെ ഗാനരചനയ്ക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ നീലഗിരിക്കു വേണ്ടിയാണ് മദിരാശിയിലെ വുഡ്‍ലാന്റ്സ് ഹോട്ടലിൽ എത്തിയത്.

കഥാസന്ദർഭവും പശ്ചാത്തലവുമൊക്കെ ഭംഗിയായി ശശിയേട്ടൻ പറഞ്ഞു തന്നിട്ടുണ്ട്. പെട്ടന്ന് മുറിയിലേക്ക് ചുറുചുറുക്കോടെ ഒരു യുവാവ് കടന്നുവരുന്നു. പിറകെ ഒരു കൊച്ചുപെൺകുട്ടി. ഇപ്പോൾ പ്രശസ്ത സംഗീത സംവിധായികയാണവർ. വന്നപാടെ ബാഗ് തുറന്ന് ഒരു തുണിപ്പായ നിവർത്തി തറയിൽ വിരിക്കുന്നു. ചമ്രം പടിഞ്ഞ് കീരവാണി അതിലിരിക്കുന്നു. സഹോദരി നീക്കിവച്ചു കൊടുത്ത ഹാർമോണിയത്തൽ തൊട്ടുതൊഴുത് കട്ടകളിൽ വിരലമർത്തുന്നു. സൂക്ഷ്മവും സുന്ദരവുമായ ചലനങ്ങൾ.. ലാലാ.. ലല്ലാലാ.. ട്യൂൺ പിറക്കുകയായി. തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ.. എന്ന ഗാനത്തിന്റെ സംഗീതമാണ് അദ്ദേഹം വായിച്ചതും വായ്പാട്ടിലൂടെ ആവിഷ്കരിച്ചതുമെന്ന് പി കെ ഗോപി വ്യക്തമാക്കി. ”ഐ വി ശശി സമ്മതം മൂളിയപ്പോൾ കാസറ്റിൽ റിക്കാർഡ് ചെയ്ത് എന്റെ നേരെ നീട്ടി. ഇനി എനിക്കാണല്ലോ ജോലി. സംഗീത നിശ്ചയത്തിന്റെ പരിധിയിൽ അനുയോജ്യമായ വാക്കുകൾ കുറിക്കണം. ഉറക്കമില്ലാത്ത രാത്രിയിൽ ഞാനിടയ്ക്കിടെ കീരവാണിയെ വിളിച്ച് ട്യൂണിന്റെ സംശയങ്ങൾ ചോദിച്ചു. എഴുതിയ സാഹിത്യം വായിച്ചു കേൾപ്പിച്ചു. ഹൃദയം കൊണ്ടാണ് ഞങ്ങൾ സംസാരിച്ചത്. അവയെല്ലാം നിറം മങ്ങാത്ത പ്രചോദനമായി ഓർമ്മയിൽ ഇപ്പോഴുമുണ്ട്.” പി കെ ഗോപി പറഞ്ഞു.

ഒരു പകൽ മാത്രമെടുത്ത് സിനിമയിൽ നാലഞ്ചു ട്യൂൺ മെനയുന്ന പരിശ്രമശാലിയാണ് കീരവാണി. മെലഡിയുടെ ആരാധകനായിരിക്കെ, ചടുല ചലനങ്ങൾ സാധ്യമാക്കുന്ന നാട്ടുതാളങ്ങൾ പ്രയോഗിക്കാനുള്ള സാമർത്ഥ്യം അദ്ദേഹത്തെ പ്രശസ്തനാക്കി. സൂക്ഷ്മമായ നിശ്ചയങ്ങൾ അദ്ദേഹത്തിന്റെ സംഗീതത്തിലുണ്ട്. താളമോ ഈണമോ മറ്റൊരാൾക്ക് അഴിച്ചുപണിയാൻ ഇടം കൊടുക്കാത്ത തരത്തിൽ ഭദ്രമാണ് അത്. ഇപ്പോഴിതാ ഈ ഇന്ത്യന്‍ സംഗീതഞ്ജൻ ഓസ്കാർ നേടിയിരിക്കുന്നു. തുമ്പീ നിന്റെ മോഹം പൂവണിഞ്ഞിരിക്കുന്നുവെന്ന് ആലങ്കാരികമായി താൻ ആഹ്ലാദത്തോടെ പറയുകയാണ്. നീലഗിരിയിലെ ‘തുമ്പീ നിൻ മോഹം പൂവണിഞ്ഞുവോ’, ‘കിളി പാടുമേതോ, മഞ്ഞുവീണ പൊൻതാരയിൽ’, ‘പൊന്നരളി കൊമ്പിലെ കുയിലേ പറയൂ’, ‘മേലേ മാനത്തെ തേര്’ തുടങ്ങിയ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. സൂര്യമാനസം, ദേവരാഗം തുടങ്ങിയ ചിത്രങ്ങളിലും കീരവാണിയൊരുക്കിയ ഗാനങ്ങൾ ഏറെ ജനപ്രിയമായിരുന്നു.

Eng­lish Summary;The pleas­ing rhythm of Keer­a­vani Prasarip; poet PK Gopi shared his memories
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.