18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 2, 2024
October 31, 2024
October 31, 2024
October 31, 2024
October 6, 2024
October 5, 2024
October 1, 2024
September 30, 2024
September 26, 2024
September 23, 2024

കേന്ദ്ര കടൽ മണൽ ഖനന പദ്ധതി കടൽക്കൊള്ള

ടി ജെ ആഞ്ചലോസ്
March 14, 2023 8:00 am

കടൽ കോർപറേ‌റ്റുവൽക്കരിക്കുന്നതിന് കേന്ദ്രസർക്കാർ നടത്തുന്ന നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളികൾ പ്രക്ഷോഭത്തിനിറങ്ങുന്നു. ഇത് സംബന്ധിച്ച 2002ലെ നിയമത്തിനുള്ള ഭേദഗതിക്ക് 2023 ഫെബ്രുവരി ഒമ്പതിന് ഖനന മന്ത്രാലയം നോട്ടീസ് ഇറക്കി കഴിഞ്ഞു. കേന്ദ്രസർക്കാരിന്റെ ബ്ലൂ ഇക്കോണമി നയത്തിന്റെ ഭാഗമായി ആഴക്കടലിനേയും തീരക്കടലിനേയും വിൽക്കുക എന്നത് തന്നെയാണ് ലക്ഷ്യം. കാർഷിക മേഖലയ്ക്ക് പിന്നാലെ കടലും കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനായി കോവിഡിന്റെ മറവിൽ 2021 ഫെബ്രുവരി 17ന് പ്രധാനമന്ത്രി നിയന്ത്രിക്കുന്ന ഭൗമ മന്ത്രാലയം ബ്ലൂ ഇക്കോണമി നയരേഖ പ്രസിദ്ധീകരിച്ചിരുന്നു. ‌അന്നുതന്നെ മത്സ്യത്തൊഴിലാളി സംഘടനകൾ കടലിനെ കോർപറേ‌റ്റുവൽക്കരിക്കുവാനുള്ള ഗൂഢനീക്കം ചൂണ്ടി‌‌ക്കാണിച്ചിരുന്നു. അത് യാഥാർത്ഥ്യമാകുകയാണ്.

നമ്മുടെ കടലിനെ ഏഴ് മേഖലകളായി തിരിച്ചുകൊണ്ടാണ് പുതിയനയം നടപ്പിലാക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്ന് കടലിലെ ഖനനമാണ് ആഴക്കടലും തീരക്കടലും കോർപറേറ്റുകൾക്ക് കൈമാറി പരമാവധി ഖനനം നടത്തി ലാഭമുണ്ടാക്കുക എന്നത് മാത്രമാണ് കേന്ദ്രസർക്കാരിന്റെ ഉദ്ദേശം. നിലവിലെ കടലിലെ ഖനനവുമായി ബന്ധപ്പെട്ട 2002ലെ കടൽ മേഖല ധാതുക്കൾ വികസനവും നിയന്ത്രണവും നിയമം (ഓഫ്ഷോര്‍ ഏര്യാസ് മിനറല്‍ ഡെവലപ്മെന്റ് ആന്റ് റെഗുലേഷന്‍ ആക്ട്, 2022) ഭേദഗതി ചെയ്തുകൊണ്ട് എത്രയും വേഗം ഇത് നടപ്പിലാക്കുവാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്. രാജ്യത്ത് നിലനിൽക്കുന്ന 2002ലെ കടൽ ഖനന നിയമം ഭേദഗതി ചെയ്തുകൊണ്ട് മത്സരാധിഷ്ഠിത ലേലത്തിലൂടെ കടൽ മേഖലയാകെ പല ബ്ലോക്കുകളായി തിരിച്ച് സ്വകാര്യ കമ്പനികൾക്ക് ലൈസൻസ് നൽകുവാനാണ് നിർദേശിക്കുന്നത്.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ കടലിൽ വിവിധതരം ധാതു നിക്ഷേപങ്ങളെ സംബന്ധിക്കുന്ന കണക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് ഒഡിഷ, ആന്ധ്രാപ്രദേശ്, കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഘന ധാതുക്കളും (ലോഹ മണൽ) ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിൽ ചുണ്ണാമ്പ് നിക്ഷേപവും കേരളത്തിന്റെ തീരക്കടലിലും പുറത്തും നിർമ്മാണത്തിന് ആവശ്യമായ മണലും ലഭ്യമാണ് എന്ന് വ്യക്തമാക്കുന്നു. 79 ദശലക്ഷം ടൺ ലോഹമണലും 1,53,996 ദശലക്ഷം ടൺ ചുണ്ണാമ്പും 745 ദശലക്ഷം നിർമ്മാണത്തിന് ആവശ്യമായ മണലും കടലിൽ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് പരമാവധി ഖനനം ചെയ്തെടുക്കുവാൻ നിലവിലെ നിയമം വളരെയധികം തടസങ്ങൾ സൃഷ്ടിക്കുന്നു എന്നും ഖനനം എളുപ്പത്തിലാക്കുവാൻ നിയമ ഭേദഗതി ആവശ്യമാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ അധികാര പരിധിയിൽപ്പെടുന്ന 12 നോട്ടിക്കൽ മൈൽ ഭാഗത്ത് നടത്തുന്ന ഖനനം സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്ന് കയറ്റമാണ്. തീരക്കടലിലും ആഴക്കടലിലും നടക്കുന്ന ഖനനം കടലിന്റെ ആവാസ വ്യവസ്ഥയാകെ തകരാറിലാക്കും.

വലിയ തോതിൽ മത്സ്യസമ്പത്ത് നശിക്കുവാൻ ഇടവരുത്തും. സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്ന കടൽ മേഖലയിലേക്ക് മത്സ്യത്തൊഴിലാളികൾക്ക് കടന്നുചെല്ലാൻ കഴിയാത്ത തരത്തിലുള്ള നിയന്ത്രണങ്ങളും വരും. കടലിൽ നടത്തുന്ന ഏത് ഖനനവും തൊട്ടടുത്ത തീരത്തെ ബാധിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കേരളം പോലെ ജനസാന്ദ്രമായ തീരദേശ സംസ്ഥാനത്ത് അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. മത്സ്യത്തൊഴിലാളികളുടെ പൊതുസ്വത്തായിരുന്ന കടൽ ഇനി മുതൽ കോർപറേറ്റുകളുടെ സ്വത്തായി മാറുന്നു. ഇതിനെതിരെ യോജിച്ച ചെറുത്ത് നിൽപ്പിന് ഈ മാസം 16, 17 തീയതികളിൽ തിരൂരിൽ ചേരുന്ന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ക്യാമ്പ് രൂപം നൽകും.

(മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ )

Eng­lish Sam­mury: Cen­tral Sea Sand Min­ing Project Pira­cy, AITUC Leader TJ Ange­los writes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.