തെക്കേപറമ്പിലെ നാമ്പുകൾക്ക്
എന്നേക്കാട്ടിലും നീളമുണ്ട്
ഞാനൊന്നു കുറുകിത്തടിച്ചതാണോ
പുല്ലവനീണ്ടു വളർന്നതാണോ
ചെത്തിവെടിപ്പാക്കി വയ്ക്കുവാനിന്നലെ
ആളിനേയും കാത്ത് ഞാനിരുന്നു
കൂലിക്ക് കിട്ടുവാനില്ലയൊരാളെയും
വന്നതുമില്ലല്ലോ എൻകണാരൻ
കാടനെന്നാണു വിളിപ്പേരു, പക്ഷേങ്കി-
ലിന്നേവരെ ഞാൻ വിളിച്ചതില്ല
ധീരനാണെന്റെ കണാരനെന്നന്നേ
മുത്തശ്ശി ചൊന്നോരോർമ്മയുണ്ട്
പാമ്പിനെക്കൊന്നു പടമാക്കിയെന്നെ
ഒക്കത്തെടുത്ത് തിണ്ണയ്ക്കിരുത്തി
പാതിയായെങ്കിലും രക്ഷിച്ചുവങ്ങനെ
വൈദ്യനും തൻ പണി പൂർത്തിയാക്കി
തോട്ടിലു വീണൊരു ചെക്കനെ പൊക്കീട്ടു
മാറ്റിക്കൊടുത്തു തലവര, പിന്നെയും
ദൈവമയച്ചവനാണന്നു മുത്തശ്ശി
പലവുരു പണ്ടേ പറഞ്ഞിരുന്നു
“കാടനെ ദൈവമൊരു കാലനാക്കാതെ
എന്തിനു പിന്നെ കണാരനാക്കി?”
ഉത്തരമില്ലാത്ത ചോദ്യശരങ്ങളാൽ
തീർത്തൊരു ശയ്യയിൽ നാൾകഴിച്ചു
തെക്കേത്തൊടിയുടെ തീരത്തൊരുകോണിൽ
മുത്തശ്ശനെരിയുന്നൊരോർമ്മയുണ്ട്
ഒരു വാഴയിലവെട്ടി തിണ്ണമേലിട്ടിട്ട്
കാടനും കണ്ണുതുടച്ചുനിന്നു
താങ്ങിയെടുത്തവർ, വായിലേക്കരിയെള്ളു
പൂവുമെറിഞ്ഞൊന്നു നീർകൊടുത്തു
ആർത്തലച്ചന്നവർ, എന്തിനെന്നറിയില്ല
തീർച്ചയാണിന്നോളം കണ്ടതില്ല
ഈറനോടാറുപേർ നാലുതലയ്ക്കലായ്
താങ്ങിയെടുത്തു പറമ്പിലെത്തി,
കട്ടിയ്ക്ക് തീയിടാൻ കാത്തുനിന്നോരുണ്ട്
ഏകനായന്നും കണാരനുണ്ട്
കത്തിയെരിയാത്തൊരസ്ഥികൾ കൈയാലെ
തൊട്ടുതൊടാതെ പെറുക്കിമാറ്റി,
മൺകുടമപ്പൊഴേ വായ് മൂടി വെൺ-
മണി പ്ലാവിന്റെ ചോട്ടിൽ കുഴിച്ചുമൂടി
“മേലേയിരുന്നിതു കാണുവാനായെങ്കിൽ
ആത്മാവിനേകില്ലേ ആത്മഹർഷം”
‘പഞ്ചഭൂതങ്ങളും പ്രാണനെ നിർമ്മിച്ചു’
വിസ്മയിപ്പിച്ചുപോയ് കാടന്റെയുത്തരം
ഒട്ടിയവയറുമായോടിക്കിതച്ചിട്ട്
ഒരു പയ്യൻവന്നു തൊഴുതുനിന്നു
തമ്പ്രാട്ടീയെന്നൊന്നു നീട്ടിവിളിച്ചിട്ട്
തലമേലെ കൈവച്ചു മാറിനിന്നു
കണ്ടൊരു മാത്രയിൽ വാവിട്ടുകൊണ്ടവൻ
കാര്യത്തിൻ കെട്ടങ്ങഴിച്ചുവച്ചു
മണ്ണിലിരുന്നവൻ പതമെണ്ണി പിന്നെയും
കണ്ണുനീരാൽ പലതോതിനിന്നു
കണാരന്റെ ചെല്ലമോനേറ്റമിളയവൻ
പിന്നാലെയമ്മ പറഞ്ഞുതന്നു,
പിന്നെ മടിച്ചീലാ, രണ്ടുപേർ താങ്ങിയാ-
തിണ്ണയിന്മേലെയെടുത്തുവച്ചു
ഒന്നു കുളിപ്പിച്ചു ചന്ദനോം തൊടുവിച്ചു
ദർഭമേൽ വച്ചു കടന്നുപോയി,
കത്തുന്ന ദീപം തലയ്ക്കലുവച്ചിട്ട്
‘തത്ത്വമസി‘യെന്നു ചൊല്ലിപ്പോയി
വെള്ളത്തുണികൊണ്ടു മേലുമറച്ചിട്ടു
എള്ളെണ്ണ തീരാതെ നോക്കിനിന്നു,
ആ രണ്ടുപേർ ചേർന്ന് തെക്കുവശത്തായി
ആറടിമണ്ണതു വൃത്തിയാക്കി
ചന്ദനമുട്ടികളെല്ലാമടുക്കി, ചിത
നന്നായൊരുക്കാൻ പറഞ്ഞയച്ചു,
“എത്ര ചിതകൾക്കുനേരായിരുന്നതാ-
ണെത്രനേർചിന്തയാണെൻ കണാരൻ”
ആട്ടംമറന്ന പുൽനാമ്പും തലതാഴ്ത്തി
അടരുന്നൊരശ്രു തുടച്ചുകാണും
തെക്കേപ്പറമ്പിനൊരന്യനേയല്ലല്ലോ
അത്രമേലായിരുന്നെൻ കണാരൻ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.