16 January 2026, Friday

Related news

January 13, 2026
January 6, 2026
January 4, 2026
December 31, 2025
December 23, 2025
December 19, 2025
December 19, 2025
December 16, 2025
December 15, 2025
December 14, 2025

അംഗത്വം റദ്ദാവുമോ? രാഹുലിന്റെ എംപി സ്ഥാനം അനിശ്ചിതത്വത്തിൽ

Janayugom Webdesk
ന്യൂഡല്‍ഹി
March 24, 2023 8:57 am

മാനനഷ്ടക്കേസിൽ ഗുജറാത്ത് കോടതി രണ്ട് വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അനിശ്ചിതത്വത്തിൽ. രണ്ടു വർഷമോ അതിലേറെയോ തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ടാൽ പാർലമെന്റ് അംഗത്വം റദ്ദാവുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥ. മേൽക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുലിന് അയോഗ്യത കൽപ്പിക്കപ്പെടും. കേസിൽ വിധി പറഞ്ഞ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ശിക്ഷ നടപ്പാക്കുന്നത് 30 ദിവസത്തേക്ക് തടയുകയും അപ്പീൽ നൽകുന്നതിനായി രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തു. അതുകൊണ്ട് മേൽക്കോടതിയുടെ തീരുമാനം വരെ എംപി സ്ഥാനം നഷ്ടമാകില്ലെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ശിക്ഷ മരവിപ്പിച്ചതുകൊണ്ട് അയോഗ്യത ഇല്ലാതാകുന്നില്ലെന്നും ശിക്ഷിച്ച ഉത്തരവുതന്നെ സ്റ്റേ ചെയ്യണമെന്നുമാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. നിലവിലെ ചട്ടപ്രകാരം ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവർ വിധിവരുന്ന അന്നു മുതൽ അയോഗ്യരാവും. മജിസ്ട്രേറ്റ് കോടതിയുടെ വിധിയോടെ തന്നെ രാഹുൽ ഗാന്ധി അയോഗ്യനായെന്നാണ് വിശദീകരണം. മേൽക്കോടതി ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ ജനപ്രാതിനിധ്യ നിയമമനുസരിച്ച് എംപി സ്ഥാനം നഷ്ടമാവുകയും ആറു വർഷത്തേക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുണ്ടാവുകയും ചെയ്യും.

ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ജാഗ്രത ഉണ്ടാകണമെന്ന റഫാൽ കേസിൽ സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ് രാഹുൽ അവഗണിച്ചുവെന്ന് സൂറത്തിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടി. വീണ്ടുവിചാരമില്ലാത്ത പ്രസ്താവനകൾ നടത്തരുതെന്ന് 2019ൽ റഫാൽ കേസിൽ സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നൽകിയിരുന്നു. എംപി സ്ഥാനത്തിന് കൂടുതൽ സത്യസന്ധത ആവശ്യമാണ്. അതിനാൽ കുറഞ്ഞ ശിക്ഷ മാനനഷ്ടത്തിന് പരിഹാരമാകില്ലെന്ന് 168 പേജ് ദൈർഘ്യമുള്ള വിധിയിൽ പറയുന്നു.

‘എന്റെ മതം സത്യത്തിലും അഹിംസയിലും അധിഷ്ഠിതമാണ്, സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അത് നേടാനുള്ള മാര്‍ഗമെന്ന് വിധിക്കുശേഷം രാഹുല്‍ ട്വീറ്റ് ചെയ്തു. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി ഒരു അഭിഭാഷകന്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് പരാതി നല്കുി. അടുത്തിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അതിവേഗത്തില്‍ അയോഗ്യനാക്കിയ നടപടി തിരിച്ചടിയേറ്റുവാങ്ങിയിരുന്നു. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ അയോഗ്യത ഒഴിവാക്കപ്പെട്ടു. തുടര്‍ന്ന് സുപ്രീം കോടതി ഉത്തരവ് പ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

Eng­lish Sum­ma­ry: Does Rahul Gand­hi stand dis­qual­i­fied as an MP fol­low­ing his conviction?
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.