19 December 2024, Thursday
KSFE Galaxy Chits Banner 2

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം

Janayugom Webdesk
കൊച്ചി
March 26, 2023 4:54 pm

ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപിടിത്തം. തീയണയ്ക്കാന്‍ അഗ്നിശമന സേന സ്ഥലത്തെത്തി. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ആണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്. സെക്ടർ ഒന്നിലാണ് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തിന്റെ പുകയൊഴിയും മുൻപെയാണ് വീണ്ടും അഗ്നിബാധ. പുതിയ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അതിജാഗ്രത പുലർത്തുകയാണ്.

നേരത്തെ ബ്രഹ്മപുരം മാലിന്യമലയില്‍ ഉണ്ടായ വലിയ തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് പ്രത്യേക അന്വേഷണസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. മാലിന്യ സംസ്കരണ കരാർ ഏറ്റെടുത്തിരുന്ന സ്റ്റാർ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ വിജിലൻസ് കോടതിയിൽ ലഭിച്ച പരാതിയിൽ ത്വരിത അന്വേഷണം നടത്തി റിപ്പോർട്ടും നൽകിയിരുന്നു. ഇതിനിടെയാണ് ഇന്ന് വീണ്ടും തീപ്പിടിത്തമുണ്ടായത്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുയർന്ന അഴിമതികളിൽ എറണാകുളം വിജിലൻസ് എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്. കൊച്ചി കോർപ്പറേഷനിൽ നിന്ന് 147 ഫയലുകൾ പിടിച്ചെടുത്തു. ബയോമൈനിങ്ങിന് കരാറെടുത്ത സോൺട കമ്പനി ഉടമകളെയും ജീവനക്കാരെയും വരും ദിവസങ്ങളിൽ ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പുകളും നടക്കുകയായിരുന്നു. 2008 മുതൽ തീപിടിത്തമുണ്ടായ ദിവസംവരെയുള്ള ഇടപാടുകളാണ് അന്വേഷിക്കുന്നത്. പ്ലാന്റിന് സ്ഥലമെടുത്തതു മുതൽ അധികാരത്തിലിരുന്ന മേയർമാരുടെയും സെക്രട്ടറിമാരുടെയും എക്സിക്യുട്ടീവ് എൻജിനിയർമാരുടെയും മൊഴിയെടുക്കും. കഴിഞ്ഞദിവസം അന്വേഷണ സംഘത്തിലെ രണ്ട് ഡിവൈ എസ്‌പിമാരുടെ നേതൃത്വത്തിലുള്ള സംഘം ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റ് സന്ദർശിച്ചിരുന്നു.

അതിനിടെ ബ്രഹ്മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിച്ച എംപവേർഡ് കമ്മിറ്റിക്ക് വിശാലമായ അധികാരം നൽകുമെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ദുരന്ത നിവാരണ നിയമത്തിലെ 24 (എൽ) പ്രകാരമുള്ള അധികാരങ്ങളാണ് നൽകിയിട്ടുള്ളതത്. ഇതനുസരിച്ച്, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട പദ്ധതികൾ തയ്യാറാക്കാനും കോർപറേഷൻ മുഖേന നടപ്പിലാക്കാൻ നിർദേശം നൽകാനും കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഒപ്പപം മാലിന്യ സംസ്കരണത്തിനായുള്ള പ്രചാരണ ക്യാമ്പയിൻ സംഘടിപ്പിക്കാനുള്ള പദ്ധതി കോർപറേഷനോട് നിർദേശിക്കാനും കമ്മിറ്റിക്ക് കഴിയും. കമ്മിറ്റിയുടെ നിർദേശം ഏതെങ്കിലും കാരണവശാൽ കോർപറേഷൻ നടപ്പിലാക്കിയില്ലെങ്കിൽ പ്രവർത്തനം നേരിട്ട് ഏറ്റെടുത്ത് നടത്താനും കമ്മിറ്റിക്ക് അധികാരം നൽകി. ഇതിനായി കോർപറേഷന്റെ വികസന ഫണ്ട് ഉൾപ്പെടെ വകയിരുത്താനുമാകും.

മാലിന്യ സംസ്കരണ പദ്ധതി നിർദേശം‍ തയ്യാറാക്കി കോർപറേഷൻ കൗൺസിലിന് മുൻപാകെ എംപവേർഡ് കമ്മിറ്റിക്ക് സമർപ്പിക്കാം. നിർദേശം കൗൺസിൽ അംഗീകരിക്കാതിരിക്കുകയോ, നടപ്പാക്കാതിരിക്കുകയോ, തീരുമാനമെടുക്കാൻ വൈകുകയോ ചെയ്താൽ എംപവേർഡ് കമ്മിറ്റിക്ക് നേരിട്ട് അംഗീകാരം നൽകി പദ്ധതി നടപ്പാക്കാം. ആവശ്യമായ ഫണ്ട് കോർപറേഷനിൽനിന്ന് ലഭ്യമാക്കാനാകും. ഫണ്ട് ഉപയോഗത്തിന് പിന്നീട് ജില്ലാ ആസൂത്രണ സമിതിക്ക് നൽകി സാധൂകരണം നൽകിയാൽ മതി. സുലേഖ സോഫ്റ്റ് വെയറിൽ ഇതിനുള്ള സൗകര്യം ഏർപ്പെടുത്തും. മാലിന്യ സംസ്കരണത്തിനായി സർക്കാർ നിർദേശിച്ച മാർഗനിർദേശ പ്രകാരമുള്ള നടപടികൾ കോർപറേഷൻ സ്വീകരിച്ചില്ലെങ്കിൽ, ആ നടപടി നേരിട്ട് സ്വീകരിക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്.

മുഴുവൻ വീടുകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ചും വീടുകളിലും സ്ഥാപനങ്ങളിലും ഉറവിടമാലിന്യ സംസ്കരണത്തിന് ഉപാധി ഏർപ്പെടുത്തുന്നതിനും പൊതുഇടങ്ങൾ മാലിന്യമുക്തമായി സൂക്ഷിക്കാനും ജലാശയങ്ങൾ മലിനമാകാതെ കാത്തുരക്ഷിക്കാനുമുള്ള സർക്കാർ നിർദേശവും നിശ്ചിത സമയക്രമത്തിന് അനുസരിച്ച് നടപ്പിലാക്കാനും കമ്മിറ്റി ശ്രദ്ധിക്കും. കലക്ടർ അധ്യക്ഷനും ദുരന്ത നിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർ കൺവീനറുമായ എംപവേർഡ് കമ്മിറ്റിയിൽ വിവിധ വിഭാഗത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരായ 13 അംഗങ്ങളുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.