മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ല. പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കിയതെന്നും അമിത് ഷാ ആരോപിച്ചു. കര്‍ണാടകയിലെ ബിദറില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒബിസി സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പകരം ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങള്‍ക്ക് സംവരണം വീതിച്ചുനല്‍കാനായിരുന്നു ബിജെപി സര്‍ക്കാരിന്റെ തീരുമാനം. ഒബിസിയില്‍ ഉള്‍പ്പെട്ടിരുന്ന മുസ്ലിങ്ങളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10 ശതമാനം സംവരണത്തിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. നേരത്തെ ഉത്തരേന്ത്യയില്‍ പയറ്റിത്തെളിഞ്ഞ ജാതി-സമുദായ സമവാക്യ കാര്‍ഡാണ് ബിജെപി ഇത്തവണയും കര്‍ണാടകയില്‍ ഇറക്കുന്നതെന്നും ഇതിനോടകം വ്യക്തമായിട്ടുണ്ട്.
മുസ്ലിം സംവരണം നിലനില്‍ക്കുന്ന കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന സൂചനകളാണ് അമിത് ഷായുടെ പ്രസംഗത്തില്‍ നിന്നും ലഭിക്കുന്നത്. തെലങ്കാനയില്‍ അധികാരം ലഭിച്ചാല്‍ നിലവിലുള്ള നാല് ശതമാനം മുസ്ലിം സംവരണം എടുത്തുമാറ്റുമെന്ന് അമിത് ഷാ തന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപനം നടത്തിയിരുന്നു. അന്ന് ഇത് കാര്യമായ ഫലമുണ്ടാക്കിയില്ല. എന്നാല്‍ ഇത്തവണ കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തോടെ വിഷയം ആളിക്കത്തിക്കാനുള്ള നീക്കത്തിലാണ് ബിജെപി. പരിവര്‍ത്തിത ക്രൈസ്തവരുടെ സംവരണ വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാരും സമാനമായ നിലപാട് നേരത്തെ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം മുസ്ലിം സംവരണം എടുത്തുകളഞ്ഞ കര്‍ണാടക സര്‍ക്കാരിന്റെ നടപടി നിയമയുദ്ധത്തിലേക്ക് വഴിമാറിയിട്ടുണ്ട്. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്മാന്‍ ഖാന്റെ നേതൃത്വത്തില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള നിയമസഭാംഗങ്ങളും നേതാക്കളും യോഗം ചേര്‍ന്നിരുന്നു. ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കോടതിയെ സമീപിക്കാന്‍ ഐകകണ്ഠ്യേന തീരുമാനിച്ചതായി ശിവാജിനഗര്‍ നിയമസഭാംഗം റിസ്വാന്‍ അര്‍ഷാദ് പറഞ്ഞു.
English Summary: amit shah against minority reservation
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.