18 December 2024, Wednesday
KSFE Galaxy Chits Banner 2

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 31, 2023 8:42 am

പ്രമുഖ സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. തിരുവനന്തപുരം നന്ദാവനത്ത് മകളുടെ വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.സംസ്കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയില്‍. നൂറിലേറെ ചെറുകഥകളും 17 നോവലുകളുമെഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. നാര്‍മടിപ്പുടവ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.

മുറിപ്പാടുകള്‍ എന്ന നോവലാണ് പി.എ ബക്കര്‍ മണിമുഴക്കം എന്ന പേരില്‍ സിനിമയാക്കിയത്. ഈ സിനിമ ദേശീയ ചലച്ചിത്ര അവാര്‍ഡ് അടക്കം നേടി. അസ്തമയം, പവിഴമുത്ത്, അര്‍ച്ചന എന്നീ നോവലുകളും സിനിമകള്‍ക്ക് പ്രമേയങ്ങളായിട്ടുണ്ട്.

‘ജീവിതം എന്ന നദി‘ എന്ന ആദ്യനോവൽ 34‑ആം വയസ്സിൽ പുറത്തിറങ്ങി. നാര്‍മടിപ്പുടവ, ദൈവമക്കള്‍, അഗ്നിശുദ്ധി, ചിന്നമ്മു, വലക്കാര്‍, നീലക്കുറിഞ്ഞികള്‍ ചുവക്കും നേരി, ഗ്രഹണം, തണ്ണീര്‍പ്പന്തല്‍, യാത്ര, കാവേരി എന്നിവയാണ് സാറാ തോമസിന്റെ ശ്രദ്ധേയ കൃതികള്‍.

മുഖ്യമന്ത്രിയും സ്പീക്കറും അനുശോചിച്ചു

മലയാള കഥാ-നോവൽ സാഹിത്യത്തെ പുതിയ ഭാവതലങ്ങളിലേക്കുയർത്തിയ വിഖ്യാതയായ എഴുത്തുകാരിയാണ് സാറാ തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. തമിഴ് ബ്രാഹ്‌മണരുടെ മുതൽ അധ:സ്ഥിത ജനവിഭാഗങ്ങളുടെ വരെ ജീവിത സംസ്‌കാരത്തെ സമസ്ത സങ്കീർണതകളോടും കൂടി പ്രതിഫലിപ്പിച്ച വ്യത്യസ്ത കൃതികൾ സാറാ തോമസിന്റേതായി മലയാളത്തിനു കൈവന്നു. സ്ത്രീവാദപരമായ നിലപാടുകൾ സാഹിത്യത്തിൽ ശക്തിപ്പെട്ടുവരുന്നതിനു മുമ്പുതന്നെ സ്ത്രീസ്വത്വത്തിന്റെ പ്രകാശനം നിർവഹിക്കുന്ന കൃതികൾ അവരുടേതായി ഉണ്ടായി. നാർമടിപ്പുടവ പോലെയുള്ള അവരുടെ കൃതികൾ മലയാളസാഹിത്യത്തിലെ വിലപ്പെട്ട ഈടുവെയ്പ്പുകളുടെ ഭാഗമാണ്. അസ്തമയം, പവിഴമുത്ത്, അർച്ചന, ജീവിതം എന്ന നദി തുടങ്ങിയ നിരവധി കൃതികളിലൂടെ വായനാസമൂഹത്തിന്റെ മനസ്സിൽ ഇടം നേടിയ സാറാ തോമസിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ ലഭിച്ച പ്രഗൽഭയായ സാറാ തോമസിന്റെ നിര്യാണം മലയാളസാഹിത്യ ലോകത്തിന് വലിയ നഷ്ടമാണെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന് തന്റെ സ്വകാര്യതകളിൽ സന്തോഷം കണ്ടെത്തിയ എഴുത്തുകാരിയാണ് അവർ എന്നും സ്പീക്കർ അനുസ്മരിച്ചു. പുരോഗമന കലാ സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സാംസ്കാരിക നായികയായ സാറാ തോമസിന്റെ വിയോഗത്തിൽ അവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ സ്പീക്കറും പങ്കുചേർന്നു.

 

Eng­lish Summary;Author Sara Thomas has passed away
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.