3 December 2024, Tuesday
KSFE Galaxy Chits Banner 2

ഐപിഎല്‍; ആദ്യ മത്സരം ഗുജറാത്ത് v/s ചെന്നൈ

Janayugom Webdesk
അഹമ്മദാബാദ്
March 31, 2023 12:48 pm

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്മാരെന്ന പേരുമായാണ് ഗുജറാത്ത് ടൈറ്റണ്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടാനിറങ്ങുന്നത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദില്‍ രാത്രി 7.30ന് ആണ് മത്സരം. ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ തങ്ങളുടെ കന്നി ഐപിഎല്‍ സീസണില്‍ തന്നെ കിരീടം നേടിയ ടീമാണ് ഗുജറാത്ത്. കഴിഞ്ഞ വര്‍ഷത്തെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലില്‍ തകര്‍ത്താണ് ഗുജറാത്ത് കിരീടമുയര്‍ത്തിയത്. ഏത് വമ്പന്‍ ടീമിനെയും അടിച്ചിടാനുള്ള കരുത്ത് ഗുജറാത്തിനുണ്ട്. ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ തുറുപ്പ്ചീട്ട്. കഴിഞ്ഞ സീസണില്‍ തോല്‍ക്കുമെന്നുറപ്പിച്ച പല മത്സരങ്ങളിലും മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഗുജറാത്ത് വിജയിച്ചുകയറിയിട്ടുണ്ട്. 

മാത്യു വെയ്‌ഡ്, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഗുജറാത്തിന്റെ മറ്റു ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരായി ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയും ഒപ്പം രാഹുല്‍ തെവാട്ടിയയുമുണ്ട്. മുഹമ്മദ് ഷമി, അല്‍സാരി ജോസഫ്, റാഷിദ് ഖാന്‍ തുടങ്ങിയവരാണ് ബൗളിങ് ശ്രദ്ധാകേന്ദ്രങ്ങള്‍.ബെന്‍ സ്റ്റോക്സിനെ ടീമിലെത്തിച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഇത്തവണ ഇറങ്ങുന്നത്. അവസാന സീസണില്‍ ടീമുമായി തെറ്റിപ്പിരിഞ്ഞ രവീന്ദ്ര ജഡേജയുടെ തിരിച്ചുവരവും സിഎസ്‌കെയ്ക്ക് കരുത്താവും. മോയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ എന്നിവരെല്ലാം പ്ലേയിങ് 11ലുണ്ടാവും. ഡ്വെയ്ന്‍ ബ്രാവോ വിരമിച്ചതിന്റെ വിടവ് ബൗളിങ്ങില്‍ നികത്തുക കടുപ്പം. 

ബ്രാവോയെപ്പോലെ ഡെത്ത് ഓവറുകളില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സ്റ്റോക്‌സിന് സാധിച്ചേക്കില്ല. കൂടാതെ മുകേഷ് ചൗധരിയുടെ പരിക്ക് സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടിയാണ്. എം എസ് ധോണിയുടെ ബാറ്റിങ് മികവിനാണ് ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചിട്ടും ഐപിഎല്ലില്‍ ധോണിക്ക് തിളങ്ങാനാകുമോയെന്നതിനെ ആശ്രയിച്ചായിരിക്കും ചെന്നൈയുടെ മുന്നോട്ടുപോക്കും. ഇരുടീമിലും ഫിനിഷര്‍മാര്‍ കരുത്തേറിയവരാണ്. ഗുജറാത്തിന്റെ ഫിനിഷര്‍മാരായി ഡേവിഡ് മില്ലറും രാഹുല്‍ തെവാത്തിയയും എത്തുമ്പോള്‍ സിഎസ്‌കെയ്‌ക്കൊപ്പം എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ഫിനിഷര്‍മാരാവാനാണ് സാധ്യത. 

Eng­lish Summary;IPL; First match Gujarat v/s Chennai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.