19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024
November 28, 2024
November 27, 2024
November 27, 2024
November 21, 2024

ചുവന്ന നക്ഷത്രത്തിന്റെ ഓര്‍മ്മ

പി ദേവദാസ്
April 5, 2023 4:00 am

ആദ്യ സിപിഐ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന്റെ വാര്‍ഷിക ദിനമാണിന്ന്. കേരളത്തിന്റെ ഭരണ സിരാകേന്ദ്രത്തില്‍ ചുവന്ന നക്ഷത്രം ഉദിച്ച ദിവസമെന്നാണ് പ്രസ്തുത സംഭവത്തെ അന്നത്തെ ആഗോള മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ജന്മി നാടുവാഴിത്തത്തിനും ഭൂപ്രഭു വാഴ്ചയ്ക്കുമെതിരെയും കൃഷി ഭൂമി കൃഷിക്കാരനു ലഭിക്കുന്നതിനും രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തിനുവേണ്ടിയും രൂക്ഷമായ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപപ്പെടുന്നത് 1939 ഡിസംബറിലായിരുന്നു. സ്വാതന്ത്ര്യാനന്തരം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തിനുവേണ്ടിയും സിപിഐ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങളുണ്ടായി. അങ്ങനെയാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1956 നവംബര്‍ ഒന്നിന് കേരളമുള്‍പ്പെടെ സംസ്ഥാനങ്ങള്‍ രൂപംകൊള്ളുന്നത്. തുടര്‍ന്ന് നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഐ നേതൃത്വത്തിലുള്ള മന്ത്രിസഭ 1957 ഏപ്രില്‍ അഞ്ചിനാണ് സത്യപ്രതിജ്ഞ ചെയ്തത്.

സംസ്ഥാന ഘടകം രൂപപ്പെട്ട് 20 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് സിപിഐയെ കേരള ജനത ഭരണമേല്പിച്ചുവെന്നര്‍ത്ഥം. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായ ആദ്യത്തെ മന്ത്രിസഭ അംഗങ്ങളുടെ മികവുകൊണ്ടും ശ്രദ്ധേയമായിരുന്നു. സമരപരമ്പരകളിലെ നേതൃത്വവും സംഘാടക മികവുമുള്ള നേതാക്കളോടൊപ്പം പരിണിത പ്രജ്ഞരായ സാമൂഹ്യ പ്രവര്‍ത്തകരും മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. പാര്‍ട്ടി നേതാക്കളായ, മുഖ്യമന്ത്രി ഇഎംഎസിനൊപ്പം സി അച്യുതമേനോൻ, ടി വി തോമസ്, കെ സി ജോർജ്, കെ പി ഗോപാലൻ, ടി എ മജീദ്, പി കെ ചാത്തൻ, കെ ആർ ഗൗരി എന്നിവര്‍ക്കൊപ്പം നിയമരംഗത്തെ പ്രഗത്ഭനായിരുന്ന വി ആർ കൃഷ്ണയ്യർ, വിദ്യാഭ്യാസ വിചക്ഷണനായിരുന്ന ജോസഫ് മുണ്ടശേരി, ഡോ. എ ആർ മേനോൻ എന്നിവരടങ്ങുന്നതായിരുന്നു മന്ത്രിസഭ. മന്ത്രിസഭ നിലവിൽ വന്ന് ഒരാഴ്ച തികയുന്നതിനു മുമ്പ് കുടിയൊഴിപ്പിക്കൽ നിരോധന നിയമം നടപ്പിൽ വരുത്തി. ഇതുപ്രകാരം കർഷകൻ താമസിക്കുന്ന ഭൂമിയിൽ നിന്നും അവനെ കുടിയൊഴിപ്പിക്കുന്നത് നിയമം മൂലം തടയപ്പെട്ടു.


ഇതുകൂടി വായിക്കൂ: പിന്നിട്ട കാലങ്ങളെ തേടുമ്പോൾ


വിദ്യാഭ്യാസരംഗത്ത് സമൂലമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചുകൊണ്ട് മന്ത്രിസഭ കൊണ്ടുവന്ന ബില്ലായിരുന്നു 1957ലെ വിദ്യാഭ്യാസ ബിൽ. സ്വകാര്യമേഖലയിലെ അധ്യാപകർക്ക് നിയമപരമായ പരിരക്ഷ നൽകാൻ കൂടിയുള്ളതായിരുന്നു ഈ ബിൽ. സർക്കാരിൽ നിന്നും പണം കൈപ്പറ്റി, അത് സ്വകാര്യ സ്കൂൾ മാനേജർമാർ തോന്നിയതുപോലെ വിതരണം ചെയ്യുക വഴി, അധ്യാപകനും, സ്വകാര്യ സ്കൂൾ ഉടമസ്ഥരും തമ്മിൽ ഒരു യജമാന, ഭൃത്യ ബന്ധമാണ് നിലനിന്നിരുന്നത്. പുതിയ ബിൽ വഴി ശമ്പളം സർക്കാർ നേരിട്ട് അധ്യാപകരുടെ കൈകളിലെത്തുവാനുള്ള സംവിധാനം ഉണ്ടായി. ഭൂവുടമ ബന്ധങ്ങളിൽ സമഗ്രവും, സമൂലവുമായ മാറ്റങ്ങൾ വരുത്തുവാൻ ഉദ്ദേശിച്ചുകൊണ്ടായിരുന്നു ഭൂപരിഷ്കരണ ബില്ലിന് രൂപം നല്കിയത്. ഇതിന് പുറമേ വ്യവസായ ബന്ധബിൽ, അധികാരവികേന്ദ്രീകരണം, പൊതുവിതരണ സമ്പ്രദായം, മെച്ചപ്പെട്ട ആരോഗ്യ രംഗം എന്നിവ രൂപപ്പെടുത്തുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചു. എന്നാല്‍ ഇവയെല്ലാംതന്നെ പ്രതിലോമ — സാമുദായിക ശക്തികള്‍ക്ക് രുചിക്കാത്തതായിരുന്നു.

പ്രത്യേകിച്ച്, വിദ്യാഭ്യാസ ബിൽ, ഭൂപരിഷ്കരണ നിയമം തുടങ്ങിയവ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ ബില്ലിനെ ആയുധമാക്കി പ്രതിപക്ഷ‑സാമുദായിക കക്ഷികൾ സർക്കാരിനെതിരേ പ്രക്ഷോഭം ആരംഭിച്ചു. കാർഷിക നിയമത്തിലൂടെ തങ്ങളുടെ കൈവശമുള്ള കണക്കില്ലാത്ത ഭൂമി കൈമോശം വരുമെന്നു മനസിലാക്കിയ സമ്പന്നവർഗവും വിമോചനസമരം എന്ന പേരിൽ നടന്ന ഈ പ്രക്ഷോഭത്തെ കയ്യയച്ച് സഹായിച്ചു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെല്ലാം തന്നെ ആ സമരത്തിൽ പങ്കാളികളായി. കേരളസംസ്ഥാനത്തെ ഭരണസമ്പ്രദായം ആകെ തകർന്നുവെന്ന് ഗവർണർ കേന്ദ്രത്തെ അറിയിച്ചു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആശിര്‍വാദത്തോടെ 1959 ജൂലൈ 31 -ാം തീയതി കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ രാഷ്ട്രപതി പിരിച്ചുവിട്ടു.ആദ്യ സിപിഐ സര്‍ക്കാരിനെ വിമോചന സമരത്തിലൂടെ പുറത്താക്കുവാനായെങ്കിലും ആ സര്‍ക്കാര്‍ കേരളത്തില്‍ അടയാളപ്പെടുത്തിയ ഭരണ നടപടികള്‍ മായ്ചുകളയാനാകാത്തതായിരുന്നു. അതിന്റെ അടിത്തറയിലൂടെയാണ് പിന്നീടുള്ള കേരളം മുന്നോട്ടുപോയത്. വിവിധ ഘട്ടങ്ങളില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകള്‍ അന്ന് പൂര്‍ത്തിയാക്കാനാകാതിരുന്നവ യാഥാര്‍ത്ഥ്യമാക്കി. അങ്ങനെയാണ് സി അച്യുതമേനോന്‍ മുഖ്യമന്ത്രിയായ ഘട്ടത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണം സംസ്ഥാനത്ത് നടപ്പിലാകുന്നത്. അതുകൊണ്ടുതന്നെ കാലമെത്ര കഴിഞ്ഞാലും ആദ്യ സിപിഐ സര്‍ക്കാരിന്റെ അപദാനങ്ങള്‍ എക്കാലവും വാഴ്ത്തപ്പെടുമെന്നുറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.