30 December 2024, Monday
KSFE Galaxy Chits Banner 2

Related news

May 15, 2023
May 12, 2023
May 2, 2023
April 20, 2023
April 17, 2023
April 17, 2023
April 16, 2023
April 14, 2023
April 12, 2023
April 10, 2023

എലത്തൂര്‍ ട്രെയിന്‍ തീവയ്പ് പ്രതിയിലേക്ക് എത്തിയത് ഇങ്ങനെ

കെ കെ ജയേഷ് 
കോഴിക്കോട്
April 5, 2023 10:36 pm

കേരളത്തെ നടുക്കിയ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ അതിവേഗം പിടികൂടിയതിന് പിന്നിൽ കേരള പൊലീസിന്റെ പഴുതടച്ച അന്വേഷണവും പ്രത്യേകാന്വേഷണ സംഘത്തിന്റെ പ്രവർത്തന മികവും. കേന്ദ്ര ഏജൻസികളെയും മറ്റ് സംസ്ഥാനങ്ങളിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡുകളെയും ഏകോപിപ്പിച്ച് ശാസ്ത്രീയമായി പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് മൂന്ന് ദിവസങ്ങൾക്കുള്ളിൽ പ്രതിയെ വലയിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യവും ഇക്കാര്യത്തിൽ അന്വേഷണ സംഘത്തിന് കരുത്തായി.
ഞായറാഴ്ച രാത്രിയാണ് കോഴിക്കോട് എലത്തൂരിൽ ആലപ്പുഴ‑കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാർക്ക് മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തിങ്കളാഴ്ച തന്നെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി വിശദമായ അന്വേഷണത്തിന് നിർദേശം നൽകി. ഉടൻ തന്നെ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് ശാസ്ത്രീയമായ പരിശോധനയടക്കം നടത്തി തെളിവുകൾ ശേഖരിച്ചു. 

ഉപേക്ഷിക്കപ്പെട്ട ആ ബാഗ്

സംഭവശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കുറിപ്പിൽ നിന്നാണ് അന്വേഷണ പുരോഗതിയുണ്ടായത്. ഷാരൂഖ് സെയ്ഫി കാർപെന്റർ എന്ന പേര് രേഖപ്പെടുത്തിയ പുസ്തകമാണ് നിർണായക നീക്കങ്ങൾക്ക് അന്വേഷണ സംഘത്തെ സഹായിച്ചത്. ഓരോ ദിവസവും എപ്പോൾ ഉറങ്ങണം, എന്തെല്ലാം ചെയ്യണമെന്നെല്ലാമുള്ള കാര്യങ്ങൾ പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു. വിവിധ സ്ഥലങ്ങളുടെ പേരുകളും അതിലുണ്ടായിരുന്നു. മൊബൈൽ ഫോൺ, വസ്ത്രങ്ങൾ, ലഘുഭക്ഷണം, സ്ഥലപ്പേരുകളുള്ള കുറിപ്പ്, പെട്രോൾ അടങ്ങിയ കുപ്പി എന്നിവയെല്ലാം ബാഗിലുണ്ടായിരുന്നു. 

രേഖാചിത്രം

റാസിഖ് എന്ന സാക്ഷിയുടെ മൊഴിയനുസരിച്ചാണ് പ്രതിയുടെ രേഖാ ചിത്രം തയ്യാറാക്കിയത്. പ്രതിയെ ഇനിയും കണ്ടാലറിയുമെന്ന് റാസിഖ് വ്യക്തമാക്കി. രേഖാചിത്രത്തിന് പ്രതിയുമായി സാമ്യമുണ്ടെന്ന് റാസിഖ് വ്യക്തമാക്കുകയും ചെയ്തു. ഈ രേഖാചിത്രം ഉപയോഗിച്ചായിരുന്നു പിന്നീട് അന്വേഷണം നടന്നത്. രേഖാ ചിത്രത്തിനെതിരെ നിലവിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പിടികൂടിയ ഷാരൂഖ് സെയ്ഫിയുമായി രേഖാചിത്രത്തിന് ബന്ധമില്ലെന്നാണ് വിമർശനം ഉയർന്നത്. ഇതിന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറുപടി നൽകി. പ്രതിയെ നേരിട്ട് കണ്ട് വരയ്ക്കുന്നതല്ല രേഖാചിത്രമെന്നും പ്രതിയെ കണ്ടവർ ഓർമ്മയിൽ നിന്ന് പറഞ്ഞുകൊടുക്കുന്ന ലക്ഷണങ്ങൾ വച്ചിട്ടാണ് രേഖാചിത്രം തയ്യാറാക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

അന്വേഷണം ഉത്തരേന്ത്യയിലേക്ക്

പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്ന് യാത്രക്കാരുടെ മൊഴികളിൽ നിന്ന് പൊലീസിന് സൂചന ലഭിച്ചു. പ്രതിയുടെ ബാഗിൽ നിന്ന് ലഭിച്ച കുറിപ്പും ഇക്കാര്യം ഉറപ്പിച്ചു. തുടർന്ന് അന്വേഷണം പ്രതി കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് കടക്കാനുള്ള സാധ്യതകൾ മുൻനിർത്തിയായി. അക്രമത്തിന് ശേഷം പ്രതി ട്രെയിനിൽ കണ്ണൂരിലെത്തി. അവിടെ നിന്ന് മംഗലാപുരത്തേക്ക് കടന്ന് ഡൽഹിയിലേക്ക് പോകാനായിരുന്നു പദ്ധതി. കേരളത്തിൽ അധിക ദിവസം തങ്ങിയിട്ടില്ലാത്ത പ്രതി കൃത്യം നടത്തി വേഗത്തിൽ തന്നെ ഉത്തരേന്ത്യയിലേക്ക് മടങ്ങുമെന്ന് അന്വേഷണ സംഘത്തിന് തീർച്ചയായിരുന്നു. സംശയമുള്ളവരെ ചോദ്യം ചെയ്തും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സംവിധാനങ്ങളെ ഏകോപിപ്പിച്ചും പ്രതിക്ക് പിന്നാലെ സഞ്ചരിക്കുകയായിരുന്നു പൊലീസ്. വളരെ വേഗം തന്നെ അന്വേഷണം പ്രതിയിലേക്ക് അടുത്തു.
ദീർഘദൂര ട്രെയിൻ കടന്നുപോകാൻ സാധ്യതയുള്ള എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പ്രതിയെക്കുറിച്ചുള്ള വിവരം നൽകി. ആദ്യ സൂചനകൾ പ്രകാരം അന്വേഷണം നോയിഡയിലേക്ക് നീണ്ടു. എന്നാൽ ഷാരൂഖ് സെയ്ഫി എന്ന നോയിഡ സ്വദേശി കേരളത്തിൽ വന്നിട്ടേയില്ലെന്ന് പരിശോധനയിൽ തെളിഞ്ഞു. പിന്നീടാണ് ഷഹീൻ ബാഗിൽ നിന്ന് കാണാതായ ഷാരൂഖ് സെയ്ഫിയിലേക്ക് അന്വേഷണമെത്തിയത്. ട്രെയിനിൽ രത്നഗിരിയിലെത്തിയ ഷാരൂഖ് സെയ്ഫി ഫോൺ ഓൺ ചെയ്തയുടൻ ഇയാളുടെ ലൊക്കേഷൻ അന്വേഷണ സംഘവും മുംബൈ എടിഎസും ശേഖരിച്ചു. കേരള പൊലീസ് നൽകിയ വിവരങ്ങളാണ് ഇവിടെ പ്രതിയെ തിരിച്ചറിയാൻ മുംബൈ എടിഎസിനെ സഹായിച്ചത്. തുടർന്ന് നടന്ന സംയുക്ത ഓപ്പറേഷനിലാണ് പ്രതി അറസ്റ്റിലാകുന്നത്. 

മരണത്തെക്കുറിച്ചുള്ള സംശയങ്ങളും ബാക്കി

കമ്പാർട്ട്മെന്റിൽ തീ പടർന്നപ്പോൾ പ്രാണരക്ഷാർത്ഥം പുറത്തേക്ക് ചാടിയതിനെ തുടർന്നാണ് രണ്ട് വയസുള്ള കുട്ടിയുൾപ്പെടെ മൂന്നു പേർ മരിച്ചതെന്നാണ് പൊലീസ് നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ചില സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രെയിനിൽ നിന്ന് താഴേക്ക് ചാടിയതാകാമെന്ന് പൊലീസ് പറയുന്നത്. എന്നാൽ ആരെങ്കിലും ഇവരെ തള്ളിയിട്ടതാകുമെന്ന സംശയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ ഉന്നയിച്ചിരുന്നു. ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നാലും ഇതേ രീതിയിലാണ് മരണ സാധ്യതയെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരാൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടിവരും.
ആലപ്പുഴ ‑കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ ആരും കണ്ടിരുന്നില്ല. അയാൾ പിന്നീടെന്ത് ചെയ്തു, എവിടേക്ക് പോയി, എങ്ങനെ രത്നഗിരിയിലെത്തി തുടങ്ങിയവയെല്ലാം ഇപ്പോഴും ചോദ്യമായി അവശേഷിക്കുകയാണ്. വാ­തിലിന് സമീപത്തെ ഇടനാഴിയിൽ നിൽക്കുകയായിരുന്നവരെ പ്രതി പുറത്തേക്ക് തള്ളിയിട്ടതാണോ എന്ന സംശയവും ഉയരുന്നുണ്ട്.
മട്ടന്നൂർ പാലോട്ടുപള്ളി കല്ലൂർ റോഡ് ബദരിയ്യ മൻസിലിൽ മാണിക്കോത്ത് റഹ്മത്ത് (45), ഇവരുടെ സഹോദരിയുടെ മകൾ ചാലിയം കുന്നുമ്മൽ സഹറ ബത്തൂൽ (രണ്ട്), മട്ടന്നൂർ കൊടോളിപ്രം വരുവക്കുണ്ട് കൊട്ടാരത്തിൽ പുതിയപുരയിൽ കെ പി നൗഫീഖ് (39) എന്നിവരാണ് മരിച്ചത്. റഹ്മത്തിന്റെയും നൗഫീഖിന്റെയും മൃതദേഹം പാളത്തിൽ തലയടിച്ചുവീണ നിലയിലും കൊച്ചുകുട്ടിയുടേത് ട്രാക്കിനുള്ളിലുമാണ് കണ്ടെത്തിയത്. 

Eng­lish Sum­ma­ry; Elathur train fire attack

You may also like this video

TOP NEWS

December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024
December 30, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.