30 September 2024, Monday
KSFE Galaxy Chits Banner 2

വിനോദസഞ്ചാരികളെ വരവേല്‍ക്കാന്‍ ഉഷാറായി ഹോം സ്റ്റേകള്‍

ഷാജി ഇടപ്പള്ളി
കൊച്ചി
April 9, 2023 10:38 pm

അവധിക്കാലമായതോടെ വിനോദസഞ്ചാരമേഖല ഉണർവിന്റെ പാതയിൽ. ആഭ്യന്തര വിനോദ സഞ്ചാരികൾക്കു പുറമെ വിദേശ സഞ്ചാരികളുടെ വരവും സജീവമായി. കോവിഡിനെ തുടർന്ന് ഏറെ പ്രതിസന്ധി നേരിട്ട ഹോം സ്റ്റേ മേഖലയും ഇതോടെ ഉഷാറായി. ഗൃഹാന്തരീക്ഷത്തിലുള്ള താമസവും ഭക്ഷണവും ഓരോ പ്രദേശത്തിന്റെ സംസ്കാരവും ജീവിത രീതികളും മനസിലാക്കുന്നതിനും മറ്റുമായി വിനോദ സഞ്ചാരികൾക്കിടയിൽ ഹോം സ്റ്റേകൾക്ക് പ്രിയം കൂടിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ മെച്ചപ്പെട്ട താമസസൗകര്യം കണ്ടെത്തുന്നതിന് വിനോദസഞ്ചാരികള്‍ ഓൺലൈൻ ബുക്കിങ് സംവിധാനവും സ്വീകരിക്കാൻ തുടങ്ങിയതോടെ മേഖലക്ക് അനുകൂല സാധ്യതകളും ഏറി. 

സംസ്ഥാന സർക്കാരും വിനോദസഞ്ചാര വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ആവശ്യമായ സഹായ സഹകരണം നൽകി മേഖലയുടെ വളർച്ചക്ക് വേണ്ടി ഒപ്പമുള്ളതും ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷകൾ വർധിപ്പിച്ചു. സ്വന്തം വീടുകളിൽ പ്രത്യേകം മോടിപിടിപ്പിച്ചു സൗകര്യപ്പെടുത്തുന്ന മുറികളിൽ ഭക്ഷണമടക്കം വിനോദസഞ്ചാരികൾക്ക് താമസമൊരുക്കുന്നതിന് ആളുകൾക്കിടയിൽ താല്പര്യം വർധിച്ചതും അതൊരു സ്വയം തൊഴിൽ മേഖലയായി കണ്ടെത്തിയതും ഹോം സ്റ്റേ മേഖലയുടെ വളർച്ചക്ക് ഇടയാക്കി. 

സംസ്ഥാനത്ത് ക്ലാസിഫൈഡ് സർഫിക്കേഷനുള്ള 800ഓളം ഹോം സ്റ്റേകളും 4000ത്തോളം ക്ലാസിഫിക്കേഷൻ ഇല്ലാത്തവയും പ്രവർത്തിക്കുന്നുണ്ട്. വിനോദ സഞ്ചാരമേഖലയുടെ സജീവമായ വികസനത്തിന് വേണ്ടി സർക്കാരും വകുപ്പും കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ നടത്തിയിട്ടുള്ള പരസ്യങ്ങളും ഇടപെടലുകളും ഇപ്പോൾ ഈ മേഖലക്ക് ഒത്തിരി അനുകൂല സാഹചര്യങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അതുവഴി ഹോം സ്റ്റേ മേഖലയും പുതുവികസന പാതയിലാണെന്ന് സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗവും കേരള ഹാറ്റ്സ് ഡയറക്ടറുമായ എം പി ശിവദത്തൻ ജനയുഗത്തോട് പറഞ്ഞു.
നിലവിലുള്ള ഹോം സ്റ്റേകളിൽ 1000 എണ്ണത്തില്‍ ഉറവിട മാലിന്യ സംസ്കരണത്തിന് ജൈവവാതക പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അതുപോലെ ഉത്തരവാദിത്വ ടൂറിസം മിഷനുമായി ചേർന്ന് 1000 ഹോം സ്റ്റേകൾ ക്ലാസിഫൈഡ് വിഭാഗത്തിലേക്ക് ഉയർത്താനുള്ള പരിശ്രമവും കേരള ഹാറ്റ്സ് മുൻകൈയെടുത്ത് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: home stays to wel­come tourists

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.