19 May 2024, Sunday

Related news

May 18, 2024
May 18, 2024
May 13, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 6, 2024
May 5, 2024

കേന്ദ്ര പെന്‍ഷനില്ലാതെ വാർധക്യ, വിധവ, ഭിന്നശേഷിക്കാര്‍

ബേബി ആലുവ
കൊച്ചി
April 17, 2023 8:24 am

വാർധക്യ, വിധവ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള ക്ഷേമ പെൻഷനിലെ കേന്ദ്ര വിഹിതം സംസ്ഥാന സർക്കാരിനെ ഒഴിവാക്കി നേരിട്ട് നൽകാൻ തീരുമാനിച്ചത്, കേരളത്തിലെ അഞ്ച് ലക്ഷത്തോളം വരുന്ന ഗുണഭോക്താക്കളെ പ്രയാസത്തിലാക്കി. സംസ്ഥാനം നൽകിയ പെൻഷനിൽ നിന്ന് കുറവ് ചെയ്ത സ്വന്തം വിഹിതം വിഷുനാളിൽപ്പോലും പെൻഷൻകാരിലെത്തിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ല. സംസ്ഥാനത്തെ സാമൂഹിക ക്ഷേമ പെൻഷന് അർഹരായ 52.54 ലക്ഷം പേരിൽ ബഹുഭൂരിപക്ഷത്തിനും വിഷുവിന് രണ്ട് ദിവസം മുമ്പു തന്നെ രണ്ട് മാസത്തെ പെൻഷനായ 3200 രൂപ കിട്ടിയപ്പോൾ, കേന്ദ്ര വിഹിതം ലഭിക്കുന്ന വാർധക്യ, വിധവ, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 4.7 ലക്ഷം പേർക്ക് മുൻപത്തെപ്പോലെ മുഴുവൻ തുകയും കിട്ടിയില്ല. കേന്ദ്ര വിഹിതം നാമമാത്രമാണെങ്കിലും കിട്ടിക്കൊണ്ടിരുന്ന സഹായത്തിൽ നിന്ന് രണ്ട് മാസം കണക്കാക്കുമ്പോൾ 1000, 600, 400 എന്നിങ്ങനെ തുക കുറഞ്ഞത് ഈ വിഭാഗങ്ങളുടെ കാര്യം കഷ്ടത്തിലാക്കി. 

52.54 ലക്ഷം പെൻഷൻകാരിൽ 4.7 ലക്ഷം പേർക്ക് കേന്ദ്രം നൽകുന്ന വിഹിതം സംസ്ഥാന വിഹിതവുമായി കൂട്ടിച്ചേർത്ത് വിതരണം ചെയ്യുമ്പോൾ നേട്ടമുണ്ടാകുന്നത് സംസ്ഥാന സർക്കാരിനാണെന്ന പുതിയ ബോധോദയത്തെ തുടർന്നാണ്, ഈ സാമ്പത്തിക വർഷം മുതൽ സ്വന്തം വിഹിതം നേരിട്ട് വിതരണം ചെയ്യാൻ തീരുമാനിച്ചതായി കേന്ദ്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. 80 വയസിന് മുകളിൽ പ്രായമുള്ളവർക്കും 80 വയസിനു താഴെയുള്ളവർക്കും യഥാക്രമം 1100 രൂപ, 1400 രൂപ സംസ്ഥാന വിഹിതവും 500 രൂപ, 200 രൂപ എന്നിങ്ങനെ കേന്ദ്ര വിഹിതവുമാണ്. 80 വയസിന് മുകളിലുള്ള വിധവകൾക്ക് സംസ്ഥാനം 1100 രൂപയും കേന്ദ്രം 500 രൂപയും 80 വയസിൽ താഴെയുള്ളവർക്ക് സംസ്ഥാനം 1300 രൂപയും കേന്ദ്രം 300 രൂപയും 80 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സംസ്ഥാനം 1100 രൂപയും കേന്ദ്രം 500 രൂപയും — എന്നിങ്ങനെയാണ് മറ്റു പെൻഷനുകളിലെ ഇരു സർക്കാരുകളുടെയും വിഹിതം.

എല്ലാവർക്കും മുഴുവൻ പെൻഷനും സംസ്ഥാനം നൽകി, 4.7 ലക്ഷം പേരുടെ പെൻഷനിലെ കേന്ദ്രവിഹിതം പിന്നീട് വാങ്ങുന്നതായിരുന്നു പിന്തുടർന്നു വന്ന രീതി. എന്നാൽ, സംസ്ഥാനം ആവശ്യപ്പെടുന്ന സമയത്ത് വിഹിതം നൽകാൻ കേന്ദ്രം കൂട്ടാക്കാറില്ല. നിലവിൽ ഈ ഇനത്തിലെ രണ്ട് വർഷത്തെ തുക കുടിശികയാണ്. പെൻഷനായി പ്രതിവർഷം 10,000 കോടി സംസ്ഥാന സർക്കാർ ചെലവഴിക്കുമ്പോൾ കേന്ദ്രത്തിന് ചെലവാകുന്നത് 360 കോടി മാത്രമാണ്. പലവട്ടം പെൻഷൻ തുക സംസ്ഥാനം വർദ്ധിപ്പിച്ചപ്പോൾ നാളിതു വരെ ചില്ലിക്കാശുപോലും കേന്ദ്രം കൂട്ടി നൽകിയിട്ടുമില്ല. ഇതിനിടെ, കേന്ദ്രത്തിന്റെ പ്രവൃത്തി തിരിച്ചടിയായെന്ന ഇച്ഛാഭംഗം കേരളത്തിലെ ബിജെപി നേതാക്കളിലുണ്ടാ യിട്ടുണ്ട്. വാർധക്യ, വിധവ, ഭിന്നശേഷി വിഭാഗങ്ങൾക്കുള്ള പെൻഷൻ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ വിഹിതമാണെന്നല്ലാതെ, സംസ്ഥാന വിഹിതം ഇത്ര, കേന്ദ്ര വിഹിതം ഇത്ര എന്നൊന്നും സംസ്ഥാനം പ്രചരിപ്പിച്ചിരുന്നില്ല. 

എന്നാൽ, കേന്ദ്ര വിഹിതം മറച്ചുവച്ച് സംസ്ഥാന സർക്കാർ നേട്ടമുണ്ടാക്കുന്നതായി ആരോപിച്ച് കേന്ദ്രം നടപടികൾക്ക് മുതിർന്നതോടെ, കേന്ദ്രം നൽകുന്ന തുച്ഛമായ വിഹിതത്തിന്റെ യഥാർത്ഥ ചിത്രം ജനങ്ങൾക്ക് അറിയാൻ അവസരമുണ്ടാക്കി എന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. കിട്ടിക്കൊണ്ടിരുന്ന പെൻഷനിൽ കുറവു ചെയ്ത കേന്ദ്ര വിഹിതം എന്നത്തേക്ക് കിട്ടും എന്ന കാര്യത്തിൽ വ്യക്തതയില്ല. പുറമെ, രണ്ട് വർഷമായി വിഹിതം കുടിശികയാണെന്ന വിവരം കൂടിയായതോടെ 4.7 ലക്ഷം പെൻഷൻകാർ ആശങ്കയിലുമായി.പാചക വാതക സബ്സിഡി നേരിട്ട് നൽകുമെന്ന് പ്രഖ്യാപിച്ച്, ഒടുവിൽ ഇല്ലാതാക്കിയ അവസ്ഥ പെൻഷൻ കാര്യത്തിലും സംഭവിക്കുമോ എന്നാണ് അവരുടെ വേവലാതി.

Eng­lish Summary:Old age, wid­ow and dif­fer­ent­ly abled with­out cen­tral pension

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.