19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 18, 2024
December 18, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024
December 17, 2024

മദനിക്ക് കേരളത്തിലേക്ക് വരാമെന്നു സുപ്രീംകോടതി

Janayugom Webdesk
തിരുവനന്തപുരം
April 17, 2023 5:02 pm

ബംഗളൂരു സ്‌ഫോടന കേസില്‍ കര്‍ണാടക ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കി സുപ്രീം കോടതി. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് നിഷേധിച്ചാണ് നാട്ടിലെത്താന്‍ അനുമതി നല്‍കിക്കൊണ്ട് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, ബേലാ എം ത്രിവേദി എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവു പുറപ്പെടുവിച്ചത്.
2008ല്‍ ബംഗളൂരുവില്‍ നടന്ന സ്‌ഫോടന പരമ്പരകളുമായി ബന്ധപ്പെട്ട കേസിലാണ് യുഎപിഎ പ്രകാരം മഅദനി അറസ്റ്റിലാകുന്നത്. കരുതല്‍ തടങ്കല്‍ പ്രകാരം പരപ്പന അഗ്രഹാര ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയാകാത്തതും ആരോഗ്യ കാരണങ്ങളും ഉന്നയിച്ചാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച കോടതി സുരക്ഷാ സംബന്ധിയായി കര്‍ണാടക പൊലീസിനുണ്ടാകുന്ന ചെലവുകള്‍ സ്വയം വഹിക്കണമെന്ന നിര്‍ദേശത്തോടെയാണ് ജാമ്യം അനുവദിച്ചത്.

കേസുമായി ബന്ധപ്പെട്ട് വിചാരണ കോടതി ആവശ്യപ്പെട്ടാല്‍ മടങ്ങി എത്താമെന്നും സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലീസ് സേനയുടെ എണ്ണത്തില്‍ കുറവു വേണമെന്നും മഅദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഹാരിസ് ബീരാനും കോടതിയോട് ആവശ്യപ്പെട്ടു. മഅദനിയെ കേരളത്തിലേക്ക് കൊണ്ടു പോകുന്നതിനെതിരെ കര്‍ണാടകം ശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയുള്ള മഅദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ പത്തിലേക്ക് മാറ്റി.

2017ല്‍ മകന്റെ വിവാഹ ആവശ്യവുമായി കേരളത്തിലേക്ക് പോകാന്‍ മഅദനിയുടെ സുരക്ഷാ ചെലവിനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് 15 ലക്ഷം രൂപയായിരുന്നു. സുപ്രീം കോടതി 12 ദിവസത്തേക്കായിരുന്നു അനുമതി നല്കിയിരുന്നത്. കര്‍ണാടക സര്‍ക്കാര്‍ വന്‍തുക സുരക്ഷയ്ക്കായി ഈടാക്കുന്നതിനെതിരെ കോടതി തന്നെ വിമര്‍ശനം ഉന്നയിച്ചതോടെ സുരക്ഷാ ചെലവ് 1,18,000ലേക്ക് ചുരുങ്ങുകയാണുണ്ടായത്. ബംഗളൂരു സ്‌ഫോടന കേസില്‍ മഅദനി ഉള്‍പ്പെടെ 32 പേര്‍ക്കെതിരെയാണ് യുഎപിഎ പ്രകാരം കേസെടുത്തിരിക്കുന്നത്.
മഅദനി വ്യാഴാഴ്ച കേരളത്തിലെത്തുമെന്ന് പിഡിപി സംസ്ഥാന സെക്രട്ടറിമാരായ നിസാർ മേത്തർ, നൗഷാദ് തിക്കോടി എന്നിവർ അറിയിച്ചു. റോഡ് മാർഗമായിരിക്കും യാത്ര. കോടതി വിധി ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിച്ചതായും പിഡിപി നേതാക്കൾ പറഞ്ഞു.

Eng­lish Sum­ma­ry: Supreme Court says Madani can come to Kerala

You may also like this video: 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.