23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 1, 2023
September 19, 2023
May 27, 2023
May 26, 2023
May 26, 2023
May 26, 2023
May 26, 2023
May 25, 2023
May 24, 2023
May 23, 2023

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് ബാനര്‍ജിയുടെ കനല്‍ ഫോക്ക് ബാന്‍ഡ് നാടൻ പാട്ട്

Janayugom Webdesk
ആലപ്പുഴ
April 18, 2023 5:39 pm

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ ഇന്ന് വൈകിട്ട് 6.30ന് ബാനര്‍ജിയുടെ കനല്‍ ഫോക്ക് ബാന്‍ഡ് നാടൻ പാട്ട് അരങ്ങേറും.

രാവിലെ 11ന് ഭരണഘടനയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ സാമൂഹ്യ നീതിയും എന്ന വിഷയത്തില്‍ സാമൂഹ്യ നീതി വകുപ്പിന്റെ സെമിനാർ നടക്കും. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍ അധ്യക്ഷത വഹിക്കും. നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടര്‍ ഡോ.ജി. മോഹന്‍ ഗോപാല്‍ വിഷയം അവതരിപ്പിക്കും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്. സുമേഷ്, ജില്ല വനിത ശിശുവികസന ഓഫീസര്‍ എല്‍. ഷീബ എന്നിവര്‍ പങ്കെടുക്കും. ജില്ല സാമൂഹ്യ നീതി ഓഫീസര്‍ എ.ഒ. അബീന്‍ മോഡറേറ്ററാകും.

ഉച്ചകഴിഞ്ഞ് രണ്ടിന് മാറുന്ന കാലവും മാറുന്ന തൊഴിലും എന്ന വിഷയത്തില്‍ തൊഴില്‍ വകുപ്പിന്റെ സെമിനാര്‍ നടക്കും. റിട്ട. അസി. ലേബര്‍ ഓഫീസര്‍ പി. സാബു വിഷയം അവതരിപ്പിക്കും. അസി. ലേബര്‍ ഓഫീസര്‍ ഷിബു മോഡറേറ്ററാകും.

ഏപ്രിൽ 23 വരെയാണ് മേള. യുവാക്കൾക്ക് കൂടുതൽ തൊഴിലും വരുമാനവും ഉറപ്പാക്കുന്നത്തിനായി സംസ്ഥാനത്ത് ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരഭങ്ങൾ തുടങ്ങാൻ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയിലൂടെ ഇന്ന് നൂറ് ശതമാനം ലക്ഷ്യവും കൈവരിച്ച് 1.40 ലക്ഷം സംരംഭങ്ങളാണ് ആരംഭിക്കാനായത്. പി.എസ്‌.സി. വഴി 2.03 ലക്ഷം നിയമനങ്ങൾ നടത്തി. മുപ്പതിനായിരത്തോളം അധിക തസ്തികകളാണ് ഈ സർക്കാർ സൃഷ്ടിച്ചതെന്നും മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് മന്ത്രി പി പ്രസാദ് പറഞ്ഞു. 

കഴിഞ്ഞ രണ്ട് വർഷങ്ങളിലായി സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഈ സർക്കാർ കേരളത്തിൽ നടപ്പാക്കിയത്. സമാനതകളില്ലാത്ത വികസനമെന്നത് വെറും പറച്ചിൽ മാത്രമല്ല. കൃത്യമായ കണക്കുകൾ നിരത്തിയാണ് ഈ വികസനങ്ങൾ ഓരോന്നും പൊതുജനങ്ങൾക്ക് മുന്നിൽ സർക്കാർ അവതരിപ്പിക്കുന്നത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലേക്ക് എത്തുമ്പോൾ 900 കാര്യങ്ങളാണ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും സർക്കാർ ആയിരം കാര്യങ്ങൾ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ആധുനിക കാലഘട്ടത്തിന് അനുയോജ്യമായ രീതിയിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഓരോ മേഖലയിലും നടപ്പാക്കുന്നത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങി സമസ്ത മേഖകളിലും വലിയ രീതിയിലുള്ള വികസന പ്രവർത്തനങ്ങൾക്കാണ് കഴിഞ്ഞ ഏഴു വർഷക്കാലം കേരളം സാക്ഷ്യം വഹിച്ചത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 62,500 കോടി രൂപയുടെയും രണ്ടാം പിണറായി സർക്കാർ ഇതുവരെ 18,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുമാണ് സംസ്ഥാനത്ത് നടപ്പാക്കിയത്. 63 ലക്ഷം കുടുംബങ്ങൾക്കായി പ്രതിമാസം 1600 രൂപ വീതം സാമൂഹിക സുരക്ഷാ പെൻഷനായി നൽകുന്നുണ്ട്. മുൻകാലങ്ങളിൽ വർഷങ്ങളോളം മുടങ്ങി കിടന്ന പെൻഷനാണ് ഇന്ന് കൃത്യമായി നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നഷ്ടത്തിലെന്ന് മുദ്രചാർത്തപ്പെട്ട നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും പൂട്ടിപോകലിന്റെ വക്കിലെത്തിയ അനേകം സ്കൂളുകളുമാണ് ഇന്ന് സംസ്ഥാനത്ത് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നത്. എച്ച്.എൻ.എൽ., ഇ.എൽ.എൽ. പോലെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഇതിന് ഉദാഹരണമാണ്. 17 കാർഷിക വിളകൾക്ക് അടിസ്ഥാന വില നിശ്ചയിച്ചു നൽകിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്. രാജ്യത്ത് മറ്റൊരിടത്തും ഇല്ലാത്ത രീതിയിലാണ് കേരളം കർഷകരെ ചേർത്ത് പിടിക്കുന്നത്. റബറിന് കിലോയ്ക്ക് 300 രൂപ നൽകുന്നതുമായ്‌ ബന്ധപ്പെട്ട് സംസ്ഥാനത്ത് പല ചർച്ചകളും നടക്കുന്നുണ്ട്. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് പരമാവധി വില നൽകണം എന്ന് തന്നെയാണ് കേരളത്തിന്റെ ആവശ്യം. മറ്റൊരു സഹായവുമില്ലാതെ ഇതുവരെ റബർ കർഷകർക്ക് മാത്രമായി 1831 കോടി രൂപയാണ് സംസ്ഥാന സർക്കാർ നൽകിയതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. 

തീരദേശ മേഖല, റോഡ് നവീകരണം, ജലപാത നവീകരണം, നഗരവികസനം തുടങ്ങി എല്ലാ മേഖലകളിലും വിപ്ലവകരമായ മാറ്റമാണ് നടന്നിരിക്കുന്നത്. ഈ വികസന മുന്നേറ്റങ്ങളൊക്കെയും അക്കമിട്ട് പറയുന്നതാണ് എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ആലപ്പുഴയിൽ ബീച്ചിൽ സജ്ജീകരിച്ചിട്ടുള്ള ഓരോ സ്റ്റാളുമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ദേശീയപാത വികസനത്തിൽ ഇതുവരെയില്ലാത്ത വേഗതയാണ് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഉണ്ടായത്. കേരളത്തിലെ ഉയർന്ന ഭൂമി വില ചൂണ്ടികാട്ടി കഴിഞ്ഞ 27 വർഷങ്ങളായി നടപ്പാക്കാൻ മാത്രം ആലോചിച്ചിരുന്ന ഈ പദ്ധതി സംസ്ഥാന സർക്കാർ മുൻകൈ എടുത്തത് കൊണ്ട് മാത്രമാണ് ഇന്ന് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയിൽ ദേശീയ പാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പിനായി 25 ശതമാനം പണം സംസ്ഥാന സർക്കാരാണ് നൽകുന്നത്. ഇതിനായി 6500 കോടിയോളം രൂപയാണ് സംസ്ഥാന സർക്കാർ നൽകിയത്. 625 കി.മി. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനാണ് ഈ തുക നൽകിയത്. ഇതുകൊണ്ട് തന്നെ ഒരു ആശങ്കയും ഇല്ലാതെ സ്ഥലം ഏറ്റെടുപ്പ് പൂർത്തീകരിക്കാൻ സാധിച്ചു. ദേശിയ പാതയ്ക്ക് പുറമെ മലയോര ഹൈവെ നിർമാണം, നഗരങ്ങളിൽ റിംഗ്‌ റോഡുകളുടെ നിർമാണം, സ്റ്റേറ്റ് ഹൈവെകൾ, ഗ്രാമീണ റോഡുകൾ അടക്കമുള്ള മുഴുവൻ റോഡുകളും അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ച് പുനർനിർമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദേശിയ ജലപാത നവീകരണവുമായി ബന്ധപ്പെട്ട് 3000 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. 

ചടങ്ങിൽ എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയായി. എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, ദലീമ ജോജോ, എം.എസ്‌. അരുൺകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭാധ്യക്ഷ സൗമ്യ രാജ്, സംഘാടക സമിതി ചെയർപേഴ്സണായ ജില്ല കളക്ടർ ഹരിത വി. കുമാർ, നഗരസഭ കൗൺസിലർമാരായ പ്രഭ ശശികുമാർ, എൽജിൻ റിച്ചാർഡ്, ജില്ല പോലീസ് മേധാവി ചൈത്ര തെരേസ ജോൺ, പി.ആർ.ഡി. മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, സംഘാടക സമിതി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫീസർ കെ.എസ്‌. സുമേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.