30 September 2024, Monday
KSFE Galaxy Chits Banner 2

ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ എട്ട് ജീവപര്യന്തം തടവുകാര്‍ക്ക് ജാമ്യം

web desk
ന്യൂഡല്‍ഹി
April 21, 2023 4:52 pm

ഗുജറാത്ത് കലാപത്തിന്റെ മൂലകാരണമായ 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ ജീവപര്യന്തം തടവിന് വിധിച്ച എട്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കലാപത്തിനിടയിലുണ്ടായ നരോദ ഗാം കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ പ്രതികളെയും ഇന്നലെ അഹമ്മദാബാദ് പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

കുറ്റകൃത്യത്തിലെ പങ്കും തടവ് കാലയളവും കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഢ് അധ്യക്ഷനായ ബെഞ്ച് ഗോധ്ര ട്രെയിൻ തീവെപ്പ് കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഈ കേസില്‍ കൊലക്കുറ്റത്തിന് ശിക്ഷയനുഭവിക്കുന്ന നാല് പേരുടെ ജാമ്യം നിഷേധിച്ചു.

കേസിൽ പ്രതിചേർക്കപ്പെട്ട 31 പേരുടെ ജാമ്യഹരജികളാണ് ചീഫ് ജസ്റ്റിസിനുപുറമെ ജസ്റ്റിസ് പി എസ് നരസിംഹ, ജെ ബി പർധിവാല എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്ച പരിഗണിച്ചത്. ഇതിൽ 20 പേർക്ക് ഗുജറാത്തിലെ വിചാരണ കോടതി ജീവപര്യന്തം തടവ് വിധിച്ചത് ഗുജറാത്ത് ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇപ്പോൾ പ്രതികള്‍ക്ക് അനുകൂല വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

എന്നാൽ പ്രതികൾക്ക് ജാമ്യം നൽകിയ കോടതി വിധി പുനഃപരിശോധിക്കണമെന്നും കേസിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രതികൾക്ക് വധശിക്ഷ വിധിക്കണമെന്നും ഗുജറാത്ത് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിചാരണ വേളയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയാരുന്നു.

2002 ഫെബ്രുവരി 27ൽ ഗുജറാത്തിലെ ഗോധ്രയിൽ സബർമതി എക്സ്പ്രസിന്റെ എസ്-6 കോച്ചിലുണ്ടായ തീപിടുത്തത്തിൽ 59 ആളുകളാണ് കൊല്ലപ്പെട്ടത്. ട്രെയിന്‍ തീവയ്പ്പിനു പിറകെ നടന്ന ഗുജറാത്ത് വംശഹത്യയുടെ ഭാഗമായ നരോദ ഗാം കൂട്ടക്കൊലക്ക് നേതൃത്വം നൽകിയത് അന്നത്തെ നരേന്ദ്രമോഡി മന്ത്രിസഭയിലെ അംഗവും ബിജെപി നേതാവുമായ മായ കൊഡ്നാനി, ബജ്റംഗ്ദൾ നേതാവ് ബാബു ബജ്റംഗി തുടങ്ങിയ 68 പ്രതികളെയാണ് ഗുജറാത്തിലെ സ്പെഷ്യൽ കോടതി ഇന്നലെ വെറുതെവിട്ടത്.

Eng­lish Sam­mury: Bail for eight life con­victs in Godhra train arson case

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.