1 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 31, 2024
December 30, 2024
December 30, 2024
December 29, 2024
December 27, 2024
December 26, 2024
December 25, 2024
December 24, 2024
December 22, 2024

വ്യത്യസ്ത അഭിപ്രായമുള്ളവരോട് തർക്കമില്ല; പക്ഷെ ഞങ്ങൾ അവരെ നശിപ്പിക്കും

അജിത് കൊളാടി
വാക്ക്
April 23, 2023 4:45 am

”ഉത്കൃഷ്ടവും, ധാർമ്മികവും ആധ്യാത്മികവുമായതിന്റെയെല്ലാം മാതാവായ ഭാരത ഭൂമി, ഋഷിമാർ നടന്നതും ദേവതുല്യരായ മനുഷ്യർ ജീവിച്ചിരിക്കുന്നതുമായ ഈ നാട് മരിച്ചു പോകുമോ? ഭാരതം മരിച്ചാൽ ലോകത്തിലെ ആധ്യാത്മികതയെല്ലാം കെട്ടടങ്ങും. ധാർമ്മികതയുടെ തികവും കെട്ടടങ്ങും. ആദര്‍ശവാദമെല്ലാം പോയ് മറയും. പകരം കാമവും ആർഭാടവും, ദേവനും ദേവിയുമായി വാഴ്ച നടത്തും. പുരോഹിതർ വിത്തമായിരിക്കും, ചടങ്ങുകൾ കപടതയും കയ്യൂക്കും മത്സരവുമായിരിക്കും; ഹോമദ്രവ്യം മനുഷ്യാത്മാവും. ബലിയും, മുട്ടുകുത്തലും നമസ്കാരവും, പിറുപിറുക്കലും അല്ല മതം. അവയെല്ലാം നന്ന്, ധീരമായ പ്രവൃത്തികളിലേക്കും, ഉത്കൃഷ്ട സുന്ദരങ്ങളായ കർമ്മങ്ങളിലേക്കും നമ്മെ പ്രചോദിപ്പിക്കുമെങ്കിൽ. അങ്ങനെ പരമചൈതന്യത്തെ സാക്ഷാത്ക്കരിക്കുന്ന ചിന്തകളിലേക്ക് നമുക്ക് ഉയരാൻ കഴിയുമെങ്കിൽ; അല്ലെങ്കിൽ എല്ലാം വ്യർത്ഥം. നിസ്വാർത്ഥതയാണ് മതത്തിന്റെ സൂക്ഷ്മ പരീക്ഷ. കൂടുതൽ നിസ്വാർത്ഥൻ കൂടുതൽ ആധ്യാത്മികത്വമുള്ളവനാണ്. ഒരുവൻ സ്വാർത്ഥപരനാണെങ്കിൽ അവൻ ദേവാലയങ്ങളിൽ ചെന്ന് ആരാധന നടത്തിയേക്കാം, സകല തീർത്ഥങ്ങളും സന്ദർശിച്ചിരിക്കാം. എങ്കിലും ഈശ്വര ചൈതന്യത്തിൽ നിന്ന് അകന്നവനാണ് ” (വിവേകാനന്ദ വചനങ്ങൾ‑വിവേകാനന്ദസാഹിത്യ സംഗ്രഹം). ഇന്നത്തെ ഇന്ത്യയെ കാണുമ്പോൾ സ്വാമിജി പറഞ്ഞ വാക്കുകൾക്ക് പ്രസക്തി കൂടുന്നു. ഇവിടെ കപടതയും സ്വാർത്ഥതയും മാത്രം നിറഞ്ഞു നിൽക്കുന്നു. ഇവിടെ ഈശ്വരനെക്കാൾ ചെകുത്താനെ സ്മരിക്കുന്നവർ ആണ് കൂടുതൽ, ചെകുത്താൻ ഉണ്ടെങ്കിൽ. “ചിത്രം ജംബു ദ്വീപം, മനോഹരം മനുഷ്യാണാം ജീവിതം” എന്നു പറഞ്ഞുകൊണ്ടാണ് ബോധോദയത്തിനു ശേഷം ശ്രീബുദ്ധൻ ഇന്ത്യയുടെ ഹൃദയത്തിലൂടെ ഒരു ദ്വിതീയ ഗംഗ ഒഴുക്കിയത്.

ഇന്ത്യൻ സംസ്കാരത്തിന്റെ, ആത്മീയതയുടെ ഏറ്റവും മഹത്തായ വിജയം. അത് മനുഷ്യജീവിതത്തിന്റെ ക്ലാസുമുറിയിൽ വച്ച് അപഗ്രഥിക്കപ്പെടുന്ന ഭിന്നഭാവങ്ങളെ ഏതോ ഒരു അസാധാരണമായ ചിത്ത പ്രചോദനത്തിന്റെ, വെളിച്ചത്തിന്റെ മുമ്പിൽ വച്ച് സംയോജിപ്പിച്ചുകൊണ്ട് ജീവിതം ഇതാണ്, എന്നു പഠിപ്പിക്കുന്നു. ജീവിതമെന്നത് സമസ്ത അംഗുലികളും ചേർന്നുകൊണ്ട് പ്രവർത്തന സന്നദ്ധമായ മനുഷ്യഹസ്തം പോലെ നിൽക്കുന്ന ഒരു ഉദ്ഗ്രഥനത്തിന്റെ ഭാഗമാണ് എന്നാണ് ഭാരതീയ ചിന്ത പഠിപ്പിച്ചത്. അതുല്യമായ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങളാണ് മതങ്ങൾ പകർന്നു നൽകിയത്. ക്രിസ്തുദേവനും മുഹമ്മദ്നബിയും ശ്രീകൃഷ്ണനും ശ്രീരാമനും ബുദ്ധനും, ജൈനനും എല്ലാം ഉദ്ഘോഷിച്ചത് സ്നേഹവും സഹിഷ്ണുതയും ത്യാഗവും സാഹോദര്യവും. അയൽപക്കത്തുള്ളവരോടെല്ലാം വിശപ്പകറ്റിയോ എന്നു ചോദിച്ചതിനു ശേഷമേ ഭക്ഷണം കഴിക്കാവൂ എന്ന് നബി പറഞ്ഞു. ഒരപ്പം നൂറായി പകുത്തെടുത്ത് നൂറു പേരുടെ വിശപ്പകറ്റാൻ ക്രിസ്തുവും പറഞ്ഞു. കാരുണ്യത്തിന്റെ പാഠങ്ങൾ. എല്ലാ മതങ്ങളുടെയും പ്രവാചകന്മാരുടെയും സന്ദേശങ്ങളും പ്രവൃത്തികളും അനീതിക്കും അസമത്വത്തിനും അടിമത്തത്തിനും ചൂഷണത്തിനും എതിരായ പോരാട്ടങ്ങളുടെ ചരിത്രമാണ്. മതങ്ങൾ കാലക്രമേണ സംഘടിതങ്ങളായിത്തീരുകയും പൗരോഹിത്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്തപ്പോൾ പ്രവാചകരുടെ പാതയിൽ നിന്ന് അവ വ്യതിചലിച്ചു. ആചാരങ്ങൾ, അനാചാരങ്ങൾ, അധികാരത്തോടുള്ള ആസക്തി, സമ്പത്തിനോടുള്ള ഭ്രമം, അസമത്വം വളരണം എന്ന ചിന്ത, ഇവയെല്ലാം പൗരോഹിത്യവൃന്ദത്തിൽ കടന്നു കൂടി. വിഭാഗീയതയ്ക്കും, വിദ്വേഷത്തിനും, അസഹിഷ്ണുതയ്ക്കും, വഞ്ചനയ്ക്കും, സമ്പത്തിനു വേണ്ടിയുള്ള മത്സരത്തിനും അവരിൽ വലിയ ഒരു വിഭാഗം പ്രാമുഖ്യം നല്കി.


ഇതുകൂടി വായിക്കൂ: പാഠങ്ങൾ നീക്കിയാലും ചരിത്രം മായ്ക്കാനാവില്ല


വിശ്വാസികളുടെ മനസിൽ ദൈവത്തെക്കാൾ സ്ഥാനം പുരോഹിതർക്കായി. മതത്തിന്റെയോ വർണത്തിന്റെയോ അടിസ്ഥാനത്തിൽ രാഷ്ട്രം നയിക്കപ്പെടുന്നത് ഭയാനകമായ അപകടം വരുത്തിവയ്ക്കും. ആ ചിന്തയെ നയിക്കുന്നത് അടങ്ങാത്ത അധികാരക്കൊതിയാണ്. മതവും രാഷ്ട്രീയവും അന്യോന്യം സഹകരിച്ച്, സ്വാർത്ഥതാല്പര്യം മാത്രം സംരക്ഷിക്കാൻ മുന്നോട്ടു നീങ്ങുമ്പോൾ, അതുണ്ടാക്കുന്ന വിസ്ഫോടന ശക്തി മറ്റുള്ളതിനെയെല്ലാം നശിപ്പിക്കുന്നു. ജനാധിപത്യത്തെ, ബഹുസ്വരതയെ, സഹിഷ്ണുതയെ, വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്ന ജനതയെ എല്ലാം. മതത്തിന്റെ പേരിൽ ലോകാധിപത്യത്തിനു ശ്രമിച്ച ക്രിസ്തു മതവും, ഇസ്ലാം മതവും നൂറ്റാണ്ടുകൾ നീണ്ടു നിന്ന യുദ്ധങ്ങള്‍ക്ക് വഴിയൊരുക്കി. മനുഷ്യ സംസ്കാരത്തെ അതു നശിപ്പിച്ചു. ലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനാളുകൾ സ്വന്തം നാടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. ദാരിദ്ര്യം നടമാടി. ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരതയും, മനുഷ്യദുരന്തവും പൗരോഹിത്യ ഭരണാധികാരി സഖ്യം സംഭാവന ചെയ്തു. ഈശ്വരന്റെ തിരഞ്ഞെടുക്കപ്പെട്ട സന്തതികളാണ് തങ്ങൾ, എന്ന് ഉദ്ഘോഷിച്ചു കൊണ്ട് ആര്യന്മാരുടെ സാമ്രാജ്യം സൃഷ്ടിക്കാൻ ഹിറ്റ്ലർ ശ്രമിച്ചപ്പോൾ പിറന്നതാണ് നാസിസം. കോടിക്കണക്കിനു മനുഷ്യരെ, യുദ്ധഭൂമിയിൽ വച്ചും, കോൺസ‌െന്‍ട്രേഷൻ ക്യാമ്പിൽ വച്ചും കൊന്നൊടുക്കിയ ഹിറ്റ്ലറുടെ ബ്ലാക്ക് ഷർട്ട് ഗ്രൂപ്പുകളും മുസോളിനിയുടെ ബ്രൗൺ ഷർട്ട് പടയും പിൽക്കാലത്ത് ആർഎസ്എസിന് പ്രചോദനമായി. മുസോളിനി പറഞ്ഞത്, ‘അഭിപ്രായ വ്യത്യാസമുള്ളവരോട് തർക്കത്തിനില്ല, പക്ഷെ ഞങ്ങൾ അവരെ നശിപ്പിക്കും’ എന്നാണ്. ഇപ്പോൾ ഈ വാദം രാഷ്ട്രീയ‑മത പ്രസ്ഥാനങ്ങളില്‍ പ്രകടമാണ്, ജനാധിപത്യം പറയുന്ന പ്രസ്ഥാനങ്ങളിൽ പോലും. മതത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴച്ച് സാമ്രാജ്യത്വവും ഫാസിസവും അതിന്റെ കരുക്കൾ സമർത്ഥമായി നീക്കുന്നു. ഫാസിസം ഭയാനകമാണ്. അവരുടെ ആയുധം ഭീതി പരത്തലാണ്, ഭീഷണിപ്പെടുത്തലാണ്.

എല്ലാ മനുഷ്യരും ആത്യന്തികമായി ഒരു വ്യക്തി മാത്രമാണെന്ന മട്ടിൽ നോക്കിക്കാണുന്ന സമഗ്രാധിപത്യത്തിന്റെ വ്യവസ്ഥയായിട്ടാണ് പ്രസിദ്ധ ചിന്തകയായ ഹന്ന ആരെന്റ് അതിനെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ദുരന്തപൂർണമായ വിഭജനം രാഷ്ട്രീയത്തെയും മതത്തെയും സാമ്രാജ്യത്വം കൂട്ടിക്കുഴച്ചതിന്റെ ആത്യന്തിക ഫലമായിരുന്നു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കൊടിയ ദുരന്തങ്ങളിൽ ഒന്നായിരുന്നു വിഭജനം. ശേഷം നടന്ന ഗാന്ധി വധത്തിലൂടെ അനൈക്യത്തിന്റെ, അസഹിഷ്ണുതയുടെ, വിദ്വേഷത്തിന്റെ, പരസ്പരം വിശ്വാസമില്ലായ്മയുടെ രാഷ്ട്രീയം വളർത്തി ഹിന്ദുത്വ ശക്തികൾ. ഹിന്ദു രാഷ്ട്ര സങ്കല്പം യാഥാർത്ഥ്യവൽക്കരിക്കുന്നതിന് ഗാന്ധിജിയുടെ നിലനില്പ് തടസമാണ് എന്നാണ് ഗോഡ്സെ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഗാന്ധിവധത്തിൽ തനിക്ക് ഒരു കുറ്റബോധമില്ല എന്നു മാത്രമല്ല, ഒരു വലിയ ശരി ചെയ്തു എന്ന സംതൃപ്തി ലഭിച്ചു എന്നും കൂട്ടിച്ചേർത്തു. ഗാന്ധിവധത്തോടു കൂടി ഹിന്ദുത്വ വാദികൾ, ഇവിടെ അസഹിഷ്ണതയുടെയും, അപരന്മാരെ സൃഷ്ടിക്കുന്നതിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വ്യാപരിപ്പിക്കാൻ നിരന്തരം ശ്രമം തുടങ്ങി. അധികാരം മാത്രം ലക്ഷ്യമായി കൊണ്ടു നടക്കുന്ന രാഷ്ട്രീയ നേതൃത്വവും, സമ്പത്ത് ലക്ഷ്യമിടുന്ന പൗരോഹിത്യവും മതമൗലികവാദ ശക്തികൾക്ക് പിന്തുണ നല്കുന്ന കാഴ്ച നാം കാണുന്നു. വിശ്വവിഖ്യാത തത്വചിന്തകൻ വാൾട്ടയർ പറഞ്ഞത് “മനുഷ്യത്വത്തിനെതിരെ നിത്യ ഗൂഢാലോചനയിൽ ഏർപ്പെട്ടവരാണ് രാഷ്ട്രീയ നേതൃത്വവും പൗരോഹിത്യവും. അവർ എന്നോ, തീരുമാനിച്ചിട്ടുണ്ട്, നിങ്ങളുടെ ലൗകിക ജീവിതത്തിന്റെ മേധാശക്തി രാഷ്ട്രീയ നേതൃത്വമാണ്, ആന്തരിക ജീവിതത്തിന്റെ അധികാരി പുരോഹിതനുമാണ് എന്ന് “. പതിനെട്ടാം നൂറ്റാണ്ടിൽ അദ്ദേഹം പറഞ്ഞ കാര്യമാണ് ഇന്ന് കാണുന്നത്. ഇന്നത്തെ കലുഷിതമായ കാലത്ത് ഉയരേണ്ട ചോദ്യങ്ങൾ ഇതാണ്. നിങ്ങൾ നിങ്ങളുടെ സഹജീവികളെ സ്നേഹിക്കുന്നുണ്ടോ? നിങ്ങൾ ഈശ്വരനെ തേടി എവിടേക്കു പോകുന്നു? ദീനരും ദരിദ്രരും വ്യഥിതരും ക്ഷീണിതരുമായ മനുഷ്യർ ഈശ്വരന്മാരല്ലേ? ആദ്യം എന്തുകൊണ്ട് അവരെ പൂജിച്ചുകൂടാ? എങ്ങനെ സാമൂഹ്യ സാമ്പത്തിക അസമത്വം ക്രമാതീതമായി വർധിക്കുന്നു? എല്ലാവർക്കും മനുഷ്യരായി തലയുയർത്തി പിടിച്ചു ജീവിക്കാൻ സാധിക്കുന്നുണ്ടോ? ഇതിനൊന്നും ഉത്തരം ഭരണാധികാരി-പൗരോഹിത്യ സഖ്യത്തിനില്ല. രാഷ്ട്രീയ നേതൃത്വത്തിനു താല്പര്യം വിശേഷ ദിനങ്ങളിൽ പുരോഹിത ഭവനങ്ങൾ സന്ദർശിക്കാനും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും സമ്മാനങ്ങൾ കൈമാറാനും ഇഫ്താർ വിരുന്നുകൾ നടത്താനുമാണ്. ഇതെല്ലാം കപടതയാണ്.


ഇതുകൂടി വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


ഉത്തരേന്ത്യയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കുനേരെ അക്രമണം അഴിച്ചുവിടുന്ന സംഘ്പരിവാർ പുരോഹിതരെ ഉപദ്രവിക്കുന്നു. മുസ്ലിം ദേവാലയങ്ങൾ തകർക്കുന്നു. ഭക്ഷണം, വേഷം എന്നിവയുടെയൊക്കെ പേരിൽ ആക്രമണങ്ങൾ നടത്തുന്നു. വർഗീയ വിഭജനത്തിലൂടെ സിംഹാസനങ്ങൾ ഉറപ്പിക്കാൻ ആയുധമുണ്ടാക്കുന്നു അവർ. മതമേലധ്യക്ഷന്മാർ, കുന്നുകൂട്ടിയ സ്വത്ത് സംരക്ഷിക്കാൻ ഫാസിസ്റ്റ് നേതൃത്യത്തിനു മുമ്പിൽ മുട്ടുമടക്കുന്നു. അധികാരം നിലനിർത്താൻ ഭരിക്കുന്നവർ മതമേലാളന്മാരുമായി കൈകോർക്കുന്നു. പക്ഷെ ഭക്തജനങ്ങൾക്കിത് മനസിലാവില്ല. സാധാരണക്കാർക്കാണ് ഓരോ കലാപത്തിലും സമ്പത്തും ജീവനും നഷ്ടപ്പെടുന്നത്. മതത്തിന്റെ ഉന്നത ശൃംഖങ്ങളിൽ വിരാജിക്കുന്നവർക്ക് ഇന്നുവരെ ഒരു നഷ്ടവുമുണ്ടായിട്ടില്ല. അവർ വിശ്വാസികളുടെ മനസിന്റെ ദൗർബല്യം ചൂഷണം ചെയ്യുന്നു. പുരോഗമന ആശയങ്ങളിലൂടെ മാനവികതയുടെ കാഹളം മുഴക്കി, മനുഷ്യ മോചനത്തിന്റെ പന്ഥാവ് വെട്ടി തെളിയിച്ച കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കേരളത്തിൽ ഇതേ പൗരോഹിത്യം തന്നെയാണ് വിമോചന സമരവുമായി മുന്നോട്ടു വന്നത്. കമ്മ്യൂണിസ്റ്റ് സർക്കാർ ജനങ്ങൾക്കാണ് പ്രാമുഖ്യം കൊടുത്തത്, മാനവികതയ്ക്കും സമത്വത്തിനുമാണ്. എതിർശക്തികൾ പ്രാമുഖ്യം കൊടുത്തത് സമ്പത്തിനും ചൂഷണത്തിനും. ന്യൂനപക്ഷങ്ങൾക്കെതിരെ എന്നും ദ്രോഹകരമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള സംഘ്പരിവാർ ഇന്ന് കേരളത്തിലും ക്രൈസ്തവ, മുസ്ലിം ഭവനങ്ങളിലേക്ക് സൗഹൃദ സന്ദർശനം നടത്തുന്നു. അവർ തന്നെയാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും വിദേശികളാണെന്ന് സ്വന്തം ഗ്രന്ഥത്തിൽ എഴുതി വച്ചത്. ഉത്തരേന്ത്യയിലും, മധ്യ ഇന്ത്യയിലും ന്യൂനപക്ഷ, ദളിത്, ആദിവാസ ദ്രോഹം നിത്യസ്വഭാവമാക്കിയ ഇവർ തന്നെയാണ്, മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൾ തകർത്തുകൊണ്ട് ഉന്മാദ നൃത്തം ആടിയത്. ഇന്ത്യ എന്നാൽ ബഹുസ്വരതയാണ്. കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി പ്രവാചകന്റെ കാലത്തുണ്ടായതാണ്. അന്ന് ഇന്ത്യയിൽ മുസ്ലിം ഭരണം ഉണ്ടായിരുന്നില്ല. അറബി മലയാളം എന്ന ഒരു ഭാഷാഭേദം തന്നെയുണ്ട്. രാമനും റഹീമും കവി കബീറിന് ഒന്നു തന്നെയായിരുന്നു.

“രാമന്റെ ഉണ്മ തന്നെ ഹിന്ദുസ്ഥാന്റെ അഭിമാനമാണ്. ദർശന ശേഷിയുള്ളവർ അവനെ ഹിന്ദുസ്ഥാന്റെ ഇമാമായി ആദരിക്കുന്നു” ഇതെഴുതിയത് കവി ഇക്ബാൽ. കുച്ചുപ്പുടി നൃത്തത്തിന് പേരുകേട്ട ആന്ധ്രയിലെ കുച്ചുപ്പുടി ഗ്രാമം സ്ഥാപിച്ചത് ഇബ്രാഹിം കുത്തുബ്നയാണ്. മുസ്ലിം ഭരണാധികാരികൾ പാട്ടും നൃത്തവും ചിത്രകലയും ഉൾപ്പെടെ എല്ലാ കലകളും പ്രോത്സാഹിപ്പിച്ചിരുന്നു. മുഗൾ ഭരണകാലഘട്ടത്തിലെ കലാ സാഹിത്യ സാംസ്കാരിക മുന്നേറ്റം മനോഹരമാണ്. മുഗൾ ഭരണകാലഘട്ടമില്ലാത്ത ചരിത്രം ഇന്ത്യാ ചരിത്രമാകില്ല. അജ്മീരിലെ മൊയ്നുദ്ദീൻ ചിഷ്ത്തിയുടെയും, ഔറംഗബാദിലെ ഷാ ഷരീഫിന്റെയും ദർഗകൾ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു. രാജസ്ഥാനിലെ ഗംഗാനഗറിലെ ഗോഗാ മേർഹി അമ്പലത്തിന്റെ പടിക്കൽ ‘അള്ളാഹുവിന് സ്തുതി’ എന്ന് അറബി ഭാഷയിൽ എഴുതിവച്ചിരിക്കുന്നു. വാവര് സ്വാമിയെ തൊഴുതിട്ട് വേണം ശബരിമല സന്നിധാനത്തിലെത്താൻ. മീരാ ഭജനങ്ങളും സൂഫി കവിതകളും ജയ്സൽമേരിൽ ഒന്നിച്ച് ആലപിക്കുന്നു. കശ്മീരിലെ സൂഫി പുണ്യാളന്മാർ ‘ഋഷികൾ’ എന്നാണ് അറിയപ്പെട്ടത്. ക്രൈസ്തവ മിഷണറിമാരുടെ പ്രവർത്തനമാണ് വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചത്. ഇവിടത്തെ ആദ്യ നിഘണ്ടു തന്നെ അവരുടെ സൃഷ്ടിയാണ്. ഈ ബഹുസ്വരതയാണ് നാടിന് ആവശ്യം. അതറിയാത്ത ഫാസിസ്റ്റുകൾ ഇന്ത്യയെ ഏകമത രാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. തിയോക്രാറ്റിക്ക് സ്റ്റേറ്റ് സ്ഥാപിക്കാനാണ് അവരുടെ ശ്രമം. സർവാധിപത്യമുള്ള ഈ ഭരണത്തിന്റെ ഇരകൾ ദരിദ്രർ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദളിതർ, ആദിവാസികൾ, സ്വതന്ത്ര ചിന്തകർ, എഴുത്തുകാർ, കലാകാരന്മാർ, വ്യത്യസ്ത അഭിപ്രായം പറയുന്നവർ എന്നിവരാണ്. വ്യത്യസ്ത അഭിപ്രായം പറയുക തന്നെ വേണം. ജനാധിപത്യത്തിന്റെ ശബ്ദം എത്ര ദുർബലമാണെങ്കിലും പറഞ്ഞുകൊണ്ടിരിക്ക തന്നെ വേണം. ഫാസിസം പരാജയപ്പെട്ടേ പറ്റൂ. ഫാസിസമെന്നാല്‍ ജീവിത വിരുദ്ധവും സ്വാതന്ത്ര്യത്തിന്റെയും ഭാവനയുടെയും ഇച്ഛയുടെയും മരണവുമാണ്. ചൈതന്യവത്തായ സംസ്കാരത്തെ ഇല്ലാതെയാക്കാൻ ഫാസിസ്റ്റുകൾ ബുൾഡോസറുകൾ, ചരിത്രത്തിലേക്ക് ഇരമ്പിക്കയറ്റുന്നു. മാനവിക മൂല്യങ്ങളുടെയും ഐക്യത്തിന്റെയും ഹൃദയത്തിലേക്കാണ് അവ ഇരമ്പുന്നത്. അതിനെ പ്രതിരോധിക്കാൻ ചരിത്രം പഠിച്ച്, ആശയസമരം നടത്തി മുന്നേറിയേ പറ്റൂ. വൈവിധ്യമാണ് ശക്തി എന്ന് തെളിയിക്കാൻ മനുഷ്യശക്തിക്കേ സാധിക്കൂ.

TOP NEWS

January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.