വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് ഭീഷണിക്ക് ബദലായി ജൈവവിഘടനം സാധ്യമാകുന്ന പ്ലാസ്റ്റിക്കെന്ന തരത്തിലുള്ള പ്രചാരണം വെറും പൊള്ളയാണെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്. ഇത്തരത്തില്‍ ചില പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍ നടത്തുന്ന അവകാശവാദങ്ങള്‍ക്കെതിരെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും ‘ബിസ്’ മുന്നറിയിപ്പ് നല്‍കുന്നു.
സ്റ്റാര്‍ച്ച്, സെല്ലുലോസ്, പ്രോട്ടീന്‍, ഓര്‍ഗാനിക് തുടങ്ങിയവ ഉപയോഗിച്ച് ജൈവവിഘടനം സാധ്യമാകുന്ന പ്ലാസ്റ്റിക് ഉല്‍പാദിപ്പിക്കാനാണ് ഗവേഷണം നടന്നുവരുന്നത്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒന്നുംതന്നെ പൂര്‍ണമായും ജൈവവിഘടനം സാധ്യമാകുന്ന തരത്തിലുള്ളതല്ല. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജിയില്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് നിര്‍മ്മിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും അവയൊന്നും നൂറുശതമാനം വിജയം കൈവരിച്ചിട്ടില്ല. ലോകമെങ്ങും ഇത് സംബന്ധിച്ച ഗവേഷണം പുരോഗമിക്കുന്നുണ്ട്.
കമ്പോസ്റ്റബിള്‍ (അഴുകുന്ന) ഇനത്തില്‍പെടുത്തി ചില പ്ലാസ്റ്റിക് നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ സര്‍ട്ടിഫിക്കേഷന്‍ അവര്‍ ദുരുപയോഗം ചെയ്യുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഉല്‍പന്നങ്ങള്‍ ബയോഡീഗ്രേഡബിള്‍ എന്ന തരത്തില്‍ പരസ്യപ്പെടുത്തി വിതരണം നടത്തുന്നത് ‘ബിസി‘ന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഉയര്‍ന്ന ഊഷ്മാവില്‍ ഘടകങ്ങളായി വേര്‍തിരിക്കാന്‍ കഴിയുന്ന ഗണത്തിലുള്ളവയാണ് കമ്പോസ്റ്റബിള്‍ ഉല്‍പന്നങ്ങള്‍. ഇവയില്‍ പലതും ബയോഡീഗ്രേഡബിള്‍ എന്ന് മുദ്ര കുത്തി വിറ്റഴിക്കുകയാണ്. ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ സര്‍ട്ടിഫൈ ചെയ്യേണ്ടത് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡും പരിസ്ഥിതിമന്ത്രാലയവുമാണ്. ചില ഉല്‍പന്നങ്ങള്‍ക്ക് ഇവര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ പുനഃപരിശോധിക്കണമെന്നും ‘ബിസ്’ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടേയും വ്യാവസായിക ഉല്‍പ്പന്നങ്ങളുടെയും ക്രമവല്‍ക്കരണത്തിനുവേണ്ടി പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്‍ കീഴില്‍ 2016ല്‍ രൂപീകരിക്കപ്പെട്ടതാണ് ബ്യൂറോ ഓഫ് ഇന്‍ഡ്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്. ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ കീഴിലാണ് ‘ബിസ്’ പ്രവര്‍ത്തിക്കുന്നത്. മുമ്പ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഐഎസ്ഐ) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
English Summary: Biodegradable plastic is not produced in India, says ‘Biz’
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.