4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

December 31, 2024
December 30, 2024
December 29, 2024
December 28, 2024
December 27, 2024
December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024

സിപിഐ അതിന്റെ ചരിത്രദൗത്യം നിറവേറ്റും

ഡി രാജ
April 24, 2023 4:00 am

രാജ്യത്തിന്റെ ദേശീയമുന്നേറ്റത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി വഹിച്ചതും നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നതുമായ ചരിത്രപരമായ പങ്കിനെക്കുറിച്ച് ജനങ്ങൾക്കറിയാം. 1925ൽ കാൺപൂരിൽ നടന്ന സിപിഐയുടെ ആദ്യ സമ്മേളനത്തിന് മുമ്പുതന്നെ, തൊഴിലാളിവർഗങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ സഖാക്കൾ സജീവമായി പ്രവർത്തിക്കുകയും അവരെ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ലാലാ ലജ്പത് റായ്, ജവഹർലാൽ നെഹ്രു, ദേശ്ബന്ധു ചിത്തരഞ്ജൻ ദാസ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ കീഴിൽ 1920ൽ തന്നെ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ (എഐടിയുസി) കുടക്കീഴിൽ ഇന്ത്യയിലെ തൊഴിലാളികളെ കൊണ്ടുവരുന്നതിലും കമ്മ്യൂണിസ്റ്റുകൾ പ്രധാന പങ്കുവഹിച്ചു. റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ, കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രസക്തിയും വീര്യവും ബ്രിട്ടീഷ് ഭരണാധികാരികളെ അസ്വസ്ഥരാക്കി. അവർ സിപിഐ രൂപീകരിക്കുന്നതിന് മുമ്പ് തന്നെ അന്നത്തെ സഖാക്കൾക്കെതിരെ അടിച്ചമർത്തൽ തുടങ്ങി. കാൺപൂർ ഗൂഢാലോചന കേസിൽ എസ് എ ഡാങ്കെ, ശിങ്കാരവേലു ചെട്ടിയാർ, മുസാഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി തുടങ്ങി രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏതാണ്ട് മുഴുവൻ നേതൃത്വത്തെയും അറസ്റ്റ് ചെയ്തു. പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ബോധ്യവും ദേശസ്നേഹവും ജനങ്ങൾക്ക് മുന്നിൽ പ്രകടിപ്പിക്കാനും കമ്മ്യൂണിസത്തെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മോചനമാർഗമാക്കി മാറ്റാനും കഴിഞ്ഞത് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി.

കാൺപൂർ സംഭവത്തിനു പിന്നാലെ കമ്മ്യൂണിസ്റ്റുകാരെ തങ്ങൾ ഇല്ലാതാക്കിയെന്ന് പ്രഖ്യാപിക്കാൻ ബ്രിട്ടീഷ് ഭരണാധികാരികൾ തിടുക്കം കൂട്ടി. പക്ഷേ, അവരുടെ ജയിലുകളും പീഡനങ്ങളും ധീര സഖാക്കളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുകയാണെന്ന് അവർ അറിഞ്ഞില്ല. 1925 ഡിസംബർ 26ന് ചേര്‍ന്ന ചരിത്ര സമ്മേളനം രാജ്യമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റ് ഘടകങ്ങളെ ഒന്നിപ്പിച്ച് ഒരു സംഘടനയ്ക്ക് ജന്മം നൽകി. ദരിദ്രരുടെയും അധ്വാനിക്കുന്നവരുടെയും പാർട്ടി ഉയർന്നുവന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നമനത്തിനായുള്ള ത്യാഗങ്ങളിലൂടെയും ശക്തമായ ഇടപെടലിലൂടെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചെങ്കൊടി അന്ന് മുതൽ ഉയർന്ന് തന്നെ പറന്നു. സ്വാതന്ത്ര്യസമരത്തിൽ സജീവമാകുകയും കാർഷിക പരിഷ്കരണങ്ങൾ, തൊഴിൽ അവകാശങ്ങൾ, പൊതുമേഖല, സോഷ്യലിസം എന്നിവയെ മുൻനിരയിലേക്ക് കൊണ്ടുവരികയും ചെയ്തു. കർഷകർക്കായി അഖിലേന്ത്യാ കിസാൻ സഭ (എഐകെഎസ്), വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ സ്റ്റുഡന്റ്സ് ഫെഡറേഷൻ (എഐഎസ്എഫ്), പുരോഗമന എഴുത്തുകാരുടെ സംഘടന (പിഡബ്ല്യുഎ), ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ (ഇപ്റ്റ) വഴി കലാകാരന്മാരുടെ സംഘടന എന്നിവയ്ക്ക് നേതൃത്വം നല്കി. ജവഹർലാൽ നെഹ്രുവിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസിനുള്ളിലെ പുരോഗമന ധാരകൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലും എഐസിസിയിലും ശക്തിപ്പെട്ടു.


ഇതുകൂടി വായിക്കൂ: ഫാസിസത്തിന്റെ കാലൊച്ച പടിവാതിലില്‍


സ്വാതന്ത്ര്യം നേടിയ ശേഷവും ഇന്ത്യൻ ജനതയുടെ ദുരിതങ്ങൾ ഏറെയായിരുന്നു. ദാരിദ്ര്യം, നിരക്ഷരത, അസമത്വം, രോഗം, ജാതിയുടെയും ലിംഗഭേദത്തിന്റെയും തടസങ്ങൾ എന്നിവ സമൂഹത്തെ ബാധിച്ചു. സിപിഐ ഇവയ്ക്കെതിരെ പോരാടുകയും ജനങ്ങൾക്ക് വിജയം നേടിക്കൊടുക്കുകയും ചെയ്തു. കർഷകരുടെ തെലങ്കാന കലാപം, ബംഗാളിലെ തേഭാഗ സമരം, പുന്നപ്ര വയലാര്‍ തുടങ്ങിയവ നാടുവാഴിത്തത്തിനും ഭൂമിയുടെ അവകാശം നേടിയെടുക്കാനും നടത്തിയ ശ്രമങ്ങളിലെ വിജയങ്ങളാണ്. കന്യാകുമാരി മുതൽ കശ്മീർ വരെയും പഞ്ചാബ് മുതൽ വടക്കുകിഴക്ക് വരെയും ജനങ്ങളെ സംഘടിപ്പിച്ച് മെച്ചപ്പെട്ട ഇന്ത്യക്കുവേണ്ടിയുള്ള പോരാട്ടത്തിന് സിപിഐ നേതൃത്വം നൽകി. ജനങ്ങൾ പാർട്ടിയോടും സ്നേഹം ചൊരിഞ്ഞതോടെ ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ പാർട്ടിയായും സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കുന്ന ആദ്യത്തെ കോൺഗ്രസിതര പാർട്ടിയായും സിപിഐ മാറി. സമരങ്ങളിലൂടെ ജനഹൃദയങ്ങളിൽ പാർട്ടി നേടിയ സ്ഥാനം തെളിയിക്കുന്നതാണ്, ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്രുവിനെക്കാൾ കൂടുതൽ വോട്ട് സിപിഐയിലെ രവിനാരായണ റെഡ്ഡി നേടിയെന്നത്. രാജ്യത്തെ പാർലമെന്ററി ജനാധിപത്യത്തിന്റെ ചട്ടക്കൂടിൽ പ്രവർത്തിക്കുന്ന സിപിഐ പാർലമെന്റിനെയും നിയമസഭകളെയും ബഹുജനങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്നതിൽ മികവ് പുലർത്തി. സിപിഐയിൽ നിന്നുള്ള മികച്ച പാർലമെന്റേറിയൻമാരും നിയമസഭാംഗങ്ങളും തങ്ങളുടെ സ്ഥാനം ജനസേവനത്തിനായി ഉപയോഗപ്പെടുത്തി.

ഖാലിസ്ഥാനി കലാപകാലത്ത്, രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ശ്രമിച്ച നിരവധി സഖാക്കളെയാണ് സിപിഐക്ക് നഷ്ടപ്പെട്ടത്. ബാബറി മസ്ജിദ് തകർത്തതിന് ശേഷമുള്ള അന്തരീക്ഷത്തിൽ വർഗീയ ശക്തികളോട് പാര്‍ട്ടി പോരാടി. സാമൂഹിക പരിഷ്കരണത്തിനും ജാതി ഉന്മൂലനത്തിനും വേണ്ടി പ്രവർത്തിക്കുകയും രാജ്യത്തെ സ്ത്രീ പ്രാതിനിധ്യം ഉയർത്തുന്നതിൽ വിജയിക്കുകയും ചെയ്തു. വർത്തമാനകാലത്തും വർഗീയതയ്ക്കും ചങ്ങാത്ത മുതലാളിത്തത്തിനുമെതിരെയും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കുന്നതിനുമുള്ള പോരാട്ടങ്ങളിൽ സിപിഐ മുൻനിരയിൽ തുടരുന്നു. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സങ്കുചിതവും സാങ്കേതികവുമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ സിപിഐയുടെ ദേശീയ പാർട്ടി പദവി എടുത്തുകളഞ്ഞു. എന്നാൽ അധ്വാനിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ സിപിഐക്കുള്ള സ്ഥാനം ഇസിഐയുടെ അംഗീകാരത്തെ ആശ്രയിച്ചുള്ളതല്ല. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി, സോഷ്യലിസം എന്നിവ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് പിന്തുണയുമായി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാർട്ടി സജീവമായി തുടരുകയാണ്. സാങ്കേതികമായി പാർട്ടിയുടെ ദേശീയ പദവി പ്രധാനമാണ്. പക്ഷേ, ഇന്ത്യയിലെ ജനങ്ങൾക്ക് പാർട്ടിയെ പ്രിയപ്പെട്ടതാക്കിയത് ഇസിഐയുടെ സർട്ടിഫിക്കറ്റല്ല, മറിച്ച് നിരാലംബർക്ക് വേണ്ടിയുള്ള പോരാട്ടങ്ങളാണ്. പൂർവികരുടെ രക്തവും വിയർപ്പും കൊണ്ട് രചിക്കപ്പെട്ട മഹത്തായ ഭൂതകാലത്തിലെ, ജനങ്ങൾക്കൊപ്പം നിൽക്കാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി പോരാടാനുമുള്ള പാരമ്പര്യം വർധിച്ച കാഠിന്യത്തോടെ നാം തുടരണം. മതനിരപേക്ഷത, സാമൂഹിക നീതി, ക്ഷേമ രാഷ്ട്രം എന്നിവയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് നേരെ അഭൂതപൂർവമായ ആക്രമണം നടക്കുമ്പോൾ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെങ്കൊടിക്ക് കീഴിൽ കൂടുതൽ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ: കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ: നവയുഗാരംഭം


പാർട്ടിയെയും അതിന്റെ ബഹുജന-വർഗ സംഘടനകളെയും ശക്തിപ്പെടുത്തുക, ഒപ്പം ഭരണഘടനയെയും ഇന്ത്യയിലെ ജനങ്ങളെയും സംരക്ഷിക്കുന്ന മുന്നണി പ്രവർത്തകരായി ആർഎസ്എസ്-ബിജെപിയെ പരാജയപ്പെടുത്തുന്നതിൽ മികച്ച സംഭാവന നൽകുക എന്നതാണ് നമ്മുടെ പ്രാഥമിക ദൗത്യം. ആർഎസ്എസ്-ബിജെപി സംഘം ഫാസിസത്തിന്റെ പാതയിലേക്ക് രാജ്യത്തെ കൊണ്ടുപോകുകയും അതിന്റെ സമ്പന്നമായ വൈവിധ്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. രൂപീകരണം മുതൽ ജനാധിപത്യവിരുദ്ധ സ്വഭാവമുള്ളവരും ഏത് വിമർശനവും വിയോജിപ്പും ദേശവിരുദ്ധമാണെന്ന് മുദ്രകുത്താൻ ശ്രമിക്കുന്നവരുമാണവർ. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റുകളുടെ കാര്യത്തിൽ. ഏതാനും മാസം മുമ്പ് പ്രധാനമന്ത്രി തന്നെ കമ്മ്യൂണിസ്റ്റുകാരെ ലക്ഷ്യമിട്ട് ഇത് അപകടകരമായ പ്രത്യയശാസ്ത്രമാണെന്ന് പ്രഖ്യാപിച്ചു. തങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ വെല്ലുവിളി ഇടതുപക്ഷത്തുനിന്നു മാത്രമേ ഉണ്ടാകൂ എന്ന് പ്രധാനമന്ത്രിയും ആർഎസ്എസും മനസിലാക്കുന്നു. ജനപക്ഷവും സമത്വവും മതേതരവും സാമൂഹിക നീതി ഉയർത്തിപ്പിടിക്കുന്നതുമായ ഒരു ബദൽ കാഴ്ചപ്പാട് കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ പുലർത്താൻ കഴിയൂ. സ്വാതന്ത്ര്യ സമരത്തിലൂടെ പൈതൃകമായി ലഭിച്ചതും പിന്നീട് കെട്ടിപ്പടുത്തതുമായ എല്ലാം ആർഎസ്എസ് എങ്ങനെ നശിപ്പിക്കുന്നുവെന്നും അവരുടെ വിഭജന അജണ്ടയിൽ നിന്ന് സമൂഹത്തെ ശുദ്ധീകരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ പ്രത്യയശാസ്ത്രപരമായി പ്രാപ്തിയുള്ളൂവെന്നും നാം ജനങ്ങളെ അറിയിക്കണം. ഒരുമിച്ച് നീങ്ങുകയും ഒരുമിച്ച് പോരാടുകയും ചെയ്താൽ, ബദൽ അജണ്ടയുമായി ജനങ്ങളിലേക്കെത്താൻ കഴിഞ്ഞാൽ, അവരുടെ സങ്കടങ്ങളിൽ അവരോടൊപ്പം നിൽക്കുകയും അവരുടെ ജീവിതം മെച്ചപ്പെടുത്താൻ പോരാടുകയും ചെയ്താൽ, നമുക്ക് ദേശീയ പദവി വളരെ വേഗം തിരികെ ലഭിക്കും. കമ്മ്യൂണിസ്റ്റുകൾ എന്ന നിലയിലുള്ള നമ്മുടെ പ്രാഥമിക കടമ, ജനങ്ങളിലേക്കെത്താനും അവരെ ശ്രദ്ധിക്കാനും സഹായിക്കാനും അവരുടെ ജീവിതനില ഉയർത്താനും നമ്മുടെ ഊർജം വിനിയോഗിക്കുക എന്നതാണ്. കൊളോണിയൽ ഭരണത്തിൽ നിന്നും രാഷ്ട്രത്തിന്റെ മോചനത്തിനായി സിപിഐ പോരാടി. ബിജെപി രാജിൽ നിന്നും ചങ്ങാത്ത മുതലാളിത്തത്തിൽ നിന്നും വർഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്നും രാഷ്ട്രത്തിന്റെ മോചനത്തിനായുള്ള പോരാട്ടം പാർട്ടി തുടരും. സമരകാലത്ത് ജയിലിലാകാം അല്ലെങ്കിൽ കൊല്ലപ്പെടാം, പക്ഷേ കമ്മ്യൂണിസ്റ്റുകളെ ഒരിക്കലും പരാജയപ്പെടുത്താനാവില്ല. പോരാട്ടം തുടരേണ്ടതുണ്ട്.

TOP NEWS

January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025
January 4, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.